മഹാമാരിക്കാലത്ത് കണ്ണു നിറയ്ക്കുന്ന വാർത്തകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കേൾക്കുന്നത്. സെക്കന്ദരാബാദിൽ നിന്നുള്ള ഒരു ദൃശ്യവും കേൾക്കുന്നവരുടെ കണ്ണ് നിറക്കുകയാണ്. അഞ്ച് ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി കോവിഡ് വാർഡിന് മുന്നിൽ കാവലിരിക്കുന്ന പിതാവിന്റെ ദൃശ്യ‌മാണത്. കുഞ്ഞിന്റെ അമ്മ കൊവിഡ് ബാധിച്ച് വാർഡിൽ അഡ്മിറ്റാണ്. 20കാരനായ കൃഷ്ണയാണ് കുഞ്ഞിനെയും കയ്യിലെടുത്ത് കാത്തിരിക്കുന്നത്.

കൃഷ്ണയുടെ ഭാര്യ ആശ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇടക്ക് കൃഷ്ണ സെക്യൂരിറ്റിയുടെ അടുത്തെത്തി ഭാര്യയുടെ ആരോ​ഗ്യത്തെ കുറിച്ച് അന്വേഷിക്കും. വീണ്ടും കുഞ്ഞിനടുത്ത് ചെന്നിരിക്കും. വീണ്ടും ഇതുതന്നെ തുടരും. സഹായത്തിന് കൃഷ്ണയുടെ അമ്മ ഒപ്പമുണ്ട്.

അഞ്ച് ദിവസം മുമ്പാണ് ആശ പ്രസവിച്ചത്. കുഞ്ഞിനെ തന്റെ കയ്യിൽ തന്നാണ് അവൾ വാർഡിലേക്ക് പോയത്. പൊടി കലക്കിയതും ചൂടുവെള്ളവുമാണ് കു‍ഞ്ഞിന് നൽകുന്നതെന്നും കൃഷ്ണ പറയുന്നു. ആരെങ്കിലും മോഷ്ടിച്ചാലോ എന്ന് ഭയന്ന് കുഞ്ഞിനടുത്തുനിന്ന് മാറാനുമാകുന്നില്ല. പിന്നീട് കൃഷ്ണയ്ക്ക് വേണ്ട സഹായങ്ങൾ ലഭിച്ചുവെന്നും കുടുംബം നാട്ടിലേക്ക് മടങ്ങിയെന്നും ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.