എനിക്ക് ജോയെ നഷ്ടപ്പെട്ടു. എന്റെ ഭാര്യ. ആത്മസ്നേഹിത. എനിക്കിപ്പോള്‍ സംസാരിക്കാന്‍ പോലും സുഹൃത്തുക്കളില്ല. ബന്ധുക്കളില്ല. മറ്റാരും തന്നെയില്ല. ദിവസത്തിന്റെ 24 മണിക്കൂറും അനുഭവിക്കുന്നത് അപാരമായ ഏകാന്തതയും നിശ്ശബ്ദതയും. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും എന്നെ സഹായിക്കാന്‍ ആവില്ലേ ? 

ബ്രിട്ടനില്‍ ഗ്ലൗസസ്റ്റര്‍ഷയറിലെ വലിയ വീടിന്റെ ജനാലയില്‍ ഇങ്ങനെയൊരു പോസ്റ്റര്‍ പതിപ്പിച്ച് കാത്തിരിക്കുകയാണ് ടോണി വില്യംസ് എന്ന 75 വയസ്സുകാരന്‍. ടോണിയുടെ ജീവിതകഥ ജോ എന്ന ഭാര്യയുടേയുമാണ്. അവരുടെ പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും. സ്ത്രീ കൂടി ചേരുമ്പോള്‍ മാത്രം പൂര്‍ണമാകുന്ന സ്ത്രീ-പുരുഷ സൗഹൃദത്തിന്റെ അപൂര്‍വ കഥ. സ്ത്രീ എന്ന അനശ്വരയായ സുഹൃത്തിന്റെ മൂല്യം വെളിപ്പെടുത്തുന്ന കഥ. 

ഒരു ബാറില്‍ ലീഗല്‍ സെക്രട്ടറിയായിരുന്ന ജോയെ ടോണി വില്യംസ് 35 വര്‍ഷം മുന്‍പാണ് കാണുന്നത്. പരിചയം സ്നേഹമായി പ്രണയമായി വളര്‍ന്നു. വിവാഹത്തിലുമെത്തി. മനോഹരമായ പൂന്തോട്ടത്തിനു പിന്നിലുള്ള വലിയ വീട്ടില്‍ അവര്‍ നിര്‍മിച്ചത് സന്തോഷത്തിന്റെ സ്വര്‍ഗം. എന്നാല്‍ ഒരു സന്തോഷം മാത്രം അകന്നുനിന്നു അവരുടെ ജീവിതത്തില്‍നിന്ന്. ലാളിക്കാനും സ്നേഹിക്കാനും അവര്‍ക്ക് കുട്ടികളെ ലഭിച്ചില്ല. എന്നാല്‍ ആ ദുഃഖം ഒരിക്കല്‍പ്പോലും ബാധിക്കാതെയായിരുന്നു അവരുടെ ജീവിതം. 

ജോ ആയിരുന്നു എന്റെ ഏറ്റവും നല്ല സുഹൃത്ത്. പങ്കാളി. ഞങ്ങള്‍ക്ക് രഹസ്യങ്ങള്‍ ഉണ്ടായിരുന്നില്ല. 25 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം ഒരു നിമിഷം എന്നതു പോലെയാണ് കടന്നുപോയത്- അസഹനീയമായ ദുഃഖത്തോടെ ടോണി പറയുന്നു. അടുക്കളയിലെ പാചകം പോലും അവര്‍ ഒരുമിച്ചായിരുന്നു. പാട്ടു കേള്‍ക്കുന്നതും പുസ്തകം വായിക്കുന്നതും എല്ലാം ഒരുമിച്ച്. ആദര്‍ശ ദമ്പതികള്‍ എന്ന് എല്ലാവരും അവരെ വാഴ്ത്തി. എല്ലാം തകര്‍ത്തത് നിനച്ചിരിക്കാതെയെത്തിയ അസുഖം. പാന്‍ക്രിയാറ്റിക് കാന്‍സര്‍. രോഗം തിരിച്ചറിഞ്ഞ് 9 ദിവസം മാത്രമേ ജോ ജീവിച്ചിരുന്നുള്ളൂ. പെട്ടെന്നായിരുന്നു മരണം. അതിനുശേഷം ടോണി തനിച്ച്. 

ടോണിക്ക് ഇപ്പോള്‍ വേണ്ടത് ഒരു സുഹൃത്തിനെയാണ്. സംസാരിക്കാന്‍. പരസ്പരം താങ്ങാകാനും തണലാകാനും. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പോകുമ്പോള്‍ ടോണി കയ്യില്‍ ചില കാര്‍ഡുകള്‍ കരുതുമായിരുന്നു. താന്‍ ഒറ്റയ്ക്കാണെന്നും തനിക്ക് സുഹൃത്തുക്കളെ താല്‍പര്യമുണ്ടെന്നും എഴുതിയ കാര്‍ഡ്. ഇത്തരം 25 കാര്‍ഡുകള്‍ ഇതിനകം അദ്ദേഹം വിതരണം ചെയ്തുകഴിഞ്ഞു. എന്നാല്‍ ഒരിക്കല്‍പ്പോലും ഒരാളും അദ്ദേഹത്തിന്റെ ഫോണില്‍ വിളിച്ചില്ല. ആ വീട്ടില്‍ സന്ദര്‍ശകനായും എത്തിയില്ല. അതിനു ശേഷം അവസാന ആശ്രയം എന്ന നിലയിലാണ് വീട്ടിനു മുന്നിലെ ജനാലയില്‍ പോസ്റ്റര്‍ പതിപ്പിച്ച് ടോണി കാത്തിരിക്കുന്നത്. 

ജോ എന്ന ഭാര്യയ്ക്ക് പകരമാകാന്‍ ആര്‍ക്കും കഴിയില്ല. എന്റെ മനസ്സില്‍ ജോ നിറ‍ഞ്ഞുനില്‍ക്കുന്നു. കിടപ്പുമുറിയില്‍ കയറിയാല്‍ എപ്പോഴും ഞാന്‍ നോക്കുന്നതു ജോയുടെ ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിലേക്കാണ്. ആ ഓര്‍മകള്‍ എന്നെ വിട്ടുപോകുന്നില്ല. ജോയുടെ ഓര്‍മകളുമായി ജീവിക്കുന്ന എനിക്ക് ഇനി വേണ്ടത് ഒരു സുഹൃത്ത് മാത്രം. ഈ ഏകാന്തതയും നിശ്ശബ്ദതയും സഹിക്കാന്‍. ഈ പോസ്റ്റര്‍ ആരെങ്കിലും കാണാതിരിക്കില്ല. ആരെങ്കിലും എന്നെങ്കിലും ഇവിടെ വരാതിരിക്കില്ല... ജോയുടെ ചിത്രങ്ങളും ഓര്‍മകളും നിറഞ്ഞുനില്‍ക്കുന്ന വീട്ടില്‍ ടോണിയുടെ കാത്തിരിപ്പ് തുടരുന്നു.

English Syummary: Lonely widower's heart-wrenching poster begging for friends after losing wife