ഒരാഴ്ച മുൻപ് ബിഹാർ മുഖ്യമന്ത്രിയോട് ഒരു യുവാവ് നടത്തിയ അഭ്യർഥന ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാമുകിയുടെ കല്യാണം നടക്കാതിരിക്കാൻ മുഖ്യമന്ത്രിയുടെ സഹായം ചോദിച്ച യുവാവാണ് ചിരി ഉണർത്തുന്നത്. ലോക്ഡൗണുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ച നിതീഷ് കുമാറിന്റെ ട്വീറ്റിന് താഴെയാണ് പങ്കജ് കുമാർ ഗുപ്ത എന്ന യുവാവ് അഭ്യർഥനയുമായി എത്തിയത്.

‘ലോക്ക്ഡൗണിന്റെ ഗുണം ഇപ്പോൾ വ്യക്തമാണ്. അതുകൊണ്ട് തന്നെ മെയ് 16 മുതൽ 25 വരെ ലോക്ക്ഡൗൺ 10 ദിവസം കൂടി നീട്ടാൻ തീരുമാനിച്ചു.’ ഇതായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. ഇതിന് താഴെ യുവാവ് കുറിച്ചതിങ്ങനെ. ‘സർ, നിങ്ങൾക്ക് വിവാഹങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ കഴിയുമെങ്കിൽ, മെയ് 19 ന് നടക്കാനിരുന്ന എന്റെ കാമുകിയുടെ വിവാഹവും മുടങ്ങും. ഞാൻ എന്നേക്കും നിങ്ങളോട് കടപ്പെട്ടവനായിരിക്കും.’ യുവാവ് കുറിച്ചു.

ഒട്ടേറെ പേരാണ് യുവാവിന്റെ ഈ അഭ്യർഥ സ്വീകരിക്കണമെന്ന് ചിരിയോടെ മുഖ്യമന്ത്രിയോട് പറയുന്നത്. കുറച്ച് പേർ പ്രണയം തകർന്നതിൽ നിരാശനാകരുത് എന്ന് ഉപദേശിക്കുന്നുണ്ട്. ഏതായാലും ട്വീറ്റ് ഇപ്പോൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധനേടുകയാണ്.