പ്രിയപ്പെട്ടവരുടെ മരണത്തിനു മുന്നിൽ പലപ്പോഴും നമ്മൾ തളര്‍ന്നുപോകുന്നവരുണ്ട്. ജീവിതത്തിലുള്ള എല്ലാ താല്‍പര്യവും നഷ്ടപ്പെടുന്നവരുണ്ട്. പിന്നീടുള്ള ജീവിതകാലം മുഴുവന്‍ നിഴല്‍പോലെ ജീവിക്കുന്നവരുണ്ട്. വിട പറഞ്ഞുപോയവരുടെ സ്മരണ നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നുവരുണ്ട്. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാകുകയാണ് തമിഴ്നാട്ടിലെ മധുരയിലെ ഒരു വ്യവസായി. 

48 വര്‍ഷം ജീവിതം പങ്കുവച്ച ഭാര്യയുടെ വേര്‍പാടില്‍ തളര്‍ന്നുപോകാതെ സേതുരാമന്‍ ചെയ്തത് അവരെ പുനഃസൃഷ്ടിക്കുകയാണ്. ജീവന്‍ തുളുമ്പുന്ന ഒരു പ്രതിമ. ഭാര്യ പിച്ചാമണിയമ്മാളുടെ മരണാനന്തര ചടങ്ങുകള്‍ കഴിയുന്നതിനു മുന്‍പു തന്നെ പ്രതിമ അദ്ദേഹം വീട്ടില്‍ കൊണ്ടുവന്നു. ഇനി എന്നും അദ്ദേഹത്തിന് ഭാര്യയെ കണ്ടു തന്നെ ഉണരാം , ഉറങ്ങാം. ജീവിതത്തിലെ വിലപ്പെട്ട എല്ലാ സന്ദര്‍ഭങ്ങളിലും ഭാര്യയുടെ സാന്നിധ്യവും ഉറപ്പിക്കാം. 48 വര്‍ഷം നീണ്ട വിവാഹജീവിതത്തില്‍ സേതുരാമന്‍ പിച്ചാമണിയമ്മാളെ കണാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയുള്ള തന്റെ ജീവിതത്തിലും ഭാര്യയുടെ സാന്നിധ്യം വേണമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 

കര്‍ണാടകയില്‍ അടുത്തകാലത്ത് ഒരാള്‍ തന്റെ ഭാര്യയുടെ പൂര്‍ണകായ പ്രതിമ വീട്ടില്‍ അനാവരണം ചെയ്ത വാര്‍ത്ത പുറത്തുവന്നിരുന്നു. ഈ സംഭവം അറിഞ്ഞപ്പോഴാണ് സേതുരാമനും ഭാര്യയുടെ ശില്‍പം സൃഷ്ടിക്കുക എന്ന തീരുമാനത്തില്‍ എത്തുന്നത്. വില്ലുപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസന്ന എന്ന ശില്‍പിയെയാണ് പിച്ചാമണിയമ്മാളുടെ പ്രതിമ ഉണ്ടാക്കാന്‍ സേതുരാമന്‍ സമീപിച്ചത്. ആറടി ഉയരത്തിലുള്ള ശില്‍പം ഒരു മാസത്തിനുള്ളില്‍ തയാറാക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതോടെ സേതുരാമന് ആശ്വാസം. 

ഹെല്‍ത്ത് ഇന്‍സ്പെക്ടറായാണ് സേതുരാമന്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ ഭാര്യയുടെ പ്രോത്സാഹനത്തില്‍ ജോലി ഉപേക്ഷിച്ച അദ്ദേഹം സ്വന്തമായി ബിസിനസ് തുടങ്ങി. മധുരയില്‍ ബ്ലഡ് ബാങ്ക്. ഭാര്യയാണ് തന്റെ ജീവിതത്തിലെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണമെന്നാണ് സേതുരാമന്‍ പറയുന്നത്. അതുകൊണ്ടുതന്നെ അവര്‍ കൂടെയില്ലാത്ത ഒരു ജീവിതം അദ്ദേഹത്തിന് ചിന്തിക്കാനേ വയ്യ. അങ്ങനെയാണ് പ്രതിമ യാഥാർഥ്യമായത്. 

English Summary: Madurai businessman installs life-size statue of wife at home after her death