എന്റെ പേര് സുകന്യ കൃഷ്ണ, ഞാൻ ഒരു ട്രാൻസ്ജെൻഡർ. ഈ കുറിപ്പെഴുതുമ്പോൾ ജീവനോടെയുള്ള ഞാൻ, ഇതേ കുറിപ്പ് പ്രസിദ്ധീകരിക്കപ്പെടുമ്പോൾ ജീവനോടെ ഉണ്ടാകണമെന്നില്ല. അത്രത്തോളം അരക്ഷിതമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ട്രാൻസ് ജീവിതങ്ങൾ. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ മൂന്ന് ട്രാൻസ്‌ജെൻഡർ വ്യക്തികൾ പൊതുവിടങ്ങളിൽ കൊല്ലപ്പെട്ടു എന്നു കൂടി പറയുമ്പോൾ ഞാൻ പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ല എന്ന് നിങ്ങൾക്ക് ബോധ്യമാകും.

ലോക ട്രാൻസ്‌ജെൻഡർ ദൃശ്യതാ ദിനമായ മാർച്ച് 31ന്, നമ്മുടെ കൊച്ചു കേരളത്തിലെ കോഴിക്കോടുള്ള മാവൂർ റോഡിന് സമീപം ഒരു ട്രാൻസ്‌ജെൻഡർ കൂടി കൊലചെയ്യപ്പട്ടിരിക്കുന്നു. നിസ്സാരം... ആലുവയിൽ കൊല്ലപ്പെട്ട ഗൗരിയുടെയും കൊല്ലത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട സ്വീറ്റ് മരിയയുടെയും പേരുകൾക്കൊപ്പം ഒരു പേര് കൂടി... ശാലു.

എന്നോട് ചോദിച്ചാൽ, മരണപ്പെടുന്നവർ ഭാഗ്യം തുണച്ചവർ എന്നുപോലും ഞാൻ പറഞ്ഞുപോയേക്കാം. അത്രത്തോളം ദുഷ്കരമാണ് ഇവിടെ അതിജീവിച്ച്, നിലനിന്ന് പോകുവാൻ. വേട്ടയാടപ്പെടുന്നവരാണ് ഞങ്ങൾ, അധികാരവർഗ്ഗത്തിനാലും സമൂഹത്തിനാലും എന്തിനേറെ പറയുന്നു... നിയമപാലകരാൽ പോലും...

മരണത്തോടെ എല്ലാ വേദനകളും ഇല്ലാതാകുമെന്ന് പറയുന്നത് ഞങ്ങളുടെ കാര്യത്തിലാണ് അന്വർഥമാകുന്നത്. ഓരോ ദിവസവും ഒരു ട്രാൻസ്‌ജെൻഡർ അനുഭവിക്കേണ്ടി വരുന്ന വേദനകൾ ചെറുതൊന്നുമല്ല. സമൂഹം പോലും പലപ്പോഴും വേട്ടക്കാരന്റെ കുപ്പായമണിയുന്നു എന്നത് അതീവ ദുഃഖകരമാണ്. കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ വന്നതാണെന്ന് ആരോപിച്ച്, തിരുവിതാംകൂറിൽ ദുർബലയായ ഒരു ട്രാൻസ്ജൻഡറിനെ ആൾക്കൂട്ടം മർദ്ദിച്ച് ജീവച്ഛവമാക്കിയിട്ട് കാലം ഏറെയായിട്ടില്ല.

ആറ് മണിക്ക് ശേഷം ഒരു ട്രാൻസ്‌ജെൻഡർ നഗരത്തിലേക്കിറങ്ങിയാൽ അത്, ലൈംഗികവൃത്തിക്കാണ് എന്നാണ് പലരുടെയും ധാരണ. എന്തിനധികം പറയുന്നു... ട്രാൻസ് വ്യക്തികളുടെ കുടുംബാംഗങ്ങളെ വരെ ഇവർ വേട്ടയാടുന്നു. ട്രാൻസ്ജെൻഡറായ സ്വന്തം സഹോദരിയെ കാണാൻ അവളുടെ ലോഡ്ജ് മുറിയിൽ എത്തിയ യുവതിയെ 'അനാശ്യാസ'ത്തിനു അറസ്റ്റ് ചെയ്ത അധികാരികളുണ്ട്. ഇവർ എത്രമാത്രം ട്രാൻസ്‌ഫോബിക് ആണെന്നതിന് ഇനിയുമുണ്ട് ദൃഷ്ടാന്തങ്ങൾ. നഗരത്തിലെ ഒരു ലോഡ്ജിലും ട്രാൻസ്ജെൻഡറുകൾക്ക് മുറികൾ നൽകുവാൻ പാടില്ല എന്നും വീടുകൾ വാടകയ്ക്ക് നൽകുവാൻ പാടില്ല എന്നുമുണ്ട് കൽപനകൾ

ഭാവിയിൽ ചിലപ്പോൾ മൗലികാവകാശങ്ങൾ എന്ന നിലയിൽ സഞ്ചാരസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും വസ്ത്രധാരണ സ്വാതന്ത്ര്യവുമൊക്കെ ഞങ്ങൾക്കും അനുവദിച്ച് തന്നേക്കാം എന്ന് പ്രത്യാശിക്കുന്നു.ആ നാളുകൾക്കായി കാത്തിരിക്കുന്നു. അന്ന് ഞങ്ങളുടെ ശബ്ദത്തിന് ഇപ്പോൾ അവശേഷിക്കുന്നത്രയെങ്കിലും ശക്തി ഉണ്ടെങ്കിൽ അവർ അത് കേട്ടേക്കാം... അതോ അപ്പോഴേക്കും ഞങ്ങളെ അവർ ഇല്ലാതാക്കിയിരിക്കുമോ?