എടീ, നീ , അവൾ, എന്നീ വിളികളിലൂടെയാണ് പല പുരുഷന്മാരും സ്ത്രീകളെ അഭിസംബോധന ചെയ്യാറുള്ളത്. എന്താവും ആ വിളിയുടെ മനഃശാസ്ത്രം? ഭാര്യയോട് ,"എടീ ആ കണ്ണാടിയൊന്ന് നോക്കിയെടുത്തേ," അല്ലെങ്കിൽ മകളോട്, "ഡീ, ഞാൻ വച്ച പേപ്പർ നീ കണ്ടോ?" എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ അത് സ്നേഹത്തിന്റെ അടയാളങ്ങളായിട്ടാണ് ഭൂരിപക്ഷം പേരും കണക്കാക്കുന്നത്. 

സ്വന്തമാക്കലിൽ നിന്നും വന്നു ചേർന്ന ഒരു അധികാരവിളി. ആ അധികാരം എത്ര ഫെമിനിസം പറഞ്ഞാലും സ്ത്രീകൾ പ്രിയപ്പെട്ടവരിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നതുമാണ്. ഏതൊക്കെ പുരുഷന്മാരിൽ നിന്നാണ് സ്ത്രീകൾ അത്തരം തേർഡ് പേഴ്‌സൺ സംജ്ഞകൾ കേൾക്കാൻ ആഗ്രഹിക്കുന്നത്? അച്ഛനിൽ നിന്നാണ് ആ വിളികൾ തുടങ്ങുന്നത്, ആ എടീ വിളികളിൽ മുഴങ്ങി നിൽക്കുന്ന ഒരു സൗന്ദര്യമുണ്ട്, കരുതലിന്റെ , സ്നേഹത്തിന്റെ ഒക്കെ ആർദ്രമായ കയ്യുകളാണത്. പിന്നെ അത് ഭർത്താവിലേക്കും കാമുകനിലേക്കുമൊക്കെ എത്തുമ്പോൾ കരുതലിന്റെയപ്പുറം പ്രണയവും, സ്നേഹവും  അധികാരവുമൊക്കെ അതിലുണ്ടാകും. അതിനപ്പുറം നിന്നൊരാൾ എടീ, നീ എന്നൊക്കെ വിളിക്കുമ്പോൾ സ്ത്രീകൾക്കുണ്ടാകുന്ന അസ്വസ്ഥതയുടെ ആഴം ആരെങ്കിലും അളന്നിട്ടുണ്ടോ?

രേണുരാജ്, കണ്ടക്ടറായിരുന്ന അച്ഛന്റെ തണലിൽ നിന്ന് സ്വന്തം കഴിവു കൊണ്ട് പഠിച്ച് ഐ എ എസ് നേടിയ പെൺകുട്ടിയാണ്. രേണുവിനെ കലക്ടറാക്കണം എന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. എന്നാൽ ഡോക്ടറാകണമെന്ന ആഗ്രഹത്തിന്റെ പുറത്ത് എൻട്രൻസ്  എഴുതി അറുപതാം റാങ്ക് നേടിയ രേണുരാജ് ഡോക്ടറായി പ്രാക്ടീസ് ചെയ്തു തുടങ്ങിയ ശേഷമാണ് സിവിൽ സർവീസ് എന്ന അച്ഛന്റെ സ്വപ്നത്തിലേക്ക് ഇറങ്ങി നടന്നത്. 

രേണുരാജ് കുടുംബത്തോടൊപ്പം

"ഡോക്ടറായാൽ മുന്നിൽ വരുന്നവരെ മാത്രമേ ചികിത്സിക്കാനാകൂ, എന്നാൽ കലക്ടറായാൽ ഒരു നാടിന്റെ പ്രശ്നങ്ങൾ വരെ പരിഹരിക്കാനാകും", രേണുവിന്റെ അച്ഛന്റെ മോഹം അങ്ങനെയായിരുന്നു, ആ വഴിയിലൂടെയാണ് രേണുരാജ് ഐ എ എസ് ആയതും ഇപ്പോൾ ദേവികുളം സബ് കളക്ടർ ആയതും. ഔദ്യോഗിക ജീവിതത്തിലെടുത്ത ഉറച്ച നിലപാടിന്റെ പേരിലും തനിക്കെതിരെ ചൊരിഞ്ഞ അധിക്ഷേപ ശരങ്ങളെ ഉറച്ച മനസ്സോടെ നേരിട്ടുകൊണ്ടുമാണ് ഈ യുവ കലക്ടർ  ഇപ്പോൾ കൈയടി നേടുന്നത്.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ കരയില്‍ ചട്ടം ലംഘിച്ചു വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിനൊപ്പം ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്‍ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചു സംസാരിച്ചിരുന്നു. എംഎല്‍എയുടെ വാക്കുകള്‍ തലവേദനയായപ്പോള്‍ സിപിഎം  അദ്ദേഹത്തെ കൈവിട്ടു. സബ് കലക്ടറെ പിന്തുണച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും രംഗത്തെത്തി. ഇതോടെ ഖേദം പ്രകടിപ്പിക്കേണ്ട നിലയിൽ എംഎൽഎ എത്തുകയും ചെയ്തു. 'ഞാന്‍ മുന്നോട്ട് തന്നെ പോകും' എസ്. രാജേന്ദ്രന്‍ എംഎൽഎ അധിക്ഷേപം ചൊരിഞ്ഞപ്പോള്‍ സബ് കലക്ടര്‍ ഡോ. രേണു രാജിന്റെ മറുപടിയിങ്ങനെയായിരുന്നു.

ചില പുരുഷന്മാരുണ്ട്, സ്വാതന്ത്ര്യമില്ലെങ്കിൽപ്പോലും തങ്ങളുടെ കീഴുദ്യോഗസ്ഥയെ, സഹപ്രവർത്തകയെ, ഒക്കെ എടീ എന്നും അവൾ എന്നും സംബോധന ചെയ്യുന്നവർ, എന്നാൽ ആ സ്ത്രീയ്ക്ക് പകരം അവിടെയൊരു പുരുഷനായിരുന്നുവെങ്കിൽ ഒരിക്കലും എടീ വിളിക്ക് പകരം എടാ എന്ന സംജ്ഞയോ, നീ എന്ന വിളിയോ ഉണ്ടാവുകയേയില്ല. പക്ഷേ സ്ത്രീ എന്നത് സംരക്ഷിക്കപ്പെടേണ്ടവളും അടിമയും ആണെന്ന ചിന്തകൾ പേറുന്ന കാലത്തോളം മനുഷ്യർ ആ അധികാര പ്രമത്തത തുടർന്നുകൊണ്ടേയിരിക്കും. 

തങ്ങളുടെ "കീഴിൽ" നിൽക്കുന്ന സ്ത്രീയുടെ സംരക്ഷണാവകാശം അവർ സ്വയം കൈയേൽക്കും, പിന്നെ ഒരുതരം ഉടമ സമ്പ്രദായം അയാൾ സ്വയം ആവിഷ്കരിക്കും. അതിലൂടെ അവളുടെ സംരക്ഷണം താൻ നിർവഹിക്കുന്നു എന്ന ബോധം അയാൾക്ക് ഉണ്ടാവുകയും അത്തരം ചിന്തകൾ അധികരിക്കുമ്പോൾ അവളുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് ഇടപെടുന്നതിൽ വരെ കാര്യങ്ങളെത്തുകയും ചെയ്യും.

 ഇത്തരം അധികാരമെടുക്കലിനോടുള്ള ഭയം കൊണ്ടോ സ്വാഭാവികമായ അടിമ സ്വഭാവം കൊണ്ടോ പ്രതികരിക്കാൻ പല സ്ത്രീകൾക്കും കഴിയാറില്ല. അതിന്റെ പ്രതിഫലനമെന്നോണം ജീവിതത്തിലേയ്ക്കു പോലും തലയിടാൻ തയാറായി നിൽക്കുന്ന ഒരു സമയമെത്തുമ്പോൾ പുരുഷന്മാരെ നിയന്ത്രിക്കേണ്ടതെങ്ങനെ എന്നറിയാതെ അവർ പതറിപ്പോവുകയും ചെയ്യും. എത്ര കാലങ്ങളായി ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണിത്. അതിനെ മറികടന്ന സ്ത്രീകളൊക്കെ ആദ്യം തന്നെ തങ്ങളുടെ നിലപാടുകളിൽ ഉറച്ച് മുന്നോട്ടു നീങ്ങിയവരാകും. 

സ്ത്രീകളോട് എങ്ങനെയാണ് ബഹുമാനം ഉണ്ടാകേണ്ടത്?

പ്രതീകാത്മക ചിത്രം

അത് അമ്മയിൽ നിന്നും തന്നെയാണ് തുടങ്ങുക. ആദ്യം അമ്മയെ തന്നെയാണ് ബഹുമാനിക്കാൻ പഠിക്കേണ്ടതും. പക്ഷേ പല കുടുംബങ്ങളിലെയും അവസ്ഥയെന്താണ്? 'അമ്മ വഴക്കു പറയുകയാണെങ്കിൽ, ആ ശകാരം ന്യായമായതാണോ എന്നുകൂടി നോക്കാതെ ചില കുടുംബനാഥൻമാർ മക്കളുടെ മുന്നിൽ വച്ച് അമ്മയെ ചീത്ത വിളിക്കും. അപ്പോൾ തെറ്റു മുഴുവൻ അമ്മയുടേതാക്കപ്പെടുന്നു, അവിടെയും പുരുഷൻ തന്നെയാണ് കുറ്റവാളി. തെറ്റുകാരിയായ, പെണ്ണായ അമ്മയെ എന്തിനു മാനിക്കണം? എന്തിനു അനുസരിക്കണം? എന്നൊരു ബോധം കുട്ടികളിൽ പിടികൂടിക്കഴിഞ്ഞാൽ സ്ത്രീകളോടുള്ള അവന്റെ ഇടപെടലുകൾ അതിലും മോശമാകാനേ തരമുള്ളൂ. സ്ത്രീകൾ എന്നാൽ പുരുഷന് കുറ്റപ്പെടുത്താനും, പുരുഷന്റെ തെറ്റുകൾ ഏറ്റു വാങ്ങാനും വിധിക്കപ്പെട്ടവർ ആണെന്ന് അവന്റെ ഉള്ളിൽ കുട്ടികാലത്തെ ഉണ്ടാക്കി വച്ചിട്ടുള്ള ബോധം വളരുമ്പോഴും തുടർന്ന് കൊണ്ടിരിക്കും. പിന്നെങ്ങനെ പുറത്തുള്ള സ്ത്രീകളോട് മാന്യമായി സംസാരിക്കാൻ അയാൾക്ക് കഴിയും?

മാറേണ്ടത് നമ്മുടെ കുടുംബ വ്യവസ്ഥകൾ തന്നെയാണ്. അച്ഛനോടൊപ്പം  തന്നെ അമ്മയേയും ബഹുമാനിക്കാൻ  ആണിനേയും പെണ്ണിനേയും പഠിപ്പിക്കണം, ലിംഗ വ്യത്യാസമില്ലാതെ ബഹുമാനിക്കപ്പടേണ്ടവരാണ് തങ്ങളെന്ന ബോധം സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ഉണ്ടാകണം. ആരും അടിമകളും ഉടമകളും അല്ലെന്നും പരസ്പരം ഒരേ തലത്തിലൂടെ ഒരേപോലെ സഞ്ചരിക്കേണ്ടവരാണെന്നുമുള്ള ബോധം ഉണ്ടാകണം. തീർച്ചയായതും സ്ത്രീയ്ക്ക് സ്ത്രീയുടേതായ, പുരുഷന് പുരുഷന്റേതായ തിരുത്തലുകളുണ്ട്, അവർക്ക് അവരുടേതായ ദൗർബല്യങ്ങളുണ്ട്, പക്ഷേ അവ പരസ്പരമുള്ള ഏകതാനതയിൽ ശക്തമായി തീരാനുള്ളതേയുള്ളൂ .അതൊരു പോരായ്മയല്ലെന്നു സാരം.

ജനപ്രതിനിഥികൾ ഒരു സമൂഹത്തിന്റെ പ്രതിനിധികളാണ്. അത്തരക്കാരിൽ നിന്നും സ്ത്രീയെ അപമാനിച്ചുകൊണ്ടുള്ള വാചകങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. തന്റെ നിലപാടിൽ ഉറച്ച് നിന്ന് മുന്നോട്ടു നീങ്ങുന്ന രേണുരാജ് എന്ന ആർജ്ജവമുള്ള ഐ എ എസ് ഉദ്യോഗസ്ഥ ഒരു പ്രതീക്ഷയാണ്. ഒരു ഉടമസ്ഥത ബോധത്തിന് മുന്നിലും തലകുനിക്കാതെ നേരിന്റെ വഴിയേ മാത്രമേ സഞ്ചരിക്കൂ എന്ന ആർജ്ജവം.  യുവതലമുറയിലെ ഉദ്യോഗസ്ഥർ കരുത്തരാണ്, അവരെ അപമാനിച്ച് നെഞ്ചൂക്ക് തകർക്കാനാകില്ല. ഒരു "അവൾ" വിളിക്കും അതിനെ കെടുത്താനുമാകില്ല. കാരണം ബുദ്ധിയും അറിവും ഉപയോഗിച്ചാണ് അവർ ജീവിതത്തെ നേരിടുന്നത്.