വിവാഹ വേളയിലെ വരന്റെ തീരുമാനം വധുവിനെ മാത്രമല്ല, ചടങ്ങില്‍ പങ്കെടുത്തവരെ മാത്രമല്ല, അറിഞ്ഞവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. വിവാഹത്തിന്റെ അനശ്വര അടയാളമായി വധുവിന് ചാര്‍ത്തുന്ന മംഗല്യസൂത്രം സ്വയം അണിഞ്ഞാണ് വരന്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. സംഭവം പുണെയിലാണ്. ഷാര്‍ദൂല്‍ കദം എന്ന വരനാണ് വിചിത്രവും അസാധാരണവുമായ തീരുമാനത്തിലൂടെ ശ്രദ്ധേയനായിരിക്കന്നത്. എന്നാല്‍ തീരുമാനത്തിനു പിന്നില്‍ ഫെമിനിസം ആശയത്തോടുള്ള വരന്റെ പ്രതിബദ്ധതയാണെന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിരിക്കുന്നു. 

തീരുമാനത്തെ വധു തനൂജയും ബന്ധുക്കളും പൂര്‍ണമായി പിന്തുണച്ചെങ്കിലും സമൂഹ മാധ്യമങ്ങളില്‍ ഷാര്‍ദൂലിനെ പരിഹസിക്കുന്നവരുമുണ്ട്. ട്രോളുകളുണ്ടാക്കിയാണ് അവര്‍ പരിഹാസത്തിനു മൂര്‍ച്ച കൂട്ടിയത്. എന്നാല്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെയാണു ഷാര്‍ദൂലിന്റെയും തനൂജയുടെയും തീരുമാനം. രണ്ടു വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങള്‍ പരസ്പരം പിന്തുണയ്ക്കുന്നു. 

വിവാഹം എന്ന യാത്രയില്‍ രണ്ടു സ്വതന്ത്ര വ്യക്തികളായിത്തന്നെയാണു ഞങ്ങള്‍ ചേരുന്നത്. ജോലി, ജീവിതം, സ്വപ്നങ്ങള്‍ ഒക്കെ പരസ്പരം പങ്കുവച്ചും സഹയാത്രികരായും മുന്നോട്ടുപോകാനാണു തീരുമാനം. ലോകം അതിനെ എങ്ങനെ കാണുന്നു എന്നതു ഞങ്ങള്‍ക്കൊരു പ്രശ്നമേ അല്ല : ട്രോളുകള്‍ക്കു മറുപടിയായി ഷാര്‍ദൂല്‍ പറയുന്നു. 

കോളജില്‍ ഒരേ ക്ലാസ്സിലാണ് ഷാര്‍ദൂലും തനൂജയും പഠിച്ചത്. നാലു വര്‍ഷം ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഇരുവരും തമ്മില്‍ അടുത്ത ബന്ധമൊന്നും ഉണ്ടായിരുന്നില്ല. പഠന കാലത്തിനു ശേഷം യാദൃഛികമായി ഇരുവരും സമൂഹ മാധ്യമങ്ങള്‍ വഴി വീണ്ടും സൗഹൃദം പുതുക്കുകയായിരുന്നു. അതു കൂടിക്കാഴ്ചകളിലേക്കു നയിച്ചു. ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്കും. ഒരു 

ദിവസം ചര്‍ച്ച ഫെമിനിസത്തെക്കുറിച്ചായിരുന്നു. താന്‍ ഒരു കടുത്ത ഫെമിനിസ്റ്റാണെന്ന് ഇതിനിടെ ഷാര്‍ദൂല്‍ വെളിപ്പെടുത്തിയതോടെ ഇരുവരും പിരിഞ്ഞിരിക്കാന്‍ കഴിയാത്ത സുഹൃത്തുക്കളായി മാറി. ഇതിനിടെ ഷാര്‍ദീലിന്റെ ജന്‍മദിനത്തില്‍ തനൂജ ഒരു കാര്‍ഡ് സമ്മാനിച്ചു. അതോടെ പരസ്പര ഇഷ്ടം അവര്‍ തുറന്നുപറഞ്ഞു. വിവരം അച്ഛനമ്മമാരോടു പറഞ്ഞപ്പോള്‍ അവര്‍ക്കും സമ്മതം, സന്തോഷം. 

വിവാഹം തീരുമാനിച്ചപ്പോള്‍ ഒരു കാര്യം ഷാര്‍ദൂല്‍ വ്യക്തമാക്കിയിരുന്നു: വിവാഹത്തില്‍ വധു മാത്രം എന്താണു മംഗല്യസൂത്രം അണിയുന്നത്. അതു രണ്ടുപേര്‍ക്കും വേണ്ടതല്ലേ. എന്തായാലും നമ്മുടെ വിവാഹത്തിന് ഞാനും മംഗല്യസൂത്രം അണിയും. ഷാര്‍ദൂലിന്റെ അഭിപ്രായത്തില്‍ വിവാഹം എന്നാല്‍ തുല്യതയാണ്. സമത്വമാണ്. അല്ലാതെ അടിമത്തമല്ല. മംഗല്യസൂത്രം വിവാഹദിനത്തില്‍ മാത്രമാണോ അണിയുക എന്ന ചോദ്യവും ഷാര്‍ദൂലിനു നേരിടേണ്ടിവന്നു. എല്ലാം ദിവസവും അതണിയും എന്നായിരുന്നു മറുപടി. ഇരുവരും പരസ്പരം മംഗല്യസൂത്രം അണിയിച്ചപ്പോള്‍ അവിടെകൂടിയിരുന്ന ഏതാനും പുരുഷന്‍മാര്‍ക്കുമാത്രമാണു സംഗതി രസിക്കാതെപോയത്. ബാക്കിയെല്ലാവരും സന്തോഷപൂര്‍വം കയ്യടിക്കുകയായിരുന്നു. ഇഷ്ടപ്പെടാത്തവരും ഒന്നും പറയാന്‍ ധൈര്യം കാണിച്ചില്ല. എന്നാല്‍ ട്രോളുകളും ഇതോടെ തുടങ്ങി. 

മംഗല്യസൂത്രം ധരിച്ചു. ഇനി നിങ്ങള്‍ സാരി കൂടി ധരിക്കുമോ എന്നു ചോദ്യങ്ങള്‍ ഉയര്‍ന്നു. സ്ത്രീകളെപ്പോലെ എല്ലാം മാസവും നിങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകുമോ എന്നും. സ്വതന്ത്രചിന്താഗതിക്കാര്‍ പോലും ഷാര്‍ദൂലിനെ നിരുത്സാഹപ്പെടുത്താനും ശ്രമിച്ചു. സ്ത്രീ-പുരുഷ സമത്വത്തെ ഇങ്ങനെയൊരു തീരുമാനത്തിലൂടെയല്ല പിന്തുണയ്ക്കേണ്ടത് എന്നായിരുന്നു അവരുടെ അഭിപ്രായം. 

എന്നാല്‍ വധൂവരന്‍മാര്‍ ഉറച്ചുനിന്നു. ഇപ്പോള്‍ വിവാഹം കഴിഞ്ഞു 4 മാസമായി. പരിഹാസത്തെയും അവഗണനയെയും ട്രോളുകളെയും അതിജീവിച്ച് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നു. അപൂര്‍വമായ സ്ത്രീ-പുരുഷ തുല്യതയുടെ മാതൃകകളായി. 

English Summary: Man wears mangalsutra on wedding day to support gender equality. Viral story