പ്രണയദിനത്തിൽ ഡോ. സൗമ്യ സരിൻ സുഹൃത്തുക്കളോടു പങ്കുവച്ച അനുഭവക്കുറിപ്പിനു മുൻപ് ആമുഖമായെഴുതി: ‘കെട്ടിപ്പൂട്ടിവയ്ക്കാതെ സ്വതന്ത്രമായി വിടുക. ആ സ്നേഹം നിങ്ങൾക്കുള്ളതാണെങ്കിൽ അതു നിങ്ങളെത്തേടി വരികതന്നെ ചെയ്യും. അല്ലാത്തതൊന്നും പ്രണയമായിരുന്നില്ല’. 

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിന്റെ ഭാര്യയാണു നവജാതശിശുരോഗ വിദഗ്ധയായ സൗമ്യ. മെഡിക്കൽ ബിരുദവും സിവിൽ സർവീസ് പരീക്ഷയെഴുതി നേടിയ ഐഎഎഎസും മാറ്റിവച്ചു നാട്ടിൽ പൊതുപ്രവർത്തനത്തിനിറങ്ങിയ ഭർത്താവിന്റെ ഇഷ്ടങ്ങളുടെയും സഹയാത്രിക. 

∙ സൗമ്യയുടെ കുറിപ്പു തുടരുന്നു: ‘പ്രേമിച്ച കാലത്തെ സ്നേഹോന്നും ഇപ്പൊ ഇല്ല.. അന്നെന്തൊക്കെ ആയിരുന്നു! ഒക്കെ വെറുതെയായിരുന്നല്ലേ? കല്യാണം കഴിഞ്ഞതോടെ എല്ലാം തീർന്നു.  നമ്മളെപ്പോഴും പറയുന്ന, അല്ലെങ്കിൽ കേൾക്കുന്ന ഒരു പരാതിയല്ലേ അത്. പ്രത്യേകിച്ച് പ്രണയവിവാഹങ്ങളിൽ. ഞാനും പറഞ്ഞിട്ടുണ്ട് ഒരുപാടുതവണ.  ഇതെന്തു കൊണ്ടാകാം? ഇന്നുഞാൻ എന്റെ ജീവിതത്തിലേയ്ക്ക് ഒന്നുതിരിഞ്ഞു നോക്കുമ്പൊ എനിക്കുകിട്ടുന്ന ചില ഉത്തരങ്ങൾ ഇവിടെ കുറിക്കാം’. 

പ്രേമിച്ചു നടന്ന കാലത്തുതന്നെ സരിൻ തന്റെ ഭാവിയെപ്പറ്റി വളരെ വ്യക്തത പുലർത്തിയിരുന്ന ആളായിരുന്നു. മെഡിസിൻ പഠിക്കുമ്പോഴും അതുകഴിഞ്ഞു സിവിൽ സർവീസ് എന്നും അതിനു ശേഷം പൊതുപ്രവർത്തനം എന്നുമൊക്കെ സ്പഷ്ടമായി എന്നോടു പറഞ്ഞതാണ്. ഡോക്ടർ ദമ്പതികൾ എന്ന സുഖലോലുപത പ്രതീക്ഷിക്കരുത് എന്നു ചുരുക്കം. അന്നൊക്കെ ഞാനും വളരെ എക്സൈറ്റഡ് ആയി, എല്ലാത്തിനും സമ്മതം മൂളി.

സരിൻ വൈദ്യപഠനം കഴിഞ്ഞു ഡൽഹിയിലേക്കു പോയി. ഹൗസ് സർജൻസിയുടെ കൂടെത്തന്നെ സിവിൽ സർവീസ് കോച്ചിങ്ങിനും പോയിത്തുടങ്ങി. ആദ്യ ചാൻസിൽതന്നെ സിവിൽ സർവീസ് പരീക്ഷ പാസായി, ഇന്ത്യൻ അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് സർവീസിൽ പോസ്റ്റിങ് ലഭിച്ചു. ഞാൻ വളരെ ഹാപ്പി. അപ്പോഴേക്കും കല്യാണനിശ്ചയം കഴിഞ്ഞിരുന്നു. വൈകാതെ കല്യാണവും. എല്ലാം ശുഭം. പയ്യൻ ഡോക്ടർ, അതുംകൂടാതെ രാജ്യത്തെ ഏറ്റവും ഉന്നതമായ ജോലികളിൽ ഒന്നായി കണക്കാക്കുന്ന സിവിൽസർവീസിൽ പ്രവേശനവും ലഭിച്ചിരിക്കുന്നു. ഇനിയെന്തു വേണം!

ശിശുരോഗവിഭാഗത്തിലെ എന്റെ പിജി കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞപ്പോഴേക്കും സരിന്റെ ട്രെയിനിങ്ങും കഴിഞ്ഞു. ആദ്യ പോസ്റ്റിങ്ങ് തിരുവനന്തപുരം, ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ. ഞാൻ ജില്ലാ ആശുപത്രിയിലും ചേർന്നു. സന്തോഷ ജീവിതം. സർക്കാർ ചെലവിൽ താമസം, കാർ, ഡ്രൈവർ അങ്ങിനെ എല്ലാം. സംഗതി കൊള്ളാല്ലോ എന്ന് എനിക്കും തോന്നിത്തുടങ്ങി. പതുക്കെ പതുക്കെ പഴയ സ്വപ്നങ്ങളെ ഞാൻ മറന്നുതുടങ്ങി. ഇത്രയും സുഖസൗകര്യങ്ങളും പദവിയുമുള്ള ജോലി സരിൻ ഒരിക്കലും കളയില്ലെന്നു മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു. പൊതുപ്രവർത്തനവും രാഷ്ട്രീയവുമൊക്കെ ഇനി മറന്നോളുമെന്നു കരുതി. വൈകാതെ ഞങ്ങൾക്കു ബാംഗ്ലൂർക്ക് ട്രാൻസ്ഫർ ആയി.

പക്ഷേ, സരിൻ വളരെ അസ്വസ്ഥനായിരുന്നു. ഒരു സന്തോഷവുമില്ല. എന്നും ജനങ്ങളുടെ ഇടയിൽനിന്നു കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിച്ച സരിനെ ഓഫിസിന്റെ നാലു ചുമരുകൾ ഒരുപാടു ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. ‘എനിക്ക് പറ്റുന്നില്ല’ എന്നു പലതവണ എന്നോടു പറയുന്നുണ്ടായിരുന്നു. പക്ഷa സ്വാർഥയായ ഏതൊരു ഭാര്യയെയുംപോലെ അതൊക്കെ ഞാൻ കണ്ടില്ലെന്നു നടിച്ചു. ഒരുകുടുംബം നോക്കേണ്ടതാണ് എന്ന ക്ലീഷേ ഡയലോഗിൽ സരിനെ പിടിച്ചുകെട്ടി. ‘ഒരു പെൺകുട്ടിയാണു വളർന്നു വരുന്നത്. വെറുതെ കളിക്കരുത്’ എന്നു ചുറ്റുംനിന്ന്‌ ബാക്കിയുള്ളവരും ഏറ്റുപാടി.

ജീവിതം മുന്നോട്ടുപോയി. പക്ഷേ, ഞങ്ങളിൽ നിന്നു സന്തോഷവും പ്രണയവുമെല്ലാം ചോർന്നുപോകുന്നത് ഞാൻ തിരിച്ചറിഞ്ഞു. ഒരുപാടു വായിച്ചിരുന്ന, ക്വിസ് ചാംപ്യനായിരുന്ന സരിൻ ഒരു ന്യൂസ്‌പേപ്പർ പോലും വായിക്കാൻ മടിക്കുന്നു എന്നെനിക്കു മനസ്സിലായി. ഒരുയന്ത്രം പോലെ രാവിലെ ഓഫിസിലേക്കു പോകുന്നു, വൈകുന്നേരം തിരിച്ചുവരുന്നു. മുന്നേപറഞ്ഞ എല്ലാ സുഖസൗകര്യങ്ങളും അപ്പോഴും ഉണ്ടായിരുന്നു. പക്ഷേ, ജീവിതം കൈവിട്ടു പോകുകയായിരുന്നു.

ഞാൻ ചിന്തിച്ചു തുടങ്ങി. ‘ഈ സരിനെ ആയിരുന്നോ ഞാൻ ഇഷ്ടപെട്ടത്? ഈ സരിനെ കിട്ടാനായിരുന്നോ ഞാൻ ഒറ്റക്കാലിൽ നിന്നത്?’ അല്ല, ഞാൻ ഇഷ്ടപ്പെട്ടിരുന്ന സരിൻ ഇതല്ല. ചിന്തകളിൽ വ്യത്യസ്തനായിരുന്ന, മുൻശുണ്ഠിക്കാരനായിരുന്ന, എന്തും വ്യത്യസ്തമായി ചെയ്യണം എന്നാഗ്രഹിച്ചിരുന്ന, ഈ ലോകത്തിനു ഞാൻ കാരണം എന്തെങ്കിലും മാറ്റം കൊണ്ടുവരണം എന്നാഗ്രഹിച്ചിരുന്ന സരിനെയായിരുന്നു. ആ സരിനെ നഷ്ടപ്പെടുകയാണ്. ഇത് മറ്റാരോ ആണ്. 

‘നമുക്ക് ഈ ജോലി വേണ്ട.  നാട്ടിലേക്കു പോകാം. ഞാനൊരു ജോലിക്കു കയറാം. കണ്ണൻ കണ്ണന്റെ മനസ്സിന് ഇഷ്ടമുള്ളതു ചെയ്യ്. കുടുംബത്തെപ്പറ്റി ആവലാതിപ്പെടേണ്ട. ഞാൻ നോക്കിക്കോളാം’– രണ്ടും കൽപിച്ചു ഞാൻ പറഞ്ഞു. അന്നു സരിന്റെ കണ്ണുകളിൽ എത്രയോ കാലത്തിനു ശേഷം നഷ്ടപെട്ട ആ പ്രണയം ഞാൻ കണ്ടു. ചിറകുകൾ കൂട്ടിക്കെട്ടിയ ഒരു പക്ഷിയെ തുറന്നുവിട്ട പോലെയായിരുന്നു അത്. 

നാട്ടിൽ വന്നതിനുശേഷം സരിൻ അനുഭവിച്ച കാര്യങ്ങൾകണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്.  സ്വന്തം ലക്ഷ്യങ്ങളിലേക്ക് എത്താനുള്ള വഴിയിൽ ചവിട്ടുന്ന മുള്ളുകൾ എന്നെയും നോവിച്ചിട്ടുണ്ട്. എത്രയോതവണ ഞാൻ ചോദിച്ചിട്ടുണ്ട്, ‘വേണോ നമുക്കിത്?’ അപ്പോഴൊന്നു ആ കണ്ണിൽ നിരാശയുടെ ഒരു ലാഞ്ഛന പോലും ഞാൻ കണ്ടിട്ടില്ല. ‘ഞാൻ ഇപ്പോൾ ഹാപ്പിയാണ്. ഞാൻ ആഗ്രഹിച്ചതാണ് ഞാനിപ്പോൾ ചെയ്യുന്നത്. അതുമതി’ എന്ന ഉത്തരം മാത്രമേ കഴിഞ്ഞ ആറു കൊല്ലമായി ഞാൻ കേട്ടിട്ടുള്ളു. അതിനിയും അങ്ങനെത്തന്നെയായിരിക്കും. 

‘കൂട്ടിൽ അടയ്ക്കാതെ സ്വതന്ത്രമായി വിടുക. ആ സ്നേഹം നിങ്ങൾക്കുള്ളതാണെങ്കിൽ അതു നിങ്ങളെത്തേടി എത്തുക തന്നെ ചെയ്യും. അല്ലാത്തതൊന്നും പ്രണയമായിരുന്നില്ല’. 

∙ തിരുവില്വാമല പകവത്ത് സരിൻ(37) കോഴിക്കോട്  മെഡിക്കൽ കോളജിലും മണ്ണാർക്കാട് നെച്ചുള്ളിയിൽ സൗമ്യ (36) പരിയാരം മെഡിക്കൽ കോളജിലും വിദ്യാർഥികളായിരുന്ന കാലത്ത്, 2004ലെ ഇന്റർ മെഡിക്കൽ കോളജ് കലോത്സവത്തിൽവച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നതും പ്രണയത്തിലായതും. 

ഹൗസ് സർജൻസിയും സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പുമായി  സരിൻ ഡൽഹിയിൽ കഴിയുമ്പോൾ ശിശുരോഗ ചികിത്സയിൽ പിജി വിദ്യാർഥിയായിരുന്നു സൗമ്യ. വിവാഹ ശേഷം ബെംഗളൂരുവിൽനിന്നു ഡിപ്ലോമ(ഡിഎൻബി) നേടിയതു രാഷ്ട്രപതിയുടെ സ്വർണ മെഡലോടുകൂടി.

സിവിൽ സർവീസ് പരീക്ഷയിൽ 555ാം റാങ്ക് നേടി ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിൽ(ഐഎഎഎസ്) ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലായിരുന്നു ഡോ. പി. സരിൻ. പൊതുപ്രവർത്തനത്തോ‌ട് താൽപര്യം മൂത്തു ജോലി ഉപേക്ഷിച്ചു. ഒറ്റപ്പാലത്തു സ്ഥിര താമസമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ, ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ സ്ഥാനാർഥികളാകാൻ സാധ്യതയുള്ളവരുടെ പട്ടികയിലെ മുൻനിരയിൽ സരിനുമുണ്ട്. 

ഭർത്താവിൽനിന്നു പകർന്നുകിട്ടിയ പൊതുപ്രവർത്തനത്തോടുള്ള താൽപര്യവുമായി ‘സായ’ എന്ന പേരിൽ ഒരു സന്നദ്ധ സംഘടനയ്ക്കു രൂപംനൽകാനുള്ള ശ്രമത്തിലാണു ഡോ. സൗമ്യ. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണമാണു  ഡോക്ടർമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും കൂട്ടായ്മയായി വിഭാവനം ചെയ്യുന്ന സായയുടെ ലക്ഷ്യം. 

English Summary: Dr. Soumya Sarin's viral social media post about her life