ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ലഹരിയില്‍ രാജ്യം മുഴുകുമ്പോഴും അടുത്ത ഘട്ടത്തില്‍ മാത്രം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ തട്ടകമായ ഡല്‍ഹിയില്‍ പ്രചാരണ രംഗത്തെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയയാകുകയാണ് അല്‍ക ലാംബ. ചാന്ദ്നി ചൗക്കില്‍നിന്നുള്ള എഎപി എംഎല്‍എ. ഒരുകാലത്ത് പാര്‍ട്ടിയുടെ മുന്നണിപ്പോരാളിയും ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാവുമായിരുന്ന അല്‍ക്ക ലാംബ നേതൃത്വവുമായുള്ള അകല്‍ച്ചയെത്തുടര്‍ന്നാണ് പ്രചാരണത്തില്‍നിന്നു മാറിനില്‍ക്കുന്നത്. 

ത്രികോണമല്‍സരം നടക്കുന്ന ഡല്‍ഹിയിലെ സ്ഥാനാര്‍ഥികളുടെ വ്യക്തമായ ചിത്രം തെളിഞ്ഞത് കഴിഞ്ഞദിവസമാണ്. ഇനിയാണ് പ്രചാരണം ചൂടുപിടിക്കേണ്ടത്. ആ സമയത്തുതന്നെ എഎപിക്കുവേണ്ടി പ്രചാരണം നടത്താന്‍ താന്‍ ഇല്ലെന്നു പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുകയാണ് അല്‍ക്ക ലാംബ. ഡല്‍ഹി ഭരിക്കുന്ന എഎപി ഇത്തവണ നേരിടുന്നത് കടുത്ത മല്‍സരമാണ്. 

പാര്‍ലമെന്റ് സീറ്റുകളെല്ലാം ബിജെപി കൈക്കലാക്കുമോ എന്ന ഭയത്തില്‍ കോണ്‍ഗ്രസ്-എഎപി സഖ്യത്തിന്റെ സാധ്യതകള്‍ ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ കുറച്ചുനാളുകളായി ചര്‍ച്ച ചെയ്യുകയായിരുന്നു. പക്ഷേ, മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ യോജിപ്പിലെത്താതെ എഎപിയും കോണ്‍ഗ്രസും വഴിപിരിയുകയും ത്രികോണ മല്‍സരം ഉറപ്പാകുകയും ചെയ്തിരിക്കുന്നു. വിജയം അഭിമാന പ്രശ്നമായ എഎപിക്ക് ഒരു തിരിച്ചിടി കൂടി സമ്മാനിച്ചിരിക്കുകയാണ് അല്‍ക്ക ലാംബയുടെ പ്രഖ്യാപനവും. ചാന്ദ്നി ചൗക്കില്‍ പാര്‍ട്ടി പരാജയപ്പെടുകകൂടി ചെയ്താല്‍ അല്‍ക ലാംബയുടെ അസാന്നിധ്യം വീണ്ടും ചര്‍ച്ചയാകുകയും ചെയ്യും. 

കഴിഞ്ഞ കുറച്ചു നാളുകളായി പാര്‍ട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്നാണ് അല്‍ക്കയുടെ പരാതി. എംഎല്‍എ പങ്കെടുക്കേണ്ട ഒരു ചടങ്ങിലും തന്നെ ക്ഷണിക്കുന്നില്ല. അങ്ങനെയുള്ള താന്‍ ആര്‍ക്കു വേണ്ടി പ്രചാരണം നടത്തണം എന്നാണവരുടെ ചോദ്യം. പാര്‍ട്ടി നേതൃത്വവുമയി ബന്ധപ്പെടാന്‍ കഴിഞ്ഞ നാലുമാസമായി ഞാന്‍ ശ്രമിക്കുന്നു. ആരും പ്രതികരിക്കുന്നുപോലുമില്ല. അതുകൊണ്ടുതന്നെ പ്രചാരണത്തിനില്ലെന്നും ഞാന്‍ തീരുമാനിച്ചു-രോഷത്തോടെ അല്‍ക്ക പ്രഖ്യാപിച്ചു. 

എഎപിയില്‍ ചേരുന്നതിനുമുമ്പ് കോണ്‍ഗ്രസിലായിരുന്നു അല്‍ക്ക പ്രവര്‍ത്തിച്ചിരുന്നത്. ആ പാര്‍ട്ടിയുമായി സഖ്യചര്‍ച്ച പുരോഗമിച്ചപ്പോള്‍ താന്‍ സഖ്യത്തിനനുകൂലമാണെന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ ഗ്രേറ്റര്‍ കൈലാഷ് എംഎല്‍എ സൗരഭ് ഭരദ്വാജുമായി ട്വിറ്ററില്‍ അല്‍ക്ക കൊമ്പുകോര്‍ക്കുകയും ചെയ്തു. 

എഎപിയില്‍നിന്നു രാജിവച്ചിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ സൗരഭ് ഭരദ്വാജ് അല്‍ക്കയോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ തന്നെ വിജയിപ്പിച്ച ജനങ്ങളോട് തനിക്ക് കടമയുണ്ടെന്നാണ് അല്‍ക്കയുടെ നിലപാട്. പാര്‍ട്ടിയുമായുള്ള അഭിപ്രയവ്യത്യാസത്തിന്റെ പേരില്‍ വികസനം മുടക്കാന്‍ തയാറല്ലെന്നും അവര്‍ പറയുന്നു. ഇനിയുള്ള ദിവസങ്ങളില്‍ ഡല്‍ഹിയില്‍ പ്രചാരണം ചൂടുപിടിക്കാന്‍ പോകുയാണ്. പ്രമുഖ നേതാക്കളെല്ലാം തലസ്ഥാനത്തേക്ക് തമ്പടിക്കാന്‍ എത്തുകയും ചെയ്യും. അവരില്‍ അല്‍ക്ക ലാംബ ഉണ്ടാകില്ല. ഇത്തവണ അസാന്നിധ്യത്തിലൂടെ താരമാകുകയാണ് അവര്‍. എഴുതിത്തള്ളാനാവില്ലെന്ന വ്യക്തമായ സൂചനയുമായി.