പരമ്പരാഗത വിവാഹ വേഷം ഉപേക്ഷിച്ച് വിവാഹച്ചടങ്ങില്‍ പാന്റ്സ്യൂട്ട് ധരിച്ച് ഒരു ഇന്ത്യന്‍ യുവതി. ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ സംരംഭക 29 വയസ്സുകാരി സഞ്ജന റിഷിയാണ് ഇന്ത്യന്‍ വിവഹ സങ്കല്‍പങ്ങളെ വിപ്ലവകരമായ വേഷത്തിലൂടെ വെല്ലുവിളിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള വ്യവസായി ധ്രുവ് മഹാജനുമായായിരുന്നു സെപ്റ്റംബര്‍ 20 ന് സഞ്ജനയുടെ വിവാഹം. ഡല്‍ഹിയിലായിരുന്നു വിവാഹച്ചടങ്ങ്. 

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വിവാഹവേഷത്തിന് പാന്റ് സൂട്ട് ധരിക്കുന്നത് അപരിചിതമൊന്നുമല്ല. എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ തികച്ചും വിപ്ലവാത്മകമായിരുന്നു സഞ്ജനയുടെ വേഷം. ഇന്ത്യയില്‍ പൊതുവെ സാരിയും ലെഹംഗയും പോലുള്ള വേഷങ്ങളും നിറയെ ആഭരണങ്ങളുമായിരിക്കും സ്ത്രീകളുടെ പതിവ്. എന്നാല്‍ മുഖാവരണത്തിനൊപ്പം ഇളം നീല നിറത്തിലുള്ള പാന്റ് സ്യൂട്ട് ധരിച്ചാണ് സഞ്ജന എല്ലാവരെയും ഞെട്ടിച്ചത്. പ്രത്യേകിച്ച് മേക്കപ്പും സഞ്ജനയ്ക്ക് ഉണ്ടായിരുന്നില്ല. 

വിവാഹം തീരുമാനിച്ചപ്പോള്‍ സഞ്ജനയും ധ്രുവും രണ്ടു വിവാഹങ്ങള്‍ ആലോചിച്ചിരുന്നു. പടിഞ്ഞാറന്‍ രീതിയില്‍ ഒന്ന് അമേരിക്കയില്‍വച്ച് സെപ്റ്റംബറിലും ഇന്ത്യന്‍ ആചാരപ്രകാരം രണ്ടാമത്തെ വിവാഹച്ചടങ്ങ് നവംബര്‍ ഡല്‍ഹിയിലും. എന്നാല്‍ കോവിഡ് പദ്ധതികളെയെല്ലാം തകിടം മറിച്ചു. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സഞ്ജനയുടെ വ്യത്യസ്തമായ വിവാഹവേഷം കണ്ട് ഞെട്ടിയിരിക്കുകയാണ് ഫാഷന്‍ ഡിസൈനര്‍മാരും ബോളിവുഡിലും പ്രശസ്ത താരങ്ങളും വരെ. 

കുറേനാള്‍ മുന്‍പ് ഇറ്റലിയിലെ ഒരു കടയിലാണ് വിവാഹത്തിന് അണിഞ്ഞ പാന്റ്സ്യൂട്ട് സഞ്ജന കാണുന്നത്. ഇറ്റാലിയന്‍ ഡിസൈനര്‍ ജിയാന്‍ഫ്രാങ്കോ ഫെറെ 1990-ല്‍ എപ്പോഴോ ആണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. വിവാഹച്ചടങ്ങ് അടുത്തുവന്നപ്പോള്‍ ആ വസ്ത്രം ലഭ്യമാണെന്നറിഞ്ഞപ്പോള്‍ സഞ്ജനയ്ക്ക് സന്തോഷവും ആവേശവും തോന്നി. ഒട്ടും മടിക്കാതെ ആ വേഷം തന്നെ സ്വന്തമാക്കുകയും ചെയ്തു.

പാന്റ്സ്യൂട്ട് അണിഞ്ഞ സ്ത്രീ ശക്തയാണ് എന്നാണ് എനിക്കു തോന്നുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷവും അതുതന്നെയാണ്- സഞ്ജന പറയുന്നു. ഇത്തവണ വിവാഹത്തിന് 11 പേര്‍ മാത്രമാണ് പങ്കെടുത്തത്. തീര്‍ത്തും സ്വകാര്യമായ ഒരു ചടങ്ങ്. ലളിതമായ ചടങ്ങില്‍ താന്‍ ഇന്ത്യന്‍ വധുക്കളുടെ പരമ്പരാഗത വേഷം ധരിച്ചിരുന്നെങ്കില്‍ അതായിരിക്കും വിചിത്രമാകുക എന്നാണ് സഞ്ജന പറയുന്നത്. പാന്റ്സ്യൂട്ട് അണിഞ്ഞുവന്ന സഞ്ജനയുടെ വേഷം ഗംഭീരമായിരുന്നു എന്നാണ് ധ്രുവ് പറയുന്നത്. താന്‍ തീര്‍ത്തും അദ്ഭുതപ്പെട്ടുപോയെന്നും മികച്ച വസ്ത്രമായിരുന്നു അതെന്നും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തതോടെ സഞ്ജനയ്ക്ക് പൂര്‍ണസന്തോഷം.

English Summary: There is something very powerfull about a woman in a pant suit, says indian bride who wore one for her wedding