പ്രതീകാത്മക ചിത്രം

‘ഞാനും ഭര്‍ത്താവും കൂടി ഒരു വഴക്കിലാണ്. ഞങ്ങളില്‍ ആരാണ് ഒന്നാമതെന്നും രണ്ടാമതെന്നും കണ്ടെത്താനുള്ള വഴക്കില്‍. ഇതുവരെ മക്കളുടെ കാര്യങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചാണ് നോക്കിയിരുന്നത്. പക്ഷേ, ഇപ്പോള്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കണ്ടുപിടിക്കേണ്ടിവന്നിരിക്കുന്നു. മക്കളുടെ സ്കൂള്‍ രജിസ്റ്ററില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ രേഖപ്പെടുത്തണം...’

സമൂഹമാധ്യമത്തില്‍ ഒരു യുവതി പങ്കുവച്ച ആശങ്ക നിറഞ്ഞ ഈ സന്ദേശം ഒരു തമാശയല്ല. ഫ്രാന്‍സിലെ സ്കൂളില്‍ പഠിക്കുന്ന മക്കളുള്ള എല്ലാ ദമ്പതികളെയും അലട്ടുന്ന വിഷമപ്രശ്നം. സ്കൂള്‍ റജിസ്റ്ററില്‍ ഇതുവരെ മറ്റു രാജ്യങ്ങളിലെപ്പോലെ ഫ്രാന്‍സിലും പിതാവ്, മാതാവ് എന്നാണു ചേര്‍ത്തിരുന്നത്. ഈ പതിവ് മാറുകയാണ്.  ഇനി മുതല്‍ പിതാവ്, മാതാവ് എന്നതിനുപകരം രക്ഷകര്‍ത്താവ്-1, രക്ഷകര്‍ത്താവ് -2 എന്നാണു ചേര്‍ക്കേണ്ടത്. 2013 മുതല്‍ ഈ ദിശയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് നിയമം പ്രബല്യത്തിലാകുന്നത്. 

പ്രതീകാത്മക ചിത്രം

നിലവിലുണ്ടായിരുന്ന നിയമം ഒരേ ലിംഗത്തില്‍പെട്ട രക്ഷകര്‍ത്താക്കളോടുള്ള വിവേചനമാണ് എന്ന പരാതിയെത്തുടര്‍ന്നാണ് നിയമഭേദഗതി നിലവില്‍ വന്നിരിക്കുന്നത്. പക്ഷേ മാറ്റം മനുഷ്യത്വരഹിതമാണെന്നും ഭൂരിപക്ഷം വരുന്ന കുട്ടികളുടെ മാതാപിതാക്കളെ ആശങ്കയിലാഴ്ത്തുന്നതാണെന്നുമുള്ള വിമര്‍ശനവും വന്നുകഴിഞ്ഞു. മതാപിതാക്കള്‍ തമ്മില്‍ ആരാണ് ഒന്നാമനെന്നും രണ്ടാമനെന്നുമുള്ള വഴക്കിലേക്കും നിയമഭേദഗതി നയിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൊവ്വാഴ്ചയാണ് നിയമം പാസ്സാക്കിയത്. ഇതിനൊപ്പം മൂന്നുവയസ്സുള്ള എല്ലാ കുട്ടികളും നിര്‍ബന്ധമായും സ്കൂളില്‍ ചേര്‍ന്നിരിക്കണം എന്ന നിയമവുമുണ്ട്. 

പുതിയ നിയമത്തെ സ്വാഗതം ചെയ്യുകയാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുടെ പാര്‍ട്ടിയില്‍പെട്ട ഭരണകക്ഷി അംഗങ്ങള്‍. സാമൂഹിക നീതിയിലേക്കുള്ള ഒരു വലിയ ചുവടുവയ്പാണ് നിയമഭേദഗതിയെന്നും ആവര്‍ ചൂണ്ടിക്കാട്ടുന്നു. വിവാദം തനിക്ക് അങ്ങേയറ്റത്തെ ഞെട്ടല്‍ ഉളവാക്കിയെന്നു പറയുന്നു ഇസ്രയേലി-ഫ്രഞ്ച് മുന്‍ പത്രപ്രവര്‍ത്തകന്‍ ജൂലിയന്‍ ബഹ്‍ലോല്‍. മാതാവും പിതാവും രക്ഷകര്‍ത്താക്കളാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ഇസ്രയേലിലെ ടെല്‍ അവീവില്‍ ഈ മാറ്റം വര്‍ഷങ്ങള്‍ക്കു മുൻപേ നടപ്പാക്കിക്കഴിഞ്ഞിട്ടുമുണ്ട്. അവിടെ യാതൊരു വിവാദവുമില്ല. പിന്നെയെന്തിനാണ് ഇപ്പോള്‍ ഫ്രാന്‍സില്‍ വിവാദം ഉണ്ടാകുന്നതെന്നും അദ്ദേഹം അതിശയിക്കുന്നു. ഒരേ ലിംഗത്തില്‍പെട്ട പങ്കാളിയോടൊപ്പമാണ് അദ്ദേഹം താമസിക്കുന്നത്. ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ക്കും വിവാഹിതരാകാമെന്ന നിയമം പാസ്സായതുമുതല്‍ ഈ രീതിയില്‍ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോഴാണ് പ്രബല്യത്തിലായത്.

രാജ്യത്തെ 95 ശതമാനം രക്ഷകര്‍ത്താക്കളും മാതാവ്-പിതാവ് വിഭാഗത്തില്‍പ്പെട്ടവരാണെന്നും അവര്‍ക്ക് നിയമം അങ്ങേയറ്റത്തെ എതിര്‍പ്പാണ് ഉണ്ടാക്കിയിയിരിക്കുന്നതെന്നുമാണ് കണ്‍സര്‍വേറ്റീവ് കക്ഷിക്കാരുടെ വാദം. യാഥാസ്ഥിതിക കക്ഷിക്കാര്‍ക്കൊപ്പം മറ്റു പാര്‍ട്ടികളിലുള്ളവരും നിയമത്തെ എതിര്‍ക്കുന്നുണ്ട്. നിയമഭേദഗതി സെനറ്റില്‍  പരാജയപ്പെടുകയാണെങ്കില്‍ നാഷനല്‍ അസംബ്ലിയില്‍ വീണ്ടും ചര്‍ച്ചയ്ക്ക് വരാനുള്ള സാധ്യതയുമുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ സംഭവം ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുകയാണ്. എതിര്‍ത്തും അനുകൂലിച്ചും  അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുകയുമാണ്.