ചക്കരയുമ്മകൾ, വന്ദന സൂഫിയ കടോച് എന്ന ഈ അമ്മയ്ക്ക്. മക്കൾക്ക് എപ്ലസ് ആണോ, എവൺ ആണോ, കാൽ മാർക്ക് കുറഞ്ഞതിനാൽ സ്റ്റാറ്റസ് ഇടിഞ്ഞോ എന്നൊക്കെ ആധിപിടിക്കുന്ന അമ്മമാർക്കു മുന്നിൽ വന്ദന സൂപ്പർ അമ്മയാകുന്നു.

എങ്ങനെയാണെന്നോ, സിബിഎസ്ഇ പത്താം ക്ലാസിൽ 60% മാർക്ക് വാങ്ങിയ മകനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിന്റെ പേരിൽ. ആരെയും തോൽപിച്ചതിന്റെ പേരിലല്ല, സ്വയം കൂടുതൽ മികവ് കാട്ടിയതിന്, ആത്മാർഥമായി പരിശ്രമിച്ചതിന്, വിഷമമുള്ള വിഷയങ്ങൾ കഷ്ടപ്പെട്ടു പഠിച്ചതിന് – മകനെ അഭിനന്ദിച്ച അമ്മയ്ക്ക് ഒരു സല്യൂട്ട് കൊടുക്കേണ്ടേ?

വന്ദനയുടെ പോസ്റ്റിൽ നിന്ന്: ''എന്റെ മകനെക്കുറിച്ചോർത്തു വളരെ വളരെ അഭിമാനം തോന്നുന്നു. അതേ, തൊണ്ണൂറല്ല, 60 ശതമാനമാണ് എന്റെ മകന്റെ മാർക്ക്. പക്ഷേ, അത് എന്റെ സന്തോഷത്തെ ഒട്ടും കുറയ്ക്കുന്നില്ല.  അവൻ ചില വിഷയങ്ങൾ പഠിക്കാൻ കഷ്ടപ്പെട്ടു മല്ലിടുന്നതു ഞാൻ കണ്ടിട്ടുണ്ട്. ഇനി പഠിക്കേണ്ടെന്ന മടുപ്പിന്റെ വക്കുവരെ എത്തിയിട്ടും അവൻ വിട്ടുകളഞ്ഞില്ല. പരീക്ഷയ്ക്കു മുൻപുള്ള ഒന്നരമാസം അവൻ എത്ര ഉൽസാഹത്തോടെയാണു മുഴുവൻ സമയവും പഠിച്ചത്. അങ്ങനെ ഈ വിജയം സ്വന്തമാക്കിയത്. മകനോ,നിനക്കും നിന്നെപ്പോലെയുള്ള ഒട്ടേറെ കുട്ടികൾക്കും അഭിനന്ദനങ്ങൾ. എന്റെ പ്രിയമകനേ, മുന്നോട്ടുള്ള പാതയിൽ ഇനി നീ നിന്റെ വഴി തിരഞ്ഞെടുക്കുക. നിന്നിലെ നന്മയും ജിജ്ഞാസയും ജ്ഞാനവും നിലനിർത്തുക. ഒപ്പം നിന്റെ തട്ടുപൊളിപ്പൻ തമാശകളും''!