ബോധവത്കരണശ്രമങ്ങള്‍ ഊർജ്ജിതമാണെങ്കിലും കാന്‍സര്‍ എന്ന മഹാരോഗം തുടക്കത്തിലേ കണ്ടെത്തുന്നതിലും ശരിയായ ചികില്‍സയ്ക്കു വിധേയമാകുന്നതിലും ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ പിന്നിലാണ്. രോഗം കണ്ടെത്താന്‍ വൈകുന്തോറും ഗുരുതര ഭവിഷ്യത്തുകള്‍ കൂടുന്നു. തിരിച്ചുകിട്ടാത്ത നഷ്ടത്തിന്റെ ഭാരം വര്‍ധിക്കുന്നു. കാന്‍സര്‍ മുക്ത ഭാരതം എന്നതൊരു സ്വപ്നമാണ്. പക്ഷേ, ശ്രമിച്ചാല്‍ ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നു ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ് സ്ഥാപനം-നിരാമയ് ഹെല്‍ത്ത് അനലിറ്റിക്സ്. 

നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ രോഗം ആരംഭദശയില്‍ത്തന്നെ കണ്ടെത്താനാണ് സ്റ്റാര്‍ട്ടപ് സഹായിക്കുന്നത്. രണ്ടു സ്ത്രീകളുടെ സമര്‍പ്പണബുദ്ധിയില്‍ തുടങ്ങുകയും അതിവേഗം വളരുകയും ചെയ്യുന്ന നിരാമയ് ഈയടുത്ത് ലോകവ്യാപകമായ ധനസമാഹാരണത്തിലൂടെ നേടിയത് 42 കോടി. രാജ്യത്തെ ഏതാനും നഗരങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന നിരാമയ് പ്രവര്‍ത്തനങ്ങള്‍ ഫണ്ടിന്റെ സഹായത്തോടെ വ്യാപിപ്പിക്കാന്‍ പോകുകയാണ് പ്രവര്‍ത്തകര്‍-ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷ പകര്‍ന്നുകൊണ്ട്. ജാപ്പനീസ് വെന്‍ച്വൽ ക്യാപ്പിറ്റല്‍ സ്ഥാപനം ഡ്രീം ഇന്‍ക്യുബേറ്ററിന്റെ സഹായത്തോടെയായിരുന്നു ധനസമാഹരണം. ഫ്ലിപ്കാര്‍ട്ട് സഹസ്ഥാപകന്‍ ബിന്നി ബന്‍സല്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ സജീവമായി പങ്കെടുത്തതോടെയാണ് 42 കോടി എന്ന മാന്ത്രിക സംഖ്യയില്‍ ധനശേഖരണം എത്തിക്കാന്‍ നിരാമയിനു കഴിഞ്ഞത്. 

ഗീത മഞ്ജുനാഥ്, നിധി മാത്തൂര്‍- ഇവര്‍ രണ്ടുപേരുമാണ് നിരാമയ് സഹസ്ഥാപകര്‍. കാന്‍സര്‍ രോഗം ആരംഭദശയില്‍തന്നെ കണ്ടെത്താന്‍ ഇവര്‍ വികസിപ്പിച്ചെടുത്ത വിദ്യയാണ് തെര്‍മലിറ്റിക്സ്. കാന്‍സര്‍ രോഗം കണ്ടുപിടിക്കാനാണ് തെര്‍മലിറ്റിക്സ് ഇപ്പോള്‍ ഉപയോഗിക്കുന്നതെങ്കിലും വളര്‍ച്ചയിലെ വ്യതിയാനങ്ങള്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ കണ്ടെത്താനും തുടക്കത്തില്‍ത്തന്നെ ശരിയായ ചികില്‍സ തേടാനും തെര്‍മലിറ്റിക്സ് സഹായിക്കുമെന്നാണ് ഗീതയും മഞ്ജുവും പറയുന്നത്.

രാജ്യത്തെ 9 നഗരങ്ങളിലായി ആശുപത്രികളിലും പരിശോധനാ കേന്ദ്രങ്ങളിലുമായി 22 തെര്‍മലിറ്റിക്സ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും പിന്നീട് ഗ്രാമങ്ങളിലേക്കും തെര്‍മലിറ്റിക്സ് വ്യാപിപ്പിച്ചുകൊണ്ട് സേവനം രാജ്യത്തെ എല്ലാ സ്ത്രീകളിലും എത്തിക്കുക എന്നാണ് തങ്ങളുടെ ലക്ഷ്യമെന്നു പറയുന്നു ഗീതയും മഞ്ജുവും.

ബെംഗളൂരു, മൈസൂരു, ചെന്നൈ, പുണെ, മുംബൈ, ഡല്‍ഹി, ഡെറാഡൂണ്‍, ഭുവനേശ്വര്‍ എന്നിവടങ്ങളിലാണ് ഇപ്പോള്‍ നിരാമയ് പ്രവര്‍ത്തിക്കുന്നത്. പുതുതായി ലഭിച്ച ഫണ്ടിന്റെ സഹായത്തോടുകൂടി ഇനി നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരാമയ് കേന്ദ്രങ്ങള്‍ രാജ്യത്ത് എല്ലായിടത്തും വരും- അങ്ങനെ കാന്‍സര്‍ രോഗത്തിന്റെ ഭീകരതയും മാരകശേഷിയും കുറയ്ക്കാനും കഴിയുമെന്നാണ് സ്ഥാപകരുടെയും നിക്ഷേപകരുടെയും പ്രതീക്ഷ.