കുഞ്ഞിനെ കരുതലോടെ ചേർത്തുപിടിക്കുമ്പോഴും കണ്ണിൽ കത്തുന്ന ക്രൗര്യവുമായി നിൽക്കുന്ന പെൺസിംഹത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഒരമ്മയുടെ പ്രതികാരത്തിന്റെ കഥ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. സൗത്ത് ആഫ്രിക്കയിലെ നോകുബോങ്ക എന്ന അമ്മ വാർത്തയിൽ നിറഞ്ഞത് ഒരു കൊലപാതകത്തിലൂടെയാണ്. ആ അമ്മ കൊലപ്പെടുത്തിയത് അവരുടെ മകളെ മാനഭംഗപ്പെടുത്തിയവരിൽ ഒരാളെയാണ്. 

അധികം വിശദീകരണങ്ങളില്ലാതെ ഭൂതകാലത്തിലെ ആ കറുത്ത രാത്രിയെ നോകുബോങ്ക എന്ന അമ്മ ഓർമ്മിക്കുന്നതിങ്ങനെ :-

''എന്റെ മകൾ സിഫോക്കസിയെ മൂന്നു ചെറുപ്പക്കാർ ചേർന്ന് മാനഭംഗപ്പെടുത്തുന്നു എന്ന മോശം വാർത്ത ഒരു ഫോൺകോളിലൂടെയാണ് ലഭിക്കുന്നത്. പൊലീസിനെ വിളിച്ചെങ്കിലും അവരുടെ ഭാഗത്തു നിന്ന് മറുപടിയൊന്നും ലഭിക്കാത്തതിനാൽ കൈയിൽ കിട്ടിയ ഒരു കത്തിയെടുത്ത് അക്രമം നടക്കുന്ന സ്ഥലത്തേക്ക് ഞാൻ തനിച്ചു പുറപ്പെട്ടു.

ഞാൻ വല്ലാതെ ഭയന്നിരുന്നു. പക്ഷേ അപകടത്തിലായത് എന്റെ മകളാണ്. ആ ചിന്തകൊണ്ട് എനിക്ക് ശക്തി പകരാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഞാനവിടെ എത്തുമ്പോഴേക്ക് ഒരുപക്ഷേ അവൾ കൊല്ലപ്പെട്ടേക്കാമെന്നു പോലും ഞാൻ ഭയന്നു. കാരണം അക്രമികളെ അവൾക്കു നന്നായറിയാം. അത് അവർക്കുമറിയാം. അവരെക്കുറിച്ച് പരാതിപ്പെടാതിരിക്കാൻ വേണ്ടി അവർ അവളെ കൊന്നുകളയാനും മതി. ആ ചിന്തയിൽ എത്രയും വേഗം മകളുടെ അടുത്തെത്താൻ ‍ഞാൻ സർവശക്തിയുമെടുത്ത് ഓടി. മകളുടെ കരച്ചിൽ കേൾക്കുന്ന ദിശ ലക്ഷ്യമാക്കി ഓടിയ എനിക്ക് ദിശകാട്ടിയത് മൊബൈൽ ഫോണിലെ ഒരുതുണ്ട് വെളിച്ചമായിരുന്നു. ഒുവിൽ ആ രാത്രിയിൽ നടന്ന ഭീകരമായ കാഴ്ച എനിക്ക് കാട്ടിത്തന്നതും ആ വെളിച്ചമായിരുന്നു. എന്റെ മകളെ ഒരാൾ മാനഭംഗം ചെയ്യുമ്പോൾ മറ്റുരണ്ടുപേർ വിവസ്ത്രരായി അവരുടെ ഊഴം കാത്തു നിൽക്കുകയായിരുന്നു അപ്പോൾ.

ആ കാഴ്ച എന്നെ ഭയചകിതയാക്കി. ഞാൻ ആ മുറിയുടെ വാതിലിനടുത്തു നിന്ന് നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഉറക്കെ ചോദിച്ചു. എന്നെ തിരിച്ചറിഞ്ഞ അവർ അപ്പോൾത്തന്നെ എന്നെ ആക്രമിക്കാൻ ശ്രമിച്ചു. സ്വയരക്ഷയ്ക്ക് എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ചിന്തിച്ചു എന്നു മാത്രം ഓർമ്മയുണ്ട്. പിന്നെ എല്ലാം വളരെപ്പെട്ടന്നായിരുന്നു. പിന്നീടു നടന്ന കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കാതെ ആ അമ്മ പറഞ്ഞതിങ്ങനെ :- എന്റെ പ്രത്യാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു, മറ്റു രണ്ടു പേർക്ക് സാരമായി പരുക്കേറ്റു''.

അവിടെ നിന്നു രക്ഷപെട്ട മകളെ അവരുടെ സുഹൃത്തിന്റെ വീട്ടിലാക്കി. അപ്പോഴേക്കും പൊലീസെത്തി നോകുബോങ്കയെ അറസ്റ്റ് ചെയ്തു. നോകുബോങ്കയുടെ അറസ്റ്റും വിചാരണയുമെല്ലാം രാജ്യാന്തര തലത്തിൽ വാർത്തയായി. നോകുബോങ്ക എന്ന ധീരയായ അമ്മയെ ശിക്ഷിക്കരുതെന്നും അവരെ കോടതി വെറുതെ വിടണമെന്നും ആയിരക്കണക്കിന് ജനങ്ങൾ അഭ്യർഥിച്ചു. പ്രക്ഷുബ്ദമായ മനസ്സോടെയാണ് നോകുബോങ്കയുടെ കേസ് ഏറ്റെടുത്ത അറ്റോർണി ബുലേ റ്റോണിസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ' സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുകൊണ്ട് നോകുബോങ്ക എന്ന അമ്മ ജയിലിലാകുമെന്നു തന്നെ പലരും ഉറപ്പിച്ചു. അവർക്കൊപ്പം നിൽക്കാനാരുമില്ലായിരുന്നു. പല നിയമങ്ങളും പണമുള്ളവർക്കൊപ്പമാണ്. ദാരിദ്രം വർണ്ണ വിവേചനത്തോട് ചേർത്തുവയ്ക്കുന്ന ഒരു രാജ്യത്ത്, കറുത്ത വർഗ്ഗക്കാർ, പ്രത്യേകിച്ച് കറുത്ത വർഗ്ഗക്കാരായ സ്ത്രീകൾക്ക് നീതി ലഭിക്കാറില്ല. നിയമങ്ങളും നിയമപാലകരും അക്രമികളെ പിന്തുണയ്ക്കുമ്പോൾ നിസ്സഹായരായ സ്ത്രീകളുടെ പോരാട്ടങ്ങൾ പലപ്പോഴും ഫലപ്രാപ്തിയിലെത്താതെ പോകുന്നു'.

നോകുബോങ്കയുടെ ധൈര്യത്തെ വാഴ്ത്തിയ മാധ്യമങ്ങൾ അവരെ വാഴ്ത്തിയത് അമ്മ സിംഹമെന്നാണ് (“Lion Mama.” ). അവരുടെ ഐഡന്റിറ്റി മറച്ചുവയ്ക്കപ്പെട്ട സമയത്ത് അവരെക്കുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിക്കേണ്ടി വന്നപ്പോൾ ഒരു മാധ്യമം ധീരയായ അമ്മയെ വിശേഷിപ്പിക്കാൻ അമ്മ സിംഹമെന്ന വാക്കുപയോഗിക്കുകയും തുടർന്നു വന്ന ദിവസങ്ങളിൽ മറ്റു മാധ്യമങ്ങളും അതേറ്റെടുക്കുകയും ചെയ്തു. വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ നോക്കുബോങ്കയുടെയും മകളുടെയും ചിത്രത്തിനു പകരമായി അമ്മ സിംഹത്തിന്റെയും കുഞ്ഞിന്റെയും ചിത്രങ്ങളാണ് വാർത്തയ്ക്കുവേണ്ടി അവർ ഉപയോഗിച്ചത്.വികാരഭരിതരായാണ് ആ വാർത്ത ലോകം ഏറ്റെടുത്തതും ചർച്ച ചെയ്തതും.

അമ്മ സിംഹത്തിന്റെ നീതിക്കുവേണ്ടി പൊതുജനവും മാധ്യമങ്ങളും മുന്നിട്ടിറങ്ങിയപ്പോൾ മാനഭംഗക്കേസുകളോട് പുലർത്തുന്ന നിസ്സംഗഭാവം ഉപേക്ഷിക്കാൻ നിയമപാലകർ തയാറായി. ആളുകളുടെ ഉറച്ച ശബ്ദത്തിന് നിയമത്തെ ഉണർത്താൻ ശേഷിയുണ്ടെന്നും നോകുബോങ്കയുടെ കഥ ആരോരും അറിയാതെ പോയിരുന്നെങ്കിൽ മകളെ തനിച്ചാക്കി ആ അമ്മയ്ക്ക് ഇപ്പോഴും ജയിലിൽ കഴിയേണ്ടി വരുമായിരുന്നുവെന്നും ആളുകൾ പറയുന്നു. കൊലപാതകക്കുറ്റത്തിന് ആ അമ്മ ജയിൽ ശിക്ഷ അനുഭവിക്കുമ്പോൾ അനാഥത്വത്തിന്റെ ഭാരംപേറി ആ മകൾ ജീവിക്കേണ്ടി വന്നേനേം എന്നും അവർ ഭീതിയോടെ ഓർക്കുന്നു.

വാദം കേൾക്കാനായി കോടതിമുറിയിലെത്തിയപ്പോൾ നോകുബോങ്കയെ പിന്തുണയ്ക്കുന്നവരെക്കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു അവിടം. തന്നെ പിന്തുണച്ചവരോട് നോകുബാങ്ക പറഞ്ഞതിങ്ങനെ :- ' സൗത്ത് ആഫ്രിക്കയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് എന്നെ പിന്തുണയ്ക്കാനെത്തിയവരോട് ഒന്നേ പറയാനുള്ളൂ. നന്ദി. നിങ്ങൾ എനിക്ക് നൽകുന്നത് പ്രത്യാശയും പ്രതീക്ഷയുമാണ്'.

കോടതി നടപടികൾ പൂർത്തിയായി അമ്മ സ്വതന്ത്രയായപ്പോൾ സിപോക്കസി എന്ന മകൾ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി മാധ്യമങ്ങൾക്കു മുന്നിൽ വന്നു. തന്നെപ്പോലെ ഇരകളായവർക്ക് വേണ്ടിയാണ് അവൾ അങ്ങനെ ചെയ്തത്. ' ഇത്തരം ആക്രമണങ്ങൾക്ക് ശേഷവും ജീവിതമുണ്ട്. അതിനു ശേഷവും നിങ്ങൾക്ക് സമൂഹത്തിൽ നിങ്ങളുടെ ജീവിതം ജീവിച്ചു തീർക്കാനുള്ള അവസരമുണ്ട്.– സിഫോക്കസി പറയുന്നു. പോസിറ്റീവ് ആയി അവസാനിച്ച അപൂർവമായ കഥ എന്നുപറഞ്ഞുകൊണ്ടാണ് അമ്മ സിംഹത്തിന്റെയും കുട്ടിയുടെയും കഥ മാധ്യമങ്ങൾ പങ്കുവയ്ക്കുന്നത്.