സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും മാധ്യമ പ്രവർത്തക ബർക്ക ദത്തിനെ ഭീഷണിപ്പെടുത്തുകയും അശ്ലീല സന്ദേശങ്ങള്‍ അയച്ച് അപമാനിക്കുകയും ചെയ്ത കുറ്റത്തിന് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസിന്റെ നടപടിയെ അഭിന്ദിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ ദുരുദ്ദേശ്യം ആരോപിച്ച് വലതുപക്ഷ കക്ഷികള്‍ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

തന്നെ അപമാനിച്ചവരില്‍ അറസ്റ്റിലായ ഒരാള്‍ ഇസ്ലാം മതവിശ്വാസിയാണെന്ന് ബര്‍ഖ മനസ്സിലാക്കിയിട്ടുണ്ടോ എന്നാണ് അവരുടെ ചോദ്യം. അക്കാര്യം വ്യക്തമായി അവര്‍ ലോകത്തെ അറിയിക്കുമോ എന്നും അവര്‍ ചോദിക്കുന്നു. ബര്‍ഖയുടെ പൊലീസിനുള്ള അഭിനന്ദന സന്ദേശവും തുടര്‍ന്നുള്ള വലതുപക്ഷക്കാരുടെ സംഘടിത ആക്രമണവും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. വര്‍ഗീയതയാണ് ഇരുകൂട്ടരും പരസ്പരം ആരോപിക്കുന്നത്. 

മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്തിന്റെ ഫോണ്‍ നമ്പര്‍ ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തി. അവരുടെ നിലപാടുകളില്‍ വിയോജിക്കുന്നവരില്‍ ഒരുകൂട്ടര്‍ ഫോണിലൂടെ ബര്‍ഖയെ ഭീഷണിപ്പെടുത്തി. വെടിവച്ചു കൊല്ലുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും അയച്ചായിരുന്നു മറ്റുചിലരുടെ പ്രതികാരം. ഇതു സംഘടിത ആക്രമണമാണെന്നു മനസ്സിലാക്കി ബര്‍ഖ പൊലീസില്‍ പരാതിപ്പെട്ടു. 

മജിസ്ട്രേട്ടിനു മുന്നില്‍ മൊഴികൊടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നാലുപേര്‍ അറസ്റ്റിലായി. ഡല്‍ഹിയില്‍നിന്ന് മൂന്നുപേരും സൂറത്തില്‍നിന്ന് ഒരാളും. ഈ നടപടിയെ അഭിനന്ദിച്ചുകൊണ്ട് ബര്‍ഖ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശമാണ് ചിലര്‍ ഏറ്റുപിടിച്ചതും മറ്റൊരു വിവാദമാക്കി മാറ്റിയതും. രാജീവ് ശര്‍മ, ഹേംരാജ് കുമാര്‍, ആദിത്യ കുമാര്‍ എന്നിവര്‍ ഡല്‍ഹിയില്‍നിന്നും ഷബ്ബീര്‍ ഗുര്‍ഫാന്‍ പിന്‍ജാരി സൂറത്തില്‍നിന്നുമാണ് അറസ്റ്റിലായത്. ഇതില്‍ പിന്‍ജാരിയുടെ അറസ്റ്റാണ് വിവാദമായത്. പിന്‍ജാരിയുടെ അറസ്റ്റിനെക്കുറിച്ച് ഡല്‍ഹി ബിജെപി വക്താവ് തജീന്ദര്‍ പ്രതികരിച്ചതോടെ മറ്റുചിലരും സംഭവം ഏറ്റെടുത്തു. അശ്ലീല ചിത്രം അയച്ചു എന്നതാണ് പിന്‍ജാരിയുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. പിന്‍ജാരി ഒരു മുസ്ലിം ആയതിനാല്‍ അയാളോടു ബര്‍ഖ ക്ഷമിക്കുമോ എന്നാണ് പലരും പരിഹാസത്തോടെ ചോദിക്കുന്നത്. 

തന്നെ തെറ്റിധരിക്കുകയും തന്റെ നിലപാടുകളെ തെറ്റായി മനസ്സിലാക്കുകയും ചെയ്യുന്നവരാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നതെന്നാണ് ബര്‍ഖയുടെ വിശദീകരണം. നാലു പേര്‍ മാത്രമാണ് പിടിയിലായത്. ഇനിയും പന്ത്രണ്ടോളം പേര്‍ പിടിയിലാകാനുമുണ്ട്. അറസ്റ്റിലായവരെ അവരുടെ മതം നോക്കിയല്ല ഞാന്‍ വിലയിരുത്തുന്നത്. എല്ലാക്കാര്യങ്ങളും ഞാന്‍ മതത്തിന്റെ അടിസ്ഥാനത്തിലാണ് കാണുന്നതെന്നാണ് ഈ ദോഷൈകദൃക്കുകളുടെ ആരോപണം. അതില്‍ അടിസ്ഥാനമില്ല..ബര്‍ഖ സന്ദേശത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി. 

സംഘടിതമായ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ നടന്നതെന്ന് ബര്‍ഖ ദത്ത് ആരോപിക്കുന്നു. ആയിരത്തോളം പേരാണ് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.