ഏത് അമ്മമാരുടെയും സ്വപ്നമായിരിക്കും മക്കളുടെ വിവാഹം. അതുപോലെ തന്നെ തനിച്ചാകുന്ന അമ്മയ്ക്ക് ഒരു കൂട്ടുവേണമെന്ന് ആഗ്രഹിക്കുന്ന മക്കളും ഉണ്ടായിക്കും. എന്നാൽ അമ്മയുടെയും മകളുടെ വിവാഹം ഒരേ പന്തലിൽ നടന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യുപിയിലെ ഗോരഖ്പൂരിലാണ് സംഭവം. ഒരേദിവസം ഒരേ പന്തലിൽ വിവാഹിതരായിരിക്കുകയാണ് ഒരമ്മയും മകളും. 

53 വയസ്സുള്ള ബലി ദേവിയും 27 വയസ്സുകാരി മകൾ ഇന്ദുവുമാണ് ഒരേ പന്തലിൽ വിവാഹിതരായത്. പിപ്രൗലി ബ്ലോക്കില്‍ നടന്ന സമൂഹവിവാഹത്തിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇരുപത്തിയഞ്ച് വർഷം മുൻപ് ബലിദേവിക്ക് ഭർത്താവിനെ നഷ്ടമായി. ഇപ്പോൾ അദ്ദേഹത്തിന്റെ അവിവാഹിതനായ സഹോദരനെയാണ് ബലീദേവി വിവാഹം കഴിച്ചിരിക്കുന്നത്. ബലിദേവിയുടെ ഭർത്താവിന്റെ ഇളയസഹോദരമാണ് അൻപത്തിയഞ്ചുകാരനായ ജഗദീഷ്. 

അമ്മയുടെ വിവാഹത്തില്‍ മക്കളായ തങ്ങൾക്ക് യാതൊരു എതിർപ്പും ഇല്ലെന്ന് പറയുകയാണ് ഇന്ദു. 29കാരനായ രാഹുലാണ് ഇന്ദുവിന്റെ ഭർത്താവ്. ഇത്രയും കാലം മക്കളെ കരുതലോടെ പരിപാലിച്ചവരാണ് അമ്മയും അച്ഛന്റെ സഹോദരനും. ഒടുവിൽ അവർ തന്നെ പരസ്പരം താങ്ങാകുന്നത് വളരെ സന്തോഷം നൽകുന്നുണ്ടെന്നും ഇന്ദു പറഞ്ഞു. ബലി ദേവിയുടെ രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും നേരത്തെ വിവാഹിതരായിരുന്നു. ഇന്ദുവും വിവാഹിതയാകുന്നതോടെ താൻ തനിച്ചാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് വീണ്ടും വിവാഹിതയാകാൻ ബലിദേവി തീരുമാനിച്ചത്. 

English Summary: India: Mother, daughter married on same day and at same wedding venue in Uttar Pradesh