മദ്യപാനം, ചൂതുകളി, സ്വവര്‍ഗ്ഗരതി ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇക്കാലത്തും പരസ്യമായ ചാട്ടവാറടി ശിക്ഷ വിധിക്കുന്ന ഒരു പ്രവിശ്യയുണ്ട് യാഥാസ്ഥിതികര്‍ക്ക് മുന്‍തൂക്കമുള്ള ഇന്തോനീഷ്യയില്‍. അഛേ പ്രവിശ്യയിലാണ് ലോകത്തിനു മുഴുവന്‍ ‍ഞെട്ടലായി പരസ്യമായ ചാട്ടവറടിയും ചൂരല്‍കൊണ്ടുള്ള അടിയും  ഇപ്പോഴും  തുടരുന്നത്.

വ്യാഴാഴ്ചയും ഇവിടെ ചൂരല്‍കൊണ്ടുള്ള അടി നടന്നു. ഇത്തവണ ഇരയായത് അവിവാഹിതരായ സ്ത്രീപുരുഷന്‍മാര്‍. കൈകള്‍ കോര്‍ത്തുപിടിച്ച് സ്നേഹത്തോടെ മുട്ടിയിരുമ്മി പരസ്യമായി നടന്നതാണ് അവര്‍ ചെയ്ത കുറ്റം. സ്നേഹപ്രകടനവും കുറ്റമാണ് അഛേ പ്രവിശ്യയില്‍. അവിവാഹിതരായ സ്ത്രീപുരുഷന്‍മാര്‍ ഒരുമിച്ചുനടക്കുന്നതും ചാട്ടവാറടി ലഭിക്കാവുന്ന കുറ്റമാണ്. 

ഇന്തോനീഷ്യയില്‍ത്തന്നെ കര്‍ശനമായ മുസ്ലിം നിയമം അണുവിട വ്യതിചലിക്കാതെ അനുശാസിക്കുന്ന ഏകസ്ഥലമാണ് അഛേ. പ്രവിശ്യയുടെ തലസ്ഥാന പട്ടണത്തിലെ പള്ളിക്കു മുന്നില്‍വച്ചാണ് വ്യാഴാഴ്ച ശിക്ഷ നടപ്പാക്കിയത്. അഞ്ച് യുവതീയുവാക്കള്‍ക്ക്. നാലു മുതല്‍ 22 ചൂരലടി വരെ  ലഭിച്ചവരുണ്ട്. ജയില്‍ശിക്ഷയ്ക്കുപുറമെയാണ് ചൂരല്‍കൊണ്ടുള്ള മര്‍ദനവും ശിക്ഷയായി ലഭിക്കുന്നത്. 

പരസ്യമായി സ്നേഹപ്രകടനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നത് മതപൊലീസാണ്. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ച ഒരു ഉദ്യോഗസ്ഥന്‍ യുവതീയുവാക്കളെ ചൂരല്‍ കൊണ്ട് അടിക്കുന്നതു കാണാന്‍ കുട്ടികളുള്‍പ്പെടെ നൂറുകണക്കിനുപേര്‍ തടിച്ചുകൂടിയിരുന്നു. ഓരോ തവണ അടി കിട്ടുമ്പോഴും വേദനയില്‍ ഉറക്കെ നിലവിളിച്ചവരുണ്ട്. ചിലര്‍ നിശ്ശബ്ദരായി വേദന കടിച്ചമര്‍ത്തി ശിക്ഷ ഏറ്റുവാങ്ങി. 

ഇതൊരു പാഠമായി കരുതി ഭാവിയില്‍ ആരും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നാണ് കരുതുന്നതെന്ന് സംഭവത്തെക്കുറിച്ച് ഒരു ഓഫിസര്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ പുരുഷന്‍മാര്‍ക്ക് 100 അടി വീതമാണ് ലഭിച്ചത്. പരസ്യമായ ചൂരല്‍ശിക്ഷയ്ക്കെതിരെ ഇന്തോനീഷ്യന്‍ പ്രസിഡന്റ് തന്നെ രംഗത്തുവന്നിരുന്നെങ്കിലും അഛേ പ്രവിശ്യയില്‍ ഈ ശിക്ഷാവിധി ഇപ്പോഴും തടസ്സമില്ലാതെ തുടരുകയാണ്.