അഞ്ചുവർഷം മുമ്പ് നടന്ന ഒരു സംവാദം. പങ്കെടുക്കുന്നത് ആ വര്‍ഷം സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഡോ. രേണുരാജും കോളജ് വിദ്യാർഥികളും. പതിവുചോദ്യങ്ങൾക്കിടെ അപ്രതീക്ഷിതമായ ഒരു ചോദ്യം രേണുവിനോട്. ദീര്‍ഘദൃഷ്ടിയുള്ള ചോദ്യം. ഔദ്യോഗിക ജീവിതത്തിൽ രാഷ്ട്രീയം, പണം, അധികാരം തുടങ്ങിയവയുടെ സ്വാധീനമുണ്ടായാൽ എന്തു ചെയ്യും? ചോദ്യം കേട്ടു പതറിയില്ല ഐഎഎസുകാരി. രണ്ടാമതൊന്ന് ആലോചിക്കുകയും ചെയ്തില്ല ഡോക്ടര്‍ കൂടിയായ ആ ചെറുപ്പക്കാരി. സൗമ്യമെങ്കിലും ദൃഡമായ സ്വരത്തില്‍ രേണു പറഞ്ഞു:

"പണമാണു ജീവിതത്തിലെ ലക്ഷ്യമെങ്കിൽ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതായിരുന്നു കൂടുതൽ ലാഭകരം. സിസ്റ്റത്തിനൊപ്പം നിൽക്കുകയും വ്യക്തിപരമായ ആദർശങ്ങളിൽ നിന്നു വ്യതിചലിക്കാതിരിക്കുകയുമാണ് എന്റെ മുന്നിലുള്ള വെല്ലുവിളി. ഒരു ദിവസം കൊണ്ടു സമൂഹത്തെ മാറ്റിമറിക്കാം എന്ന അതിമോഹമൊന്നുമില്ല. ഒരു കാര്യം എനിക്കുറപ്പിച്ചു പറയാനാകും, ന്യായമായ ആവശ്യവുമായി എന്റെ മുന്നിൽ എത്തുന്ന ഒരു സാധാരണക്കാരനും അനാവശ്യമായി ഒരു തവണ കൂടി എന്റെ മുന്നിൽ വരേണ്ടി വരില്ല.

അഞ്ചുവർഷത്തിനുശേഷവും പ്രസക്തമാണ് രേണുവിന്റെ വാക്കുകൾ; പ്രത്യേകിച്ചും ദേവികുളത്തെ വിവാദസംഭവങ്ങളുടെ പശ്ഛാത്തലത്തിൽ. ഒരു ചെറുപ്പക്കാരിയുടെ ആവേശപ്രകടനം മാത്രമായിരുന്നില്ല ആ വാക്കുകൾ എന്ന് ഇന്നു വ്യക്തമാകുന്നു. തെറ്റിനെ എതിർക്കുകയും നീതിക്കുവേണ്ടി നിലകൊള്ളുകയും പ്രത്യാഘാതങ്ങൾ ചിന്തിക്കാതെ ശരിയ്ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്ത ഒരു വ്യക്തിയുടെ ആദർശധീരത. പഠിച്ചിറങ്ങിയകാലത്തെ അതേ തീപ്പൊരിയാണ് താനിന്നും എന്നവർ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. 

അപമാനവും ഭീഷണിയും ആക്ഷേപവും ഉണ്ടായാലും സത്യം വിജയിക്കുമെന്നും ആദർശം തിരിച്ചറിയപ്പെടുമെന്നും. അധികാരസ്ഥാനത്ത് അവരോധിക്കപ്പെട്ടാല്‍ വെറും പാവകളും ഏറാന്‍മൂളികളും മാത്രമാണ് ഉദ്യോഗസ്ഥര്‍ എന്ന പഴമൊഴിയെക്കൂടി തെറ്റിക്കുകയാണ് ഡോ.രേണുരാജ് എന്ന യുവ വനിതാ ഐഎഎസുകാരി. അവര്‍ മാത്രമല്ല, പാർട്ടി ഓഫിസിലെ റെയ്ഡിലൂടെ ഭരണപക്ഷ പാർട്ടിയുടെ അപ്രീതിക്കുമുന്നിലും കൂസാതെ നിന്ന ഐപിഎസുകാരി ചൈത്ര തെരേസ മാത്യുവും ആദര്‍ശം തങ്ങള്‍ക്ക് ഷോകേസിലെ ട്രോഫി മാത്രമല്ലെന്ന് അടുത്തിടെ തെളിയിച്ചിരുന്നു. ഇപ്പോഴിതാ രേണുവും. ഈ യുവപോരാളികള്‍, വനിതകള്‍ തെളിയിക്കുകയാണ് ആദർശധീരത സമൂഹത്തിൽനിന്ന് പൂർണമായും കുറ്റിയറ്റുപോയിട്ടില്ലെന്ന്. പ്രതീക്ഷയ്ക്ക് ഇനിയും വകയുണ്ടെന്ന്. പുതിയ തലമുറയിലെ ഭരണ വർഗ ഉദ്യോഗസ്ഥരിലും നട്ടെല്ലുള്ളവരുണ്ടെന്ന്. 

സബ് കലക്ടർമാരെ നിലം തൊടാൻ അനുവദിക്കാറില്ലാത്തതില്‍ കുപ്രശസ്തി നേടിയ സ്ഥലമാണ് ഇടുക്കി. കഴിഞ്ഞ എട്ടു വർഷത്തിനിടെ ഇവിടെ വന്നുപോയത് 14 സബ് കലക്ടർമാർ. ഏറ്റവുമൊടുവിൽ വി.ആർ. പ്രേംകുമാറിനെ മാറ്റിയപ്പോഴാണ് ഡോ. രേണു രാജ് പുതിയ സബ് കലക്ടറായി കഴിഞ്ഞവർഷം നവംബറിൽ എത്തിയത്. ഭൂമി കയ്യേറ്റങ്ങളും അവയ്ക്കെതിരായ നിലപാടുകളുമാണ് ഉദ്യോഗസ്ഥരുടെ കസേരയിളക്കുന്നത്. ദേവികുളത്തെയും മൂന്നാറിലെയും മറ്റും കയ്യേറ്റക്കാർക്കെതിരെ നിലപാടെടുത്താൽ, ഭൂമാഫിയയ്ക്കുമെതിരെ നടപടിയെടുത്താൽ രാഷ്ട്രീയക്കാർ അവർക്കു സമ്മാനിക്കും സ്ഥാനചലനം എന്ന പ്രതിഫലം. അഞ്ചു ദിവസം മാത്രം സബ് കലക്ടറായി ഇരുന്നവർ പോലുമുണ്ടായിട്ടുണ്ട് ഇടുക്കിയില്‍ എന്നോർക്കുക.

അങ്ങനെയൊരു സ്ഥലത്ത് എത്തിയിട്ടും മുൻഗാമികളിൽ നിന്നു പാഠം പഠിച്ച്, സ്വന്തം കസേര സുരക്ഷിതമാക്കുകയല്ല രേണു ചെയ്തത്. പകരം ആദർശത്തിന്റെ വഴിയിൽ ധൈര്യത്തോടെ നീങ്ങാന്‍. ആ ധൈര്യത്തിലാണ് മൂന്നാറിലെ അനധികൃത നിർമാണങ്ങളെക്കുറിച്ചുള്ള റിപോർടുമായി അവർ മുന്നോട്ടുപോയത്. ആ റിപോര്‍ട് ഇന്നു ഹൈക്കോടതിക്കു മുന്നിലെത്തും. അതിലും ഉണ്ടായിരിക്കും സ്ഫോടനാത്കമായ വിവരങ്ങള്‍. റവന്യൂവകുപ്പിന്റെ അനുമതി പത്രം ഇല്ലാതെ മൂന്നാർ പഞ്ചായത്ത് പഴയ മൂന്നാറിലെ ബസ് സ്റ്റാൻഡിലുള്ള സ്ഥലത്ത് നിർമിക്കുന്ന വനിതാ വ്യവസായ കേന്ദ്രത്തിന്റെ നിർമാണം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയത് മറ്റൊരു ധീരമായ പ്രവൃത്തി. അതിന്റെ പേരിലാണ് ഒരു ജനപ്രതിനിധിയുടെ ഹീനമായ ഭാഷയിലുള്ള ആക്ഷേപം രേണുവിന്റെ കേള്‍ക്കേണ്ടിവന്നിരിക്കുന്നതും. പക്ഷേ, മാധ്യമങ്ങളും പൊതുസമൂഹവും ഇത്തവണ രേണുവിനൊപ്പം നിന്നു. പ്രതിഷേധത്തിന്റെ ചൂടറിഞ്ഞതോടെ എംഎല്‍എയ്ക്ക് സ്വരം മാറ്റേണ്ടിവന്നിരിക്കുന്നു. മാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തി തടിയൂരാനാണ് അദ്ദേഹത്തിന്റെ ശ്രമം. 

മുൻപു ജോലിചെയ്ത എറണാകുളം, തൃശൂർ എന്നിവടങ്ങളിൽ നിന്നു വ്യത്യസ്തമായിരുന്നു ഇടുക്കി രേണുവിന്. പക്ഷേ, ഇടുക്കി ജില്ലയിലെ ആദ്യ വനിതാ സബ്കലക്ടർ പല പുരുഷന്‍മാര്‍ക്കും ചെയ്യാന്‍ കഴിയാത്തത് ചെയ്തിരിക്കുന്നു. അനധികൃത നിര്‍മാണത്തിനെതിരെ കണ്ണടയ്ക്കാനാണെങ്കില്‍ എന്തിനാണ് ഉദ്യോഗസ്ഥര്‍ എന്നാണവരുടെ പ്രവൃത്തി നിശ്ശബ്ദമായി ചോദിക്കുന്നതും.

അധികകാലമൊന്നുമായിട്ടില്ല ആലപ്പുഴയില്‍ വനിതാ കലക്ടറുടെ ധീരമായ നടപടികളുടെ പേരില്‍ ഒരു മന്ത്രിക്ക് സ്ഥാനം ത്യജിക്കേണ്ടിവന്നിട്ടുണ്ട്. അതേ, ടി.വി. അനുപമ എന്ന കലക്ടറുടെ അന്വേഷണ റിപ്പോർട്ടാണ് അന്ന് കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയത്. തോമസ് ചാണ്ടിയും ബന്ധുവും നിയമലംഘനം നടത്തിയെന്നും ഭൂമി കയ്യേറിയെന്നുമുള്ള കലക്ടറുടെ കണ്ടെത്തൽ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കി. മുൻ കലക്ടർ വീണ എൻ.മാധവൻ തുടങ്ങി വച്ച അന്വേഷണം പൂർത്തിയാക്കിയാണ് അനുപമ റിപ്പോർട്ട് നൽകിയത്. ഒടുവിൽ മന്ത്രിയുടെ രാജിയുമുണ്ടായി. അതിനും മുമ്പ് ഭക്ഷ്യ സുരക്ഷാ കമ്മിഷണറായിരിക്കെ സ്വകാര്യ കമ്പനിയുടെ ഉൽപന്നത്തിൽ മായം കണ്ടെത്തിയ പ്രശ്നത്തിൽ കടുത്ത നിലപാടെടുത്തപ്പോഴും അനുപമയെ കേരളം ശ്രദ്ധിച്ചിരുന്നു. വിവാദങ്ങളുടെ അരങ്ങൊഴി‍ഞ്ഞപ്പോള്‍ അനുപമയ്ക്ക് തൃശൂരിലേക്ക് സ്ഥലംമാറ്റമായി. തോമസ് ചാണ്ടിയുടെ കേസ് ഹൈക്കോടതിയില്‍ തുടര്‍ന്നു. നിയമവിരുദ്ധമായി റിസോർട്ടിലേക്കു റോഡ് നിർമിച്ചെന്ന വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജികൾ അവസാന നിമിഷം പിൻവലിച്ചതിന് തോമസ് ചാണ്ടിയും മറ്റും 25,000 രൂപ വീതം കോടതിച്ചെലവ് കെട്ടിവയ്ക്കണമെന്ന വിധി വന്നത് ഇക്കഴിഞ്ഞയാഴ്ച. ഹർജികൾ പിൻവലിച്ചതിലൂടെ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്നു വിലയിരുത്തിയാണ് ഉത്തരവ്.

ടി.വി.അനുപമയും ചൈത്ര തെരേസ മാത്യുവും ഇപ്പോള്‍ ഡോ.രേണു രാുജും ശ്രദ്ധാകേന്ദ്രങ്ങളാകുന്നത് ഒരേ കാരണത്തിന്റെ പേരില്‍. സ്ഥാപിത താല്‍പര്യങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ പേരില്‍. സ്വന്തം കടമയും ഉത്തരവാദിത്തവും മടികൂടാതെ ചെയ്യുന്നതിന്റെ പേരില്‍. സ്ഥാനം തെറിച്ചാലും ഇല്ലെങ്കിലും തരം താഴ്ത്തപ്പെട്ടാലും ഇല്ലെങ്കിലും അവര്‍ സമൂഹത്തിന് ഒരു സന്ദേശം കൊടുക്കുക കൂടിയാണ്. നന്‍മയിലുള്ള വിശ്വാസം. ആദര്‍ശത്തിലൂന്നിയുള്ള നിലപാടുകള്‍. എടീ..പോടീ..വിളികളോ അവള്‍ക്കു ബുദ്ധിയില്ലെന്നുള്ള ആക്ഷേപങ്ങളോ അവരെ തെല്ലും ബാധിക്കുന്നില്ല. കാരണം പൊതുസമൂഹം അവര്‍ക്കൊപ്പമാണ്. അവര്‍ക്കുമുന്നില്‍ അനധികൃത കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുക തന്നെ ചെയ്യും. അഴിമതിവീരന്‍മാര്‍ പുറത്തുപോകേണ്ടിവരും. കാലം പലവട്ടം തെളിയിച്ച ആ സത്യം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു.