എക്കാലവും ആരാധകരുടെ പ്രിയ താരങ്ങളാണ് കജോളും അജയ് ദേവഗണും. സമൂഹമാധ്യമങ്ങളിൽ ആക്ടീവായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ ആഘോഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മൂത്തമകൾ നൈസയുടെ പതിനെട്ടാം ജന്മദിനത്തോടനുബന്ധിച്ച് കജോൾ പങ്കുവച്ച ഹൃദ്യമായ കുറിപ്പാണ് ഇപ്പോൾ  സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

കുഞ്ഞു നൈസയുമൊത്തുള്ള മനോഹര ചിത്രത്തിനൊപ്പമാണ് കജോൾ ഹൃദ്യമായ കുറിപ്പ് പങ്കുവച്ചത്. നൈസയുടെ ജനനം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷയായിരുന്നു എന്നാണ് കജോൾ പറയുന്നത്. മാതൃത്വത്തിന്റെ വ്യത്യസ്ത തലങ്ങളെ കുറിച്ചും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. ‘നീ ജനിച്ചപ്പോൾ‍ എനിക്കാകെ ഭയവും ആശങ്കയും ആയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷയായിരുന്നു അത്. ഒരു വർഷം മുഴുവൻ ഭയത്തോടെയും ആശങ്കയോടെയുമാണ് കടന്നു പോയത്. നിനക്ക് പത്ത് വയസ്സായപ്പോൾ ഇനി മുതൽ അധ്യാപികയെ പോലെ പെരുമാറണമെന്ന് ഞാൻ തീരുമാനിച്ചു. ഇന്ന് ഈ നിമിഷത്തിൽ എത്തി നിൽക്കുമ്പോള്‍ എത്ര വ്യത്യസ്ത കാലങ്ങളിലൂടെയാണ് നമ്മൾ കടന്നു പോയതെന്ന് ഞാൻ ഓർക്കുകയാണ്. ’– കജോൾ കുറിച്ചു. 

ഒരു സ്ത്രീ എങ്ങനെയെയായിരിക്കണം എന്ന് നൈസയെ പഠിപ്പിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും കജോൾ പറഞ്ഞു. ‘ ഉയരങ്ങൾ കീഴടക്കാൻ ഒരു സ്ത്രീക്ക് കഴിയുമെന്ന കാര്യം നിനക്ക് വ്യക്തമായി അറിയാം. എപ്പോഴും പ്രകാശം പരത്തുന്നവളായി നിൽക്കാൻ നിനക്ക് കഴിയണം. നിന്നിലെ ജ്വാല കെടുത്താൻ ആരെയും അനുവദിക്കരുത്. നിന്റെ കയ്യിൽ ഉപകരണങ്ങളുണ്ട്. നിന്റെ ശക്തി നല്ലതിനു വേണ്ടി ഉപയോഗിക്കുക. സന്തോഷമുള്ള യുവത്വം ആശംസിക്കുന്നു’– കജോൾ സോഷ്യൽ മീഡിയയിസല്‍ കുറിച്ചു. പിതാവ് അജയ് ദേവ്ഗണും നൈസയ്ക്ക് പിറന്നാളാശംസകൾ നേർന്നു.

English Summary: Kajol's Birthday Wish To Her Daughter