പുതിയ കാലത്ത് വിവാഹാലോചനകളുടെ സ്വഭാവം മാറുന്നതിനൊപ്പം വധുവിനും വരനും വേണ്ട ഗുണങ്ങളിലും പുനരാലോചന ഉണ്ടാകുന്നതായി തെളിയിക്കുന്ന വിവാഹ പരസ്യം ചര്‍ച്ചയാകുന്നു. സ്ത്രീകളെ ആക്ഷേപിക്കുന്നതും അവരെ മോശം പ്രതിഛായയില്‍ കാണുന്നതുമാണ് പല പരസ്യങ്ങളുമെന്ന് മുന്‍പു തന്നെ വിമര്‍ശനമുണ്ടായിട്ടുണ്ടെങ്കില്‍ 

അടുത്തിടെ വധുവിനെ ആവശ്യമുണ്ട് എന്ന് ഒരു ദിനപത്രത്തില്‍ വന്ന പരസ്യമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളുടെ അടിമയല്ലാത്ത യുവതിയെ വധുവായി ആവശ്യമുണ്ടെന്നാണ് പുതിയ പരസ്യം പറയുന്നത്. ബംഗാളില്‍ നിന്നുള്ള 37 വയസ്സുള്ള അഭിഭാഷകനാണ് വധുവിനെ വേണ്ടത്. ഇദ്ദേഹം വധുവിനെ തേടുന്ന പരസ്യം ഐഎഎസ് ഉദ്യോഗസ്ഥനായ നിതിന്‍ സാങ്‍വാന്‍ ആണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് ചര്‍ച്ചയാക്കിയത്. 

ബംഗാളിലെ കമാര്‍പുക്കൂറില്‍ നിന്നുള്ള യുവാവ് സ്വന്തം പ്രായം, തൊഴില്‍, സ്ഥലം എന്നിവ രേഖപ്പെടുത്തിയശേഷം നീളമുള്ള, മെലിഞ്ഞ സുന്ദരിയായ യുവതിയെയാണ് വധുവായി തേടുന്നു എന്നാണ് എഴുതിയിരിക്കുന്നത്. സമൂഹ  മാധ്യമങ്ങളില്‍ ആസക്തിയില്ലാത്ത വ്യക്തിയായിരിക്കണം യുവതി എന്നും യുവാവ് രേഖപ്പെടുത്തിയിട്ടുണ്ട്. സമ്പത്ത്, സ്വത്ത് എന്നിങ്ങനെ മറ്റ് ആവശ്യങ്ങളൊന്നുമില്ലെന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുമുണ്ട്. 

വധൂ വരന്‍മാരുടെ ഗുണഗണങ്ങളെക്കുറിച്ചുള്ള മാനദണ്ഡങ്ങള്‍ മറുന്നു എന്ന വിശേഷണത്തോടെയാണ് നിതിന്‍ പരസ്യം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ അഭിരമിക്കുന്നവരാണ് പുതിയ തലമുറയില്‍ ഏറെപ്പേരും എന്നിരിക്കെയാണ് പരസ്യത്തിലെ അവസാന വാചകം ചര്‍ച്ചയാകുന്നത്. 

പരസ്യം തമാശയാണോ അതോ യാഥാര്‍ഥ്യമാണോ എന്ന സംശയം ചിലര്‍ ഉന്നയിച്ചെങ്കിലും യുവാവിന് മികച്ച ഭാവി നേരാനും പലരും മറന്നില്ല. ആവശ്യം യാഥാര്‍ഥ്യവുമായി യോജിക്കുന്നതല്ലെങ്കിലും ആഗ്രഹം കൊള്ളാം എന്നായിരുന്നു ചിലരുടെ കമന്റ്. 

സൗന്ദര്യം, ഉയരം, മെലിഞ്ഞ ശരീര പ്രകൃതി എന്നൊക്കെ പറഞ്ഞിട്ട് കൂടുതല്‍ ആവശ്യങ്ങളില്ല എന്നെഴുതിയതിനെയും ചിലര്‍ കളിയാക്കിയിട്ടുണ്ട്. സംഭവം തമാശയാണെങ്കിലും അല്ലെങ്കിലും പുതിയ തലമുറയുടെ ചിന്താഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ അടയാളമായി പരസ്യത്തെ കാണുകയാണ് പലരും.