അമേരിക്കയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കമല ഹാരിസ് കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് മതിയായ പിന്തുണ കിട്ടാതെ ആ ശ്രമം അവസാനിച്ചു. ഡിസംബറിലായിരുന്നു അത്. അപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ഒരു വ്യക്തിയുണ്ട്; ഡഗ്ളസ് എംഹോഫ്. കമലയുടെ എല്ലാമെല്ലാമായ ഭര്‍ത്താവ്. അന്ന് അദ്ദേഹം ആഘോഷിച്ചത് സമൂഹമാധ്യമത്തില്‍ കറുപ്പിലും വെളുപ്പിലുമുള്ള ഒരു ചിത്രം പ്രസിദ്ധീകരിച്ചുകൊണ്ടാണ്. ചിരിച്ചുകൊണ്ട് ഒരു കസേരയില്‍ ഇരിക്കുന്ന എംഹോഫ്. അദ്ദേഹത്തിന്റെ കൈകള്‍ കമലയെ ചുറ്റിപ്പിടിച്ചിട്ടുണ്ട്. രണ്ടുപേരും ചിരിക്കുകയാണ്. എനിക്കു നിന്നെ കിട്ടിയിരിക്കുന്നു എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. എന്നത്തെയും പോലെ ഇന്നും എന്നു കൂട്ടിച്ചേര്‍ത്തതിനൊപ്പം ഹൃദയത്തിന്റെ ഇമോജിയും.

എംഹോഫ് എന്ന ഭര്‍ത്താവിന് ഭാര്യ കമല ഹാരിസിനോടുള്ള സ്നേഹത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു ആ ചിത്രവും അതിനോടൊപ്പമുള്ള അടിക്കുറിപ്പും. അതിനു മുന്‍പ് ഒരിക്കല്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണയോഗത്തില്‍ ഒരു പ്രതിഷേധക്കാരന്‍ സ്റ്റേജില്‍ ചാടിക്കയറി കമലയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. പെട്ടെന്നുതന്നെ സ്റ്റേജില്‍ ചാടിക്കയറി അക്രമിയെ കീഴ്പ്പെടുത്തിയതും എംഹോഫ്  തന്നെ. അദ്ദേഹത്തിന്റെ മുഖത്തു നോക്കിയാല്‍ അപ്പോള്‍ അദ്ദേഹം പറയുന്നതായി തോന്നുമായിരുന്നു: എനിക്കു നിന്നെ കിട്ടിയിരിക്കുന്നു. എന്നത്തെയും പോലെ..എന്ന്.

ഡമോക്രാറ്റിക് പാര്‍ട്ടിക്കുവേണ്ടി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ജോ ബൈഡന്റെ ഭാര്യയുടെ പേര് ജില്‍. അവരുടെ വിവാഹം കഴിഞ്ഞിട്ടു 40 വര്‍ഷത്തിലധികമായി. മുന്‍പ് ഒട്ടേറെത്തവണ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അവരിരുവരും ഒരുമിച്ചു പങ്കെടുത്തിട്ടുമുണ്ട്. എന്നാല്‍  അവരെപ്പോലെയല്ല എംഹോഫും കമലയും. പാര്‍ട്ടിയുടെ ഔഗ്യോഗിക വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമല തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ ഇതാദ്യമായാണ് എംഹോഫ് ഭാര്യയെ അനുഗമിക്കുന്നത്. 

കമലയ്ക്കും എംഹോഫ്ഫിനും ഒരേ പ്രായമാണ് 55 വയസ്സ്. വരുന്ന ശനിയാഴ്ച അവര്‍ വിവാഹത്തിന്റെ ആറാം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്നവരാണ്. എന്നാല്‍ അടുത്തിടെ വിവാഹിതരായവരെപ്പോലെയാണ് ഇരുവരും കാണപ്പെടുന്നത്. രണ്ടുപേരും പൂര്‍ണമായും സ്നേഹത്തിലാണെന്നും പരസ്പരം വിട്ടുപിരിയാന്‍ പോലും ആകാത്തവരാണെന്നും ഒറ്റനോട്ടത്തില്‍ തോന്നുന്ന രീതിയിലാണ് പെരുമാറുന്നതും.

ജൂത വംശജനായ ഡഗ് എംഹോഫ് വെളുത്ത വര്‍ഗ്ഗക്കാരനാണ്. ഹാരിസ് ദക്ഷിണേഷ്യന്‍ വംശജയായ കറുത്ത വര്‍ഗ്ഗക്കാരി. ഇന്ത്യന്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് കമലയ്ക്ക് ഇപ്പോഴും പ്രിയം. രണ്ടു പേരും തമ്മിലുള്ള ഈ വ്യത്യാസങ്ങള്‍ അമേരിക്ക എന്ന രാജ്യത്തിന്റെ വൈവിധ്യത്തെ എടുത്തുകാണിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 

2014ല്‍ ഇരുവരും വിവാഹിതരാകുമ്പോള്‍ കമലയുടെ ഇന്ത്യന്‍ ആചാരങ്ങളോടുള്ള ആഭിമുഖ്യം പ്രകടമാക്കി എംഹോഫ് ഒരു പൂമാല കഴുത്തില്‍ അണിഞ്ഞിരുന്നു. എന്നാല്‍ ജൂത ആചാരങ്ങളും അതേ ചടങ്ങില്‍ അവര്‍ അനുവര്‍ത്തിക്കുകയുണ്ടായി. കമലയുടെ ആദ്യത്തെ വിവാഹമാണിത്. എംഹോഫിന്റെ രണ്ടാം വിവാഹവും. ആദ്യ ഭാര്യയില്‍ അദ്ദേഹത്തിന് രണ്ടു മക്കളുമുണ്ട്. 

വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഇരുവരുടെയും സുഹൃത്തുക്കളാണ് കമലയും എംഹോഫും തമ്മില്‍ അടുക്കാന്‍ കാരണമായത്. അടുപ്പം ക്രമേണ സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളരുകയായിരുന്നു.

ഇഷ്ടം ആദ്യം തുറന്നുപറഞ്ഞതും എംഹോഫ് തന്നെയായിരുന്നു. ആദ്യത്തെ രണ്ടു കൂടിക്കാഴ്ചയ്ക്കു ശേഷം. അതിനുശേഷം കമല എംഹോഫിന്റെ രണ്ടു കുട്ടികളെയും പോയിക്കണ്ടു. അവരുമായുള്ള അടുപ്പമാണ് തന്നെ എംഹോഫിലേക്ക് കൂടുതല്‍ അടുപ്പിച്ചതെന്ന് ഓര്‍മക്കുറിപ്പില്‍ കമല എഴുതിയിട്ടുണ്ട്.

അഭിഭാഷകയായും പിന്നീട് കലിഫോര്‍ണിയ അറ്റോര്‍ണി ജനറലായും പ്രവര്‍ത്തിക്കുമ്പോഴും തന്റെ കരിയറും വ്യക്തി ജീവിതവും രണ്ടായി മുന്നോട്ടു കൊണ്ടുപോകാന്‍ കമല ശ്രദ്ധിച്ചിട്ടുണ്ട്. ആറു മാസത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുന്നതും. 2014 മാര്‍ച്ചില്‍ ഫ്ലോറന്‍സില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടെയാണ് എംഹോഫ് കമലയോട് വിവാഹാഭ്യര്‍ഥന നടത്തുന്നത്. ആ നിമിഷത്തില്‍ സന്തോഷത്താലും പ്രണയത്താലും താന്‍ കരഞ്ഞുപോയി എന്നാണ് പിന്നീട് കമല ഓര്‍ത്തെടുത്തത്. അതേ വര്‍ഷം ഓഗസ്റ്റില്‍ സാന്ത ബാര്‍ബറ കോര്‍ട്ഹൗസില്‍വച്ച് അവര്‍ വിവാഹിതരായി.

2016ല്‍ കമല സെനറ്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നു. അതിനുശേഷം തിരക്ക് കൂടിയെങ്കിലും കുടുംബത്തിനുവേണ്ടി ആവശ്യത്തിനു സമയം നീക്കിവയ്ക്കാന്‍ കമല ഒരിക്കലും മറന്നിട്ടില്ല. ഒരു പ്രഭാഷകനോ രാഷ്ട്രീയക്കാരനോ അല്ല എംഹോഫ്. എന്നാല്‍ ജനക്കൂട്ടത്തിനിടെ കമലയെ അനുഗമിക്കുമ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങാറുണ്ട്. കമലയോടുള്ള സ്നേഹത്തിന്റ പ്രകാശമാണ് അദ്ദേഹത്തിന്റെ കണ്ണുകളെ തിളക്കമുള്ളതാക്കുന്നത്.

English Summary: The Story Of Kamala And Doug, A Match Made In Hollywood