കുട്ടികൾ ജനിച്ചയുടൻ ജാതകവും എഴുതിക്കുന്ന ചില കുടുംബങ്ങളിലെങ്കിലും പതിവുണ്ട്. ചിലരാകട്ടെ ജാതകത്തിൽ തീരെ വിശ്വാസിക്കാതെ ഭാവിയെ നേരിടുന്നു. ജാതകം എഴുതിച്ചാലും ഇല്ലെങ്കിലും ഭാവിയിൽ താൽപര്യമുള്ളവരാണ് ഇരുകൂട്ടരും. വിശ്വാസം ഏതായിരുന്നാലും ജനിക്കുന്ന എല്ലാ കുട്ടികൾക്കും ജനനം നടന്നയുടൻ ജാതകവും തയാറാക്കി നൽകുന്ന ഒരു പുതിയ പദ്ധതി വരുന്നു. രാജസ്ഥാനിലാണ് ജാതകം എഴുതിക്കുന്ന പദ്ധതി തുടങ്ങാൻപോകുന്നത്. സർക്കാർ–സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും ജാതകം നൽകുന്നതിനൊപ്പം കുട്ടിയുടെ ജന്മനക്ഷത്രമനുസരിച്ച് യോജിക്കുന്ന പേരും നിർദേശിക്കും.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജയ്പൂരിലെ അഞ്ച് സർക്കാർ ആശുപത്രികളിലാണ് ജാതകമെഴുത്ത് തുടങ്ങുന്നത്. ഇതു സൗജന്യമായിരിക്കും. രണ്ടാം ഘട്ടത്തിൽ സർക്കാർ ആശുപത്രികളിൽ ജാതകത്തിന് 51 രൂപ ചാർജ് ഈടാക്കും. സ്വകാര്യ ആശുപത്രികളിൽ ചാർജ് കൂടും–101 രൂപ.

സംസ്കൃത വിദ്യാഭ്യാസവും ഭാഷയും പ്രോത്സാഹിപ്പിക്കാൻ നടപടികളെടുക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ രാജസ്ഥാനിലെ പുതിയ കോൺഗ്രസ് സർക്കാരാണ് നീക്കത്തിനു പിന്നിൽ. വേദങ്ങളുടെ അടിസ്ഥാനത്തിലുള്ള ആചാരങ്ങൾ പ്രോത്സാഹിപ്പിക്കാൻ നടപടികളെടുക്കുമെന്നും പ്രകടനപത്രികയിൽ കോൺഗ്രസ് അവകാശപ്പെട്ടിരുന്നു. സംസ്കൃത ഭാഷയെ പ്രോത്സാഹിപ്പിക്കന്നതിന്റെ ഭാഗമാണ് എല്ലാ കുട്ടികളുടെയും ജാതകമെഴുതാനുള്ള പദ്ധതിയും.

ജയ്പൂരിലെ ജഗദ്ഗുരു രാമാനന്ദാചാര്യ രാജസ്ഥാൻ സംസ്കൃത സർവകലാശാലയോട് പദ്ധതിയുടെ വിശദരൂപം തയാറാക്കാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് മാധ്യമങ്ങൾ ഇക്കഴിഞ്ഞദിവസം റിപോർട്ട് ചെയ്തു. പദ്ധതി സംസ്കൃത ഭാഷയ്ക്കു ഗുണകരമാകും എന്നുമാത്രമല്ല മൂവായിരത്തോളം ജ്യോത്സൻമാർക്കും ജോലി നേടിക്കൊടുക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

പക്ഷേ എല്ലാ ജ്യോത്സ്യന്മാർക്കും പദ്ധതിയുടെ പ്രയോജനം കിട്ടുമെന്ന് കരുതരുത്. ജ്യോതിശാസ്ത്രത്തിൽ കോളജിൽനിന്നോ സംസ്കൃത സർവകലാശാലയിൽ നിന്നോ ഡിഗ്രിയോ ഡിപ്ലോമയോ നേടിയവർക്കുമാത്രമാണ് പ്രയോജനം ലഭിക്കുക. രണ്ടാം ഘട്ടം പൂർത്തിയായാലുടൻ സർക്കാർ ആശുപത്രിയിൽ ജാതകം എഴുതിനൽകുന്നവർക്ക് 40 രൂപയും സ്വകാര്യ ആശുപത്രികളിൽ 80 രൂപയും കൊടുക്കാനാനാണ് ഇപ്പോഴത്തെ തീരുമാനം. ഓരോ ജാതകത്തിനും ലഭിക്കുന്ന തുകയിൽ ബാക്കി സംസ്കൃത സർവകലാശാലയ്ക്കും ലഭിക്കും.

ജാതകത്തിൽ ഒരു കോഡ് ഉണ്ടായിരിക്കും. ഈ കോഡ് ഉപയോഗിച്ച് സർവകലാശാലയുടെ വെബ്സൈറ്റിൽനിന്ന് ആവശ്യമുള്ളവർക്ക് പിന്നീട് വിശദമായ ജാതകം ഡൗൺലോഡ് ചെയ്തെടുക്കാം. ഇതിന് 200 രൂപയാണ് ഫീസ്.