കോവിഡ് വ്യാപനത്തിന്റെ വിഷാദവും ഭീകരതയും അതീജീവിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകളില്‍ ലോകം മുഴുകിയിരിക്കെ, ബ്രിട്ടനിലെ ഒരു വീട്ടമ്മ കണ്ടുപിടിച്ചത് പുതുമയും പ്രത്യേകതമുള്ള പുതിയ ഉപായം. 46 വയസ്സുള്ള വീട്ടമ്മയുടെ പേര് കാരലിന്‍ ഗേബ്.  23 വയസ്സുള്ള ജാക്ക്, 12 വയസ്സുള്ള ഹെന്‍‍റി, 5 വയസ്സുള്ള തിയോ എന്നീ മക്കളുമായി ക്വാറന്റീനിലാണ് കാരലിന്‍. തിയോയ്ക്ക് ആസ്ത്‍മയുടെ പ്രശ്നം ഉള്ളതിനാല്‍ കോവിഡ് വ്യാപിച്ചതുമുതല്‍ കുടുംബം അതിവ ശ്രദ്ധയിലും സൂക്ഷ്മതയിലുമാണ് ഓരോ ദിവസവും ചെലവഴിക്കുന്നത്. 

ഏറ്റവും കൂടുതല്‍ വിഷാദവും ഒറ്റപ്പെടലും അനുഭവിച്ച ഒരു വര്‍ഷം വിടവാങ്ങാന്‍ തുടങ്ങവേ എങ്ങനെ സന്തോഷം കണ്ടെത്താം എന്ന ചിന്തയില്‍ നിന്നാണ് കാരലിന്‍ പുതിയ ആശയം നടപ്പാക്കിയത്. അതിനുവേണ്ടി അവര്‍ ചെലവാക്കിയത് 1000 പൗണ്ട്. വാങ്ങിയത് 3,000 ക്രിസ്മസ് വിളക്കുകള്‍. ക്രിസ്മസ് ട്രീ. സാന്ത ക്ലോസ്. പിന്നെ അന്തരീക്ഷത്തില്‍നിന്നു മഴ പോലെ പൊഴിയുന്ന മഞ്ഞും. 

സൗത്ത് വെയില്‍സിലെ വീട്ടില്‍ കാരലിന്‍ അലങ്കാര വിളക്കുകള്‍ തൂക്കി മൂന്നര മാസം മുന്‍പേ ക്രിസ്മസിനെ വരവേറ്റതോടെ അയല്‍ക്കാര്‍ക്കും സന്തോഷം. മാസങ്ങളായി വീട്ടില്‍ നിന്നു പുറത്തുപോകാന്‍ കഴിയാത്ത മക്കള്‍ക്കും ആഹ്ലാദം. ദിവസങ്ങളായി ഓരോ ദിവസവും വിഷമിപ്പിക്കുന്ന വാര്‍ത്തകള്‍ മാത്രം മുഴങ്ങിക്കൊണ്ടിരുന്ന വീട്ടില്‍ വീണ്ടും പൊട്ടിച്ചിരി നിറയുകയാണ്. ചിരിക്കുന്ന മഖങ്ങളും സന്തോഷത്തിന്റെ അന്തരീക്ഷവും. 

‘കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ എല്ലാവരുടെയും മുഖത്ത് ചിരി നിറയ്ക്കണം എന്നേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളൂ. ഇപ്പോള്‍ ക്രിസ്മസ് വിളക്കുകള്‍ നേരത്തേ തൂക്കിയതിലൂടെ അയല്‍വക്കക്കാര്‍ക്കും ഈ ടൗണില്‍ തന്നെയും സന്തോഷം സൃഷിട്ക്കാന്‍ കഴഞ്ഞിരിക്കുന്നു- ആഹ്ലാദവതിയായ കാരലിന്‍ പറയുന്നു. 

സെപ്റ്റംബറില്‍ പോലും ക്രിസ്മസ് എത്ര മനോഹരമായ ആഘോഷമാണല്ലേ എന്നും കാരലിന്‍ ചോദിക്കുമ്പോള്‍ മക്കളും സമ്മതിക്കുന്നുണ്ട്. ക്രിസ്മസിന്റെ മഞ്ഞുപൊഴിയുന്ന കാലാവസ്ഥ ഇപ്പോഴും ബ്രിട്ടനില്‍ എത്തിയിട്ടില്ല. കോവിഡ് വ്യാപനത്തിന്റെ ആശങ്കയ്ക്കിടയിലും ജനം പ്രതീക്ഷയിലാണ്. തിരുപ്പിറവിയുടെ ദിവ്യസന്ദേശം അലയടിക്കുന്ന നാളുകള്‍ എത്തുന്നതോടെ ലോകത്തിന് കോവിഡിനെ മറികടക്കാമെന്ന്. അതെങ്ങനെ വേണമെന്ന് ഇപ്പോഴേ മാതൃക കാണിച്ചിരിക്കുകയാണ് കാരലിന്‍.

English Summary: Mum fights off coronavirus blues with very early 3,000-light Christmas display