തങ്ങളുടെ അനുവാദമില്ലാതെ ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ച മകൾക്ക് മരണശിക്ഷ നൽകി മാതാപിതാക്കൾ. മഹാരാഷ്ട്രയിലാണ് സംഭവം. ഭാര്യയുടെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്നും സംഭവം ദുരഭിമാനക്കൊലയാണെന്നും ആരോപിച്ചുകൊണ്ട് യുവതിയുടെ ഭർത്താവ് പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ കഠ്‌വ ഗ്രാമത്തിലെ ബ്രഹ്മദേവ് രാംജി, ഭാര്യ ആശ എന്നിവർക്കെതിരെയാണ് അവരുടെ മകളുടെ ഭർത്താവായ ദേവേന്ദ്ര കൊത്‌വാലേ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് സബ് ഇൻസ്പെക്ടർ വികാസ് ചൗവ്‌ലി പറഞ്ഞതിങ്ങനെ :-

2018 ലാണ് ബ്രഹ്മദേവ് രാംജിയുടെയും ഭാര്യ ആശയുടെയും മകളായ പ്രതിഭയുമായി  ദേവേന്ദ്ര പ്രണയത്തി ലായത്. അക്കാലത്ത് ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു പ്രതിഭ. ദേവേന്ദ്രയാകട്ടെ ഒരു ഫാർ‌മസ്യൂട്ടിക്കൽ കമ്പനിയിലെ മെഡിക്കൽ റെപ്പും. ഇരുവർക്കും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഈ ബന്ധത്തെ പ്രതിഭയുടെ വീട്ടുകാർ എതിർത്തു. ബ്രാഹ്മണ സമുദായത്തിൽപ്പെട്ടയാളായതിനാൽ തന്റെ മകളെ ഒരു അന്യജാതിക്കാരൻ വിവാഹം കഴിക്കുന്നതിനോട് ബ്രഹ്മദേവ് രാംജിക്ക് യോജിപ്പില്ലായിരുന്നു. എന്നാൽ പ്രണയത്തിൽ നിന്നും പിന്മാറാൻ തയാറാകാതിരുന്ന ദേവാനന്ദും പ്രതിഭയും മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അതിനു കഴിയാതെ വന്നപ്പോൾ  ഏപ്രിൽ 1 ന് ആചാരപ്രാകാരം ദേവേന്ദ്രയുടെ നാട്ടിൽവച്ച് വിവാഹിതരായി.

ഏപ്രിൽ 21 ന് പ്രതിഭയുടെ ഇളയ സഹോദരി ദമ്പതികളെ കാണാനെത്തുകയും മാതാപിതാക്കൾ അവരുടെ വിവാഹം അംഗീകരിച്ചുവെന്നുള്ള സന്തോഷവാർത്ത പ്രതിഭയെ അറിയിക്കുകയും ചെയ്തു. വീട്ടിൽച്ചെന്ന് അച്ഛനമ്മമാരെ കാണാനും അവൾ പ്രതിഭയോട് ആവശ്യപ്പെട്ടു. സഹോദരിയുടെ നിർദേശമനുസരിച്ച്  പ്രതിഭ സ്വന്തം വീട്ടിലെത്തി.  രണ്ടു ദിവസത്തിനു ശേഷം പ്രതിഭ മരിച്ചു എന്ന വാർത്തയാണ് ദേവേന്ദ്ര അറിഞ്ഞത്. ഹൃദയസ്തംഭംനം മൂലം പ്രതിഭ മരിച്ചുവെന്നാണ് പ്രതിഭയുടെ മാതാപിതാക്കൾ ദേവേന്ദ്രയെ വിളിച്ചറിയിച്ചത്.

എന്നാൽ ഭാര്യയുടേത് സ്വാഭാവിക മരണമല്ലെന്നും അവളുടെ മാതാപിതാക്കൾ അവളെ പച്ചയ്ക്കു കത്തിച്ചതാണെന്നുമാണ് ദേവേന്ദ്രയുടെ ആരോപണം. ഏപ്രിൽ 23നായിരുന്നു സംഭവം. ഭർത്താവിന്റെ പരാതിയിൽ കേസ് രജിസിറ്റർ ചെയ്തിട്ടുണ്ടെന്നും ഇതൊരു ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമായ തെളിവുകൾ ലഭിച്ച ശേഷമേ അറസ്റ്റിലേക്കു കടക്കൂവെന്നും പൊലീസ് പറയുന്നു.