മക്കളെ വളര്‍ത്താനുള്ള അച്ഛനമ്മമാരുടെ കഷ്ടപ്പാടിനും വേദനകള്‍ക്കും സിംഗിള്‍ പാരന്റ് ചാലഞ്ചിലൂടെ സല്യൂട്ട് നല്‍കുകയാണ് സോഷ്യല്‍ മീഡിയ. മക്കളെ ഒറ്റയ്ക്ക് വളര്‍ത്തേണ്ടി വന്ന അച്ഛന്റെയോ അമ്മയുടെയോ കഥകളാണ് ഹാഷ്ടാഗിലൂടെ പങ്കുവയ്ക്കുന്നത്. എല്ലാ ഒറ്റപ്പെടലുകളേയും മായ്ച്ചു കളയുന്ന മക്കളുടെ പുഞ്ചിരിയെ കുറിച്ചാണ് നൂർജഹാൻ‌ എന്ന അമ്മ പറയുന്നത്. സ്നേഹം കൊണ്ട് പൊതിയുന്ന രണ്ട് മാലാഖമാരാണ് ജീവിക്കാനുള്ള തന്റെ ഊർജമെന്ന് നൂർജഹാൻ പറയുന്നു. സമൂഹ മാധ്യമ കൂട്ടായ്മയായ ദി മലയാളി ക്ലബിലാണ് നൂർജഹാൻ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

സ്വന്തം അനുഭവത്തെ കുറിച്ച് നൂർജഹാൻ പറയുന്നത് ഇങ്ങനെ: ‘അനുഭവിച്ച വേദനകൾ പങ്കുവച്ച് ആരെയും ബോറടിപ്പിക്കുന്നില്ല. എന്നെ കെയർ ചെയ്യാൻ മത്സരിക്കുന്ന രണ്ട് മാലാഖമാരെ തന്നാണ് ദൈവം എന്നെ അനുഗ്രഹിച്ചത്. സ്നേഹം പകുത്ത് പോകാതെ എനിക്ക് മാത്രമായി കിട്ടുന്നതിന്റെ സർവ അഹങ്കാരവും എനിക്ക് ഉണ്ട് കേട്ടോ. ആ അഹങ്കാരം ആണ് നിങ്ങൾക്ക് ജാഡായായിട്ട് തോന്നുന്നത്. വിലാപത്തിന്റെ മുഖംമൂടി വലിച്ചെറിഞ്ഞിട്ട് വർഷം 5-6 ആയി.’– നൂർജഹാൻ പറയുന്നു. 

മികച്ച വിദ്യാഭ്യാസവും ജോലിയും മക്കള്‍ നേടുമെന്ന് തനിക്കുറപ്പുണ്ടെന്നും നൂർജഹാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ‘എന്നെക്കാൾ നല്ല വിദ്യാഭ്യാസം, ജോലി, സോഷ്യൽ സ്റ്റാറ്റസ് ഒക്കെ എന്റെ കുഞ്ഞുങ്ങൾ നേടുമെന്നുള്ള കാര്യത്തിൽ എനിക്ക് ഒരു സംശയവും ഇല്ല(ഞാനല്ലേ role model) . ഞങ്ങൾ അടിപൊളി ആയിട്ടങ്ങ് ജീവിച്ച് പൊയ്ക്കോളാം.രണ്ട് പെൺകുട്ടികൾ ബാധ്യതയാണെന്ന് തെറ്റിദ്ധരിച്ച് കണ്ടം വഴിയോടിയ മഹാനോട് നന്ദി മാത്രം. താങ്കൾ കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്നിലെ വ്യക്തിത്വം ഇത്രയും സ്ട്രോങ്ങ് ആവില്ലായിരുന്നു. ഹസ്ബന്റ് എന്ത് ചെയ്യുന്നു, എവിടെയാണ്, തുടങ്ങിയ ചോദ്യങ്ങൾ ഇനിയെങ്കിലും ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു. കള്ളം പറയാൻ ഇനിയും വയ്യാത്തോണ്ടാ.’ അവർ വ്യക്തമാക്കുന്നു.  

English Summary: Noorjahan's Fb Post about single parent challenge