ഈ മാസം 28 ന് വിവാഹിതനാകുന്നു എന്നു പ്രഖ്യാപിച്ചതോടെ 65 വയസ്സുകാരനായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ താരമായിരിക്കുകയാണ്. ഒപ്പം അദ്ദേഹം വിവാഹം കഴിക്കാന്‍ പോകുന്ന ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകാരി കാരലിന്‍ ബ്രോസ്സാര്‍ഡും. തിങ്കളാഴ്ച സാല്‍വെയുടെ പ്രഖ്യാപനം വന്നതോടെ പലരും ഇപ്പോള്‍ തിരക്കുന്നതു കാരലിനെക്കുറിച്ചാണ്. 56 വയസ്സുള്ള കാരലിന്‍ ലണ്ടന്‍ ആസ്ഥാനമായാണു പ്രവര്‍ത്തിക്കുന്നത്. ആദ്യ വിവാഹത്തില്‍ നിന്ന് 18 വയസ്സുള്ള ഒരു മകളുമുണ്ട്. ലണ്ടനിലെ ഒരു പള്ളിയില്‍വച്ചാണ് വിവാഹം നടത്താന്‍പോകുന്നത്. രണ്ടു വര്‍ഷമായി ക്രിസ്ത്യന്‍ ആചാരങ്ങള്‍ അനുസരിച്ചാണ് സാല്‍വേ ലണ്ടനില്‍ താമസിക്കുന്നത് എന്നാണു വാര്‍ത്തകള്‍. അദ്ദേഹം മുടങ്ങാതെ പള്ളിയില്‍ പോകുന്നുണ്ടുമുണ്ടത്രേ.

വിപുലമായ ആഘോഷങ്ങളില്ലാതെ ചെറിയ വിവാഹച്ചടങ്ങാണു നിശ്ചയിച്ചിരിക്കുന്നത്. 15 പേര്‍ മാത്രമായിരിക്കും അതിഥികള്‍. സാല്‍വെയുടെയും കാരലിന്റെയും അടുത്ത സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുക്കും. അപൂര്‍വം കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് സല്‍വേയുമായി അടുത്ത ബന്ധമുള്ളവര്‍ വ്യക്തമാക്കി. 

ഇപ്പോള്‍ യുകെയിലുള്ള സാല്‍വേ ഒരു കലാപ്രദര്‍ശനത്തില്‍വച്ചാണ് കാരലിനെ ആദ്യം കാണുന്നത്. തിയറ്റര്‍ ട്രൂപ്പുകളുമായി രണ്ടുപേര്‍ക്കും അടുത്ത ബന്ധമുണ്ട്. ക്ലാസ്സിക്കല്‍ സംഗീതവും രണ്ടുപേരുടെയും ഇഷ്ടങ്ങളാണ്. കലയിലുള്ള താത്പര്യം തന്നെയാണ് രണ്ടുപേരെയും  തമ്മില്‍ അടുപ്പിച്ചതും ജീവിതത്തില്‍ ഒരുമിപ്പിച്ചിരിക്കുന്നതും. 

1955 ല്‍ മഹാരാഷ്ട്രയില്‍ ജനിച്ച സാൽവെ സുപ്രീം കോടതിയിലെ ഏറ്റവും അറിയപ്പെടുന്ന അഭിഭാഷകരില്‍ ഒരാളാണ്. ഈ വര്‍ഷം ജനുവരിയില്‍ യുകെയിലെ രാജ്ഞിയുടെ അഭിഭാഷകനായും അദ്ദേഹം നിയമിക്കപ്പെട്ടു. 1999 മുതല്‍ 2002 വരെ ഇന്ത്യയില്‍ സോളിസിറ്റര്‍ ജനറലായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

പാക്കിസ്ഥാന്‍ തടവിലാക്കിയ കുല്‍ഭൂഷണന്‍ ജാദവിനുവേണ്ടി 2017 മേയില്‍ രാജ്യാന്തര കോടതിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതും അദ്ദേഹം തന്നെയാണ്. ടാറ്റ ഗ്രൂപ്പ്, ഐടിസി, റിലയന്‍സ് എന്നീ വന്‍കിട സ്ഥാപനങ്ങള്‍ക്കുവേണ്ടിയും പല കേസുകളില്‍ അദ്ദേഹം ഹാജരായി. ഈ വര്‍ഷം ജൂണിലാണ് ആദ്യ ഭാര്യ മീനാക്ഷിയില്‍ നിന്ന് സാല്‍വെ വിവാഹമോചനം നേടുന്നത്. ഈ വിവാഹത്തില്‍ അദ്ദേഹത്തിനു രണ്ടു പെണ്‍മക്കളുമുണ്ട്- സാക്ഷിയും സാനിയയും.

English Summary: Who is Caroline Brossard? Meet The Woman Harish Salve is Getting Married to