ഉത്തര്‍പ്രദേശിലെ യുവ ഐഎഎസ് ഓഫിസര്‍ സൗമ്യ പാണ്ഡെ ഓഫിസ് ജോലി ചെയ്യുന്നത് നവജാതശിശുവിനെ കയ്യിലെടുത്താണ്. കുട്ടിയെ സൗമ്യ താഴെ വയ്ക്കാത്തതിന് കാരണമുണ്ട്. മൂന്നാഴ്ച മാത്രമാണ് കുട്ടിയുടെ പ്രായം. പ്രസവം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കകം ജോലിക്കു കയറി ഞെട്ടിച്ചിരിക്കുകയാണ് സൗമ്യ. ഡോ. പ്രശാന്ത് സമൂഹ മാധ്യമത്തില്‍ സൗമ്യ കുട്ടിയുമായി ഇരിക്കുന്ന ചിത്രവും വിഡിയോയും പോസ്റ്റ് ചെയ്തതോടെയാണ് സംഭവം രാജ്യം അറിഞ്ഞത്.

ഉത്തര്‍പ്രദേശില്‍ മോദിനഗറിലെ സബ് ഡിവിഷണല്‍ മജിസ്ട്രേട്ടാണ് സൗമ്യ പാണ്ഡെ. തിരക്കിട്ട് ഫയലുകള്‍ നോക്കുമ്പോഴും  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുമ്പോഴും സൗമ്യയുടെ മടിയില്‍ കൈക്കുഞ്ഞുണ്ട്. എന്നാല്‍ കുടുംബത്തില്‍ നിന്നും ജോലി സ്ഥലത്തുനിന്നും തനിക്ക് ആവശ്യത്തിലധികം പിന്തുണ കിട്ടുന്നുണ്ടെന്നാണ് സൗമ്യ പറയുന്നത്. 

‘കോവിഡ് വ്യാപിച്ചച്ചതോടെ ഉത്തരവാദിത്തവും നന്നായി കൂടിയിരിക്കുകയാണ്. ദൈവം സ്ത്രീകള്‍ക്ക് ഒന്നിലധികം കഴിവുകള്‍ നല്‍കിയിട്ടുണ്ട്. കുട്ടിയെ നോക്കിക്കൊണ്ടുതന്നെ ഡ്യൂട്ടി ചെയ്യാവുന്ന സാഹചര്യം എനിക്കുണ്ട്. അതില്‍ പരാതിയോ പരിഭവമോ ഇല്ല. ഇന്ത്യയില്‍ മിക്ക ഗ്രാമങ്ങളിലും ഗര്‍ഭിണികളായ സ്ത്രീകള്‍ പ്രസവിക്കുന്ന ദിവസം വരെയും ജോലി ചെയ്യുാറുണ്ട്. പ്രസവത്തിനുശേഷവും പല സ്ത്രീകളും വീട്ടുജോലിയും കുട്ടിയെ നോക്കുന്നതും ഒരുമിച്ചുതന്നെയാണ് ചെയ്യുന്നത്- സൗമ്യ പറയുന്നു.

ഗര്‍ഭകാലത്തും ഞാന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോഴും അതു തുടരുന്നതില്‍ എനിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ട് ഒന്നും തോന്നുന്നില്ല- സൗമ്യ ചിരിയോടെ വ്യക്തമാക്കി. 6 മാസത്തെ അവധിയെടുക്കാമെന്നിരിക്കെയാണ് മൂന്നാഴ്ച മാത്രം അവധിയെടുത്ത് സൗമ്യ ജോലിക്കെത്തിയിക്കുന്നതെന്ന് വിഡിയോ പങ്കുവച്ച ഡോ. പ്രശാന്ത് പറയുന്നു. 

സമൂഹ മാധ്യമത്തില്‍ ഒട്ടേറെപ്പേര്‍ സൗമ്യയെ പ്രശംസിച്ചെങ്കിലും ചിലര്‍ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമെന്നും വ്യക്തമാക്കി. ഒരു കൊച്ചുകിട്ടിയുടെ ജീവിതം വച്ചാണ് സൗമ്യ പന്താടുന്നതെന്നും അതിനു മാപ്പു കൊടുക്കാനാവില്ലെന്നുമാണ് ചിലര്‍ പറയുന്നത്. കുട്ടിയുടെ ജീവനാണ് വലുത്. അതേക്കുറിച്ച് നന്നായറിയാവുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നു തന്നെ ചിലര്‍ ഉറച്ചുനില്‍ക്കുന്നു. എന്തായലും വാദവും പ്രതിവാദവും മുറുകുമ്പോള്‍ സൗമ്യ അതൊന്നും ശ്രദ്ധിക്കാതെ തിരക്കിട്ടു ജോലി ചെയ്യുകയാണ്. ഒപ്പം തന്റെ കുട്ടിയുടെ ഉത്തരവാദിത്തവും ഭംഗിയായി നിറവേറ്റുന്നു.

English Summary: Uttar Pradesh IAS officer resumes work after delivery with newborn baby in viral video