ചരിത്രത്തില്‍ ഇത്തരമൊരു പ്രതിസന്ധി ജോലി ചെയ്യുന്ന അമ്മമാര്‍ ഇതിനുമുന്‍പ് ഒരിക്കലും നേരിട്ടിട്ടില്ല. പലരും ജോലി രാജിവച്ചുകഴിഞ്ഞു. കാരണം മക്കള്‍ വീട്ടില്‍ തനിച്ച്. സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. കെയര്‍ ഹോമുകളുമില്ല. വീട്ടിലെ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും നോക്കാന്‍ സഹായികളെ കിട്ടാത്ത അവസ്ഥയും. ജോലി രാജിവയ്ക്കാതെ മറ്റൊരു മാര്‍ഗവും ഇല്ലാതെ വിഷമിക്കുകയാണ് ലോകത്തെങ്ങുമുള്ള അമ്മമാര്‍. 

ഇതുവരെ ബുദ്ധിമുട്ടിയിട്ടാണെങ്കിലും ജോലിയും വീടും ഒരുമിച്ചുകൊണ്ടുപോയവര്‍ക്കാണ് പുതിയ സാഹചര്യത്തില്‍ അതിനു കഴിയാതെ ജോലി തന്നെ വലിച്ചെറിയേണ്ടിവന്നിരിക്കുന്നത്. എന്നാല്‍ പങ്കാളികളില്ലാതെ തനിച്ച് കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലില്‍ ഏറ്റിയ വനിതകളുണ്ട്. അവരുടെ കാര്യമാണ് ഏറ്റവും ദയനീയം. ജോലി ചെയ്തില്ലെങ്കില്‍ അവരുടെ വീട്ടിലെ അടുപ്പ് പുകയില്ല എന്നതാണ് യാഥാര്‍ഥ്യം. ചെറിയ കുട്ടികളെ അയല്‍ക്കാരുടെയോ സുഹൃത്തുക്കളുടെയോ വീട്ടിലാക്കിയിട്ടാണ് അത്തരക്കാര്‍ നിലവിലെ സാഹചര്യത്തില്‍ ജോലിക്കുപോകുന്നത്. അവര്‍ക്ക് ഒരു സാഹചര്യത്തിലും ജോലി നഷ്ടപ്പെടുത്താന്‍ കഴിയില്ല. 

സഹായികള്‍, പാചകക്കാര്‍, ലാബ് ടെക്നീഷ്യന്‍മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍, ക്ലാര്‍ക്കുമാര്‍, സൂപ്പര്‍വൈസര്‍മാര്‍, ദിവസ വേതനക്കാര്‍ തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെല്ലാം നിലവില്‍ ഒന്നിലധികം വെല്ലുവിളികള്‍ നേരിട്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. 

വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സൗകര്യമുണ്ടെങ്കിലും അതിനുള്ള സമയനിഷ്ഠ പാലിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. വീട്ടുജോലി. മക്കളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. അവരുടെ പഠനം. ഇതെല്ലാം കഴിഞ്ഞിട്ട് ജോലി ചെയ്യാന്‍ സമയമില്ലാത്ത അവസ്ഥ. കഷ്ടപ്പെട്ടു ജോലി നിലനിര്‍ത്തുന്ന സ്ത്രീകള്‍ക്ക് ശമ്പളക്കുറവ് തുടങ്ങിയ പ്രശ്നങ്ങളെയും നേരിടേണ്ടിവരുന്നുണ്ട്. 

മക്കളെ സ്കൂളിലാക്കി ഭാര്യയും ഭര്‍ത്താവും ജോലിക്കുപോകുന്ന കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. ആരെങ്കിലും ഒരാള്‍ ജോലി രാജിവയ്ക്കണം എന്നതാണ് പ്രതിസന്ധി. സ്വാഭാവികമായും ജോലി ഉപേക്ഷിക്കാനുള്ള ഉത്തരവാദിത്വം സ്ത്രീയില്‍ വന്നുചേരുന്നു. ചില കുടുംബങ്ങളില്‍ ഭര്‍ത്താവ് ഉണ്ടെങ്കിലും അവരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കാത്തവരുണ്ട്. അവര്‍ക്ക് ജോലി നഷ്ടപ്പെടുത്താനാവില്ല. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് കൂടി തുടങ്ങിയതോടെ ആ ജോലിയുടെ ഭാരവും കുടുംബത്തിലെ സ്ത്രീകള്‍ തന്നെയാണ് വഹിക്കുന്നത്. കുടുംബത്തിന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ സ്ത്രീ ജോലിക്കു പോകാന്‍ തയാറായപ്പോള്‍ അവര്‍ ചെയ്തുകൊണ്ടിരുന്ന ജോലി ഏറ്റെടുക്കാന്‍ മറ്റാരും മുന്നോട്ടുവന്നിരുന്നില്ല. അതാണ് ഇപ്പോള്‍ ജോലിക്കു പോയിക്കൊണ്ടിരുന്ന സ്ത്രീകള്‍ക്ക് വിനയായിരിക്കുന്നത്. 

ചെറിയ സംരംഭങ്ങളുമായി ജീവിതം കരുപ്പിടിപ്പിച്ച സ്ത്രീകളുണ്ട്. ബൂട്ടിക്ക്, സലൂണ്‍ തുടങ്ങിയവ തുറന്ന് കുടുംബത്തെ പിന്തുണച്ചിരുന്നവര്‍. ബൂട്ടിക്കും സലൂണും എല്ലാം അടച്ചതോടെ അത്തരക്കാരുടെ വരുമാനവും നിലച്ചു. സ്ത്രീകള്‍ കൂടി ജോലി ചെയ്താണ് പല കുടുംബങ്ങളും പ്രയാസങ്ങളില്ലാതെ ജീവിച്ചിരുന്നത്. കുടുംബത്തിലെ ഒരാള്‍ ജോലി രാജിവയ്ക്കേണ്ടിവന്നതോടെ അത്തരം കുടുംബങ്ങളും ആശങ്കയിലായി. കോവിഡ് എന്ന മഹാമാരി സ്ത്രീകളുടെ ലിംഗസമത്വത്തിലേക്കുള്ള യാത്ര കൂടിയാണ് തടസ്സപ്പെടുത്തിയിരിക്കുന്നത്. അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള ശ്രമങ്ങളുടെ കടയ്ക്കല്‍ കത്തിവച്ചിരിക്കുന്ന അവസ്ഥ. എന്നാണ് എങ്ങനെയാണ് മോചനം എന്നത് ഉത്തരമില്ലാത്ത ചോദ്യമായി തുടരുന്നു.

English Summary:  How the coronavirus pandemic has changed the lives of working women