പരസ്യം ചെയ്യുമ്പോൾ അണിയറ ശിൽപികൾ ആഗ്രഹിക്കുക പരസ്യം ശ്രദ്ധിക്കപ്പെടണം എന്നാണ്. അതാണ് പരമമായ ലക്ഷ്യം. പക്ഷേ, ലക്ഷ്യം സാക്ഷാത്കരിക്കാൻ എന്തു മാർഗവും സ്വീകരിക്കാമോ എന്നതിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. ഏതു മാർഗത്തിലൂടെയും പരസ്യം ശ്രദ്ധേയമാക്കി എന്താണോ ഉദ്ദേശിക്കുന്നത് അതു ചർച്ചാവിഷയമാക്കുകയാണു വേണ്ടതെന്നു ചിലർ വാദിക്കുമ്പോൾ ധാർമികതയില്ലാത്ത മാർഗങ്ങൾ നല്ലതല്ലെന്ന അഭിപ്രായക്കാരുമുണ്ട്. രണ്ടുകൂട്ടരും തമ്മിൽ പൊരിഞ്ഞ പോരാട്ടത്തിലാണ് ജർമനിയിൽ. വിവാദത്തിനു കാരണമായത് സൈക്കിൾ യാത്രക്കാരെ ഹെൽമറ്റ് ധരിപ്പിക്കാനുള്ള സർക്കാർ പരസ്യവും. 

ജർമനിയിലെ ഗതാഗത മന്ത്രാലയമാണ് പരസ്യത്തിനു പിന്നിൽ. ഹെൽമറ്റ് ധരിച്ച മോഡലുകളെയാണ് പരസ്യത്തിൽ അണിനിരത്തിയിരിക്കുന്നതും. പക്ഷേ, തലയിൽ ഹെൽമറ്റ് ഉണ്ടെങ്കിലും ശരീരത്തിൽ മോഡലുകൾക്ക് അടിവസ്ത്രങ്ങൾ മാത്രമാണുള്ളത്. ഇതാണ് വിവാദത്തിനു കാരണമായിരിക്കുന്നത്. വിമർശനം ഉണ്ടായെങ്കിലും തങ്ങൾ പരസ്യത്തിൽ ഉറച്ചുനിൽക്കുന്നതായും തങ്ങളുടെ ലക്ഷ്യം നിറവേറിയതായും ഗതാഗത മന്ത്രാലയം അവകാശപ്പെടുന്നു. 

ഒരു പരസ്യത്തിലെ മോഡലായ യുവതിക്ക് മാറിടം മറയ്ക്കാൻ അൽപവസ്ത്രം മാത്രം. മോഡലിന്റെ തലയിലാകട്ടെ ആകർഷകമായ വയലറ്റ് നിറത്തിലുള്ള ഹെൽമറ്റ് ഉണ്ട്. കണ്ടിട്ട് ഒരു മോശം ലുക്ക് ഉണ്ടെങ്കിൽതന്നെയെന്താ, ജീവിതം രക്ഷിച്ചു! എന്നർത്ഥം വരുന്ന വാചകങ്ങളാണ് പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ജർമൻ ടെലിവിഷനിലെ പ്രശസ്തമായ ഗെയിം ഷോയിലെ താരങ്ങളെയാണ് പരസ്യത്തിൽ മോഡലുകളാക്കിയിരിക്കുന്നത്. പരസ്യം പുറത്തുവന്നയുടൻ വനിതാ സംഘടനകൾ രംഗത്തെത്തി.

പരസ്യം അസ്വസ്ഥയുണ്ടാക്കുന്നതും അശ്ലീലവുമാണെന്ന് അവർ ആരോപിക്കുന്നു. നഗ്നമേനി കാട്ടിയല്ല ഹെൽമറ്റ് വിൽക്കേണ്ടതെന്നും അവർ ശക്തമായി വാദിക്കുന്നു. ഗതാഗതമന്ത്രാലയത്തിന്റെ നിലപാടുകൾക്കെതിരെ കുടുംബാരോഗ്യമന്ത്രാലയവും രംഗത്തെത്തി. പൂർണമായും വസ്ത്രം ധരിച്ചുകൊണ്ട് സൈക്കിൾ ചവിട്ടുന്ന സ്വന്തം ചിത്രം ഫെയ്സ്ബുകിൽ പോസ്റ്റ് ചെയ്തുകൊണ്ട് ആരോഗ്യമന്ത്രി കുറിച്ചു – പൂർണമായി വസ്ത്രം ധരിക്കുന്നതിനൊപ്പം ഹെൽമറ്റ് കൂടി വച്ചാലും യാത്ര സുരക്ഷിതമാകും.

വ്യാപക വിമർശനമുണ്ടെങ്കിലും പരസ്യം ഹിറ്റ് ആയതിന്റെ സന്തോഷത്തിലാണ് ഗതാഗത മന്ത്രാലയ വക്താക്കൾ. റോഡു സുരക്ഷയ്ക്കുവേണ്ടിയുള്ള ധീരമായ ശ്രമം കുറച്ചു വിവാദമുണ്ടാക്കിയാലും കുഴപ്പില്ല എന്നാണവരുടെ പക്ഷം. സൈക്കിളോടിക്കുന്ന എല്ലാവരും ഹെൽമറ്റ് വയ്ക്കണം. അതുമാത്രമാണു ലക്ഷ്യം. അങ്ങനെതന്ന സംഭവിക്കട്ടെ– ഗതാഗതമന്ത്രാലയ വക്താക്കൾ ഉറച്ചുതന്നെയാണ്.