ഞാന്‍ ഒരു പാക്കിസ്ഥാനിയാണ്. പക്ഷേ, പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കുന്നു. കുറച്ചുദിവസങ്ങളായി അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവുമായി സമൂഹമാധ്യമങ്ങളില്‍ നിയന്ത്രണമില്ലാതെ തുടരുന്ന യുദ്ധപ്രഖ്യാപനങ്ങള്‍ക്കും വിദ്വേഷത്തിനും എതിര്‍പ്പിനുമിടയിലാണ് വ്യത്യസ്തമായ ഒരു സന്ദേശം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. പാക്കിസ്ഥാനി പത്രപ്രവര്‍ത്തക ഷയര്‍ മിര്‍സയാണ് വ്യത്യസ്ത സന്ദേശവുമായി അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന ശത്രുതയുടെ മ‍ഞ്ഞുരുക്കാന്‍ ശ്രമം നടത്തുന്നത്.

ആന്റിഹേറ്റ് ചലഞ്ച് എന്ന ഹാഷ്ടാഗില്‍ വിദ്വേഷത്തിനെതിരെ സ്നേഹത്തിന്റെ മുന്നണിയില്‍ അണി ചേരുന്നവരുടെ കൂട്ടായ്മയ്ക്കും അവര്‍ സമൂഹമാധ്യമത്തില്‍ നേതൃത്വം കൊടുക്കുകയാണ്. രണ്ടു അയല്‍രാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ നിലവിലിരിക്കുന്ന ശത്രുതയും എതിർപ്പും കുറയ്ക്കുകയാണ് പത്രപ്രവര്‍ത്തകയുടെ ലക്ഷ്യം.

വിദ്വേഷം പ്രചരിപ്പിക്കാനല്ല, സമാധാനം വ്യാപിപ്പിക്കാനാണ് സമൂഹമാധ്യമ ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ടതെന്നാണ് മിര്‍സയുടെ അഭിപ്രായം. വീരസൈനികരുടെ വീരചരമത്തിലും രക്തസാക്ഷിത്വത്തിലും മനസ്സുരുകി നില്‍ക്കുന്ന ഇന്ത്യയ്ക്കൊപ്പമാണ് ഞങ്ങള്‍ എന്ന പോസ്റ്റും മിര്‍സ പോസ്റ്റ് ചെയ്തിരുന്നു. യുദ്ധത്തിനില്ല എന്നതായിരുന്നു മറ്റൊരു പോസ്റ്റിന്റെ ഉള്ളടക്കം.

ഈ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുടെ ചിത്രങ്ങളും അവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സമാധാനത്തിനുവേണ്ടി വാദിക്കുക മാത്രമല്ല, ദുരിതത്തില്‍ അകപ്പെടുന്നവര്‍ ആരായാലും അവര്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന സന്ദേശം കൂടിയാണ് മിര്‍സ നല്‍കുന്നത്. ഇന്ത്യയില്‍നിന്നുള്ള ഗായകനും കവിയുമായ സാഹിര്‍ ലുധിയാന്‍വിയുടെ കവിതയും മിര്‍സ പ്രചരിപ്പിക്കുന്നുണ്ട്:

ഞങ്ങളുടേതായാലും നിങ്ങളുടേതായാലും രക്തം മനുഷ്യവര്‍ഗത്തിന്റേതുതന്നെ 

യുദ്ധം കിഴക്കായാലും പടിഞ്ഞാറായാലും കൊല ചെയ്യപ്പെടുന്നത് സമാധാനം 

ബോംബ് വീഴുന്നത് എവിടെയായാലും തകരുന്നത് ആത്മാവിന്റെ ക്ഷേത്രം

യുദ്ധമൊരു പരിഹാരമല്ല, പ്രശ്നം തന്നെ; പിന്നെയെങ്ങനെയത് പ്രശ്നങ്ങള്‍ പരിഹരിക്കും

ഇന്നു രക്തവും മാംസവും ചിതറിത്തെറിച്ചാല്‍ നാളെകള്‍ വിശപ്പിന്റേതും ക്ഷാമത്തിന്റേതും.

ഫെയ്സ്ബുകില്‍ വിശദമായ ഒരു കുറിപ്പും മിര്‍സ പോസ്റ്റ് ചെയ്തിട്ടുണ്ട്: കശ്മീരിയില്‍ കൊല്ലപ്പെടുന്ന നിരപരാധികളുടെ പേരില്‍ ഞങ്ങള്‍ക്ക് ദുഃഖവും വേദനയുമുണ്ട്. പക്ഷേ, ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ യുദ്ധത്തിനും അക്രമത്തിനും ആഹ്വാനം ചെയ്യുന്നതിനുപകരം സമാധാനത്തിവേണ്ടി വാദിക്കുന്നവരുടെ ശബ്ദമാണ് ശ്രദ്ധിക്കേണ്ടത്. പുല്‍വാമയിലുണ്ടായ ആക്രമണത്തെ അപലപിക്കാന്‍ മാത്രമല്ല ഞങ്ങളുടെ ആന്റി ഹേറ്റ് ചാലഞ്ച്, ഇന്ത്യക്കാരുമായി സൗഹൃദം സ്ഥാപിക്കാന്‍കൂടിയാണ്. പ്രിയപ്പെട്ട പാക്കിസ്ഥാന്‍ സഹോദരന്‍മാരേ, സമാധാനത്തിനുവേണ്ടി ഞങ്ങള്‍ക്കൊപ്പം ചേരൂ...

മിര്‍സയുടെ സമാധാന പ്രചാരണത്തിന് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത് വലിയ പിന്തുണ. ബോളിവുഡ് നടി സ്വര ഭാസ്കറും മിര്‍സയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. കഴിഞ്ഞയാഴ്ച പാക് കോമഡി നടന്‍ ജുനൈദ് അക്രവും ആക്രമണത്തിനുവേണ്ടിയുള്ള ആഹ്വാനങ്ങളെ തള്ളിക്കളഞ്ഞിരുന്നു. അദ്ദേഹവും മുന്നോട്ടുവച്ചത് സമാധാനത്തിന്റെ സന്ദേശം.