ഏറ്റവും പ്രിയപ്പെട്ടൊരാള്‍ പെട്ടെന്നൊരു ദിവസം ഇല്ലാതാകുന്നതോടെ ലോകം മുഴുവന്‍ ഇരുട്ട് മൂടുന്ന പോലെയാണു തോന്നുക. ജീവിതയാത്രയുടെ അവസാനം എത്തിയെന്നും. മുന്നിലും പിന്നിലും വശങ്ങളിലുമെല്ലാം ഇരുട്ട്. ജീവിതത്തിലുള്ള എല്ലാ താത്പര്യവും നഷ്ടപ്പെട്ട് ശ്വസിക്കുന്ന ദേഹം മാത്രമായി മാറുന്നു പല മനുഷ്യരും പിന്നീട്. അങ്ങനെയുള്ള ഒട്ടേറെ കഥകളുണ്ടെങ്കിലും പ്രണയ നഷ്ടത്തിന്റെയും വിഷാദത്തിന്റെയും നിസ്സംഗതയുടെയും കാണാക്കയത്തില്‍ നിന്നു തിരിച്ചുവന്ന കഥയാണ് ഫെയ്സ് ബുക്ക് നേതൃത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ ഷെറില്‍ സാന്‍ഡ്ബര്‍ഗിനു പറയാനുള്ളത്. 

ആറു വര്‍ഷം മുന്‍പ് 2015 ല്‍ 48 വയസ്സ് മാത്രം ഉണ്ടായിരുന്നപ്പോഴാണ് ഷെറിലിന്റെ കാമുകനും എല്ലാമെല്ലാം ആയിരുന്ന ഡേവ് ഗോള്‍ഡ്ബര്‍ഗ് അപ്രതീക്ഷിതമായി മരിക്കുന്നത്. അതോടെ ജീവിതം മടുത്ത അവസ്ഥയിലായി ഷെറില്‍. എല്ലാം പ്രവർത്തികളുടെയും അര്‍ഥം നഷ്ടപ്പെട്ടപോലെയും. അന്നു വിഷാദത്തിലും നിരാശയിലും വീണ അവര്‍ ഇപ്പോള്‍ ജീവിതത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. സന്തോഷത്തിലേക്ക് സജീവമായ ജോലിയിലേക്കും. എല്ലാറ്റിനും നന്ദി പറയുന്നത് ഇപ്പോഴത്തെ കാമുകനായ ടോം ബേണ്‍ഥാളിന്. ടോമിന് നന്ദി പറഞ്ഞുകൊണ്ട് ഒരു തുറന്ന കത്തുതന്നെ എഴുതിയിരിക്കുകയാണ് ഇപ്പോള്‍ ഷെറില്‍. 

‘ 2015 ല്‍ എനിക്കു ഡേവിനെ നഷ്ടപ്പെടുമ്പോള്‍ ലോകം കീഴ്മേല്‍ മറിയുന്നതുപോലെയാണ് തോന്നിയത് ’ - ഇപ്പോള്‍ 51 വയസ്സുള്ള ഷെറില്‍ പറയുന്നു. ഡേവിനെ സ്നേഹിച്ചതുപോലെ ജീവിതത്തില്‍ എന്നെങ്കിലും മറ്റാരെയെങ്കിലും സ്നേഹിക്കാന്‍ കഴിയുമോ എന്നും അവര്‍ സംശയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാം മാറിയത് ഡേവിന്റെ സഹോദരന്‍ റോബ് അദ്ദേഹത്തിന്റെ സുഹൃത്തായ ടോമിനെ ഷെറിലിനു പരിചയപ്പെടുത്തിയതോടെയാണ്. 

ഇന്ന് ഞാന്‍ എന്റെ കാമുകന്‍ ടോമിന് ഒരു തുറന്ന കത്തെഴുതുകയാണ്. ടോമിനൊപ്പം ജീവിതത്തിലെ വലിയൊരു പാഠം ഞാന്‍ പഠിച്ചിരിക്കുന്നു. ഓപ്ഷന്‍ എ ഇല്ലാതാകുമ്പോള്‍ പകരം വയ്ക്കാന്‍ ഓപ്ഷന്‍ ബി ഉണ്ടാകും. അതും സന്തോഷത്തോടെയും ആവേശത്തോടെയും. ഇപ്പോഴിതാ ടോമിനൊപ്പം സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും പുതിയൊരു ജീവിതം ഞാന്‍ കണ്ടെത്തിയിരിക്കുന്നു. ഇന്നെന്റെ ജീവിതം മുഴുവന്‍ ശുഭപ്രതീക്ഷയാണ്. അതിരുകളില്ലാത്ത ആഹ്ലാദവും- ഷെറില്‍ എഴുതുന്നു. 

കെല്‍ട്ടണ്‍ ഗ്ലോബല്‍ എന്ന മാര്‍ക്കറ്റിങ് സ്ഥാപനത്തിന്റെ സഹ സ്ഥാപകനും എക്സിക്യൂട്ടീവ് ഓഫിസറുമായ ടോമുമായി പ്രണയത്തിലാണെന്ന് കഴിഞ്ഞ വര്‍ഷമാണ് ഷെറില്‍ വെളിപ്പെടുത്തിയത്. ടോം, താങ്കളാണ് എന്റെ ജീവിതത്തിന്റെ എല്ലാമെല്ലാം. ഇതിലും നന്നായി എങ്ങനെ ഞാന്‍ താങ്കളെ സ്നേഹിക്കും -കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഈ വരികളോടെയാണ് തന്റെ പുതുപ്രണയം അവര്‍ ലോകത്തെ അറിയിച്ചത്. 

ആദ്യത്തെ ബന്ധത്തിലുള്ള കുട്ടികളുടെ കാര്യത്തില്‍ ടോം വലിയ താത്പര്യം കാണിച്ചതും ഷെറിലിനെ ആഹ്ലാദിപ്പിച്ചു. മറ്റുള്ളവരോടുള്ള കരുതലാണ് ടോമിനെ വേറിട്ടുനിര്‍ത്തുന്നതെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ആദ്യ കാമുകന്റെ മരണത്തിന്റെ വേദന എന്നും തന്റെ ഹദയത്തിലുണ്ടാകുമെങ്കിലും വീണ്ടും സ്നേഹിക്കാന്‍ കഴിയുമെന്ന് തന്നെ മനസ്സിലാക്കിയത് ടോം ആണെന്നും ഷെറില്‍ കത്തില്‍ നന്ദിയോടെ സമ്മതിക്കുന്നു. 

English Summary: Facebook COO Sheryl Sandberg Thanks Fiance For Helping Her Find Love After Death Of Husband