ചുവന്നു കലങ്ങിയ കണ്ണുകളും തല്ലുകൊണ്ടു നീലിച്ച് നീരുവച്ച മുഖവുമായാണ് ആ 32 വയസ്സുകാരി മീററ്റിലെ പൊലീസ് സ്റ്റേഷനിലെത്തിയത്. ഭർത്താവിനെതിരെ സ്ത്രീധനപീഡനത്തിന് പരാതിനൽകാനെത്തിയ അവർ നൽകിയ വിവരങ്ങൾ കേട്ട് പൊലീസ് അമ്പരന്നു.

പ്രതിസ്ഥാനത്തുള്ള യുവതിയുടെ ഭർത്താവ് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിയമം പാലിക്കേണ്ട ആൾ തന്നെ നിയമം കൈയിലെടുത്തപ്പോൾ ഭാര്യയുടെ മൊഴിയുടെയും പ്രാഥമിക തെളിവുകളുടെയും അടിസ്ഥാനത്തിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ കുറേ വർഷങ്ങളായി ഭർത്താവ് തന്നെ ശാരീരിക–മാനസിക പീഡനങ്ങൾക്ക് ഇരയാക്കിക്കൊണ്ടിരിക്കുക യാണെന്നും മിണ്ടാപ്രാണികളെ തല്ലിച്ചതയ്ക്കുന്നതു പോലെയാണ് അയാൾ തന്നെ ഉപദ്രവിക്കുന്നതെന്നും അവർ പറയുന്നു.

സിക്സ്ത് നാഗാലാന്റ്  ആർമിഡ് പൊലീസ് ബൈറ്റാലിയൻ അസിസ്റ്റന്റ് കാമാൻഡന്റ് ആയ അമിത് നിഗത്തിനെതിരെയാണ് ഭാര്യയുടെ പരാതി. ഇപ്പോൾ ഡൽഹിയിൽ ജോലിനോക്കുന്ന അമിതിനെതിരെ ഒന്നിലധികം കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.സെക്ഷൻ 307 ( വധശ്രമം), ഐപിസി സെക്ഷൻ 498 A ( ഭർത്താവോ ഭർത്താവിന്റെ വീട്ടുകാരോ സ്ത്രീകളെ ക്രൂരതയ്ക്കിരയാക്കുക) തുടങ്ങി സ്ത്രീധന പീഡനമുൾപ്പടെയുള്ള കേസുകളാണ് ചാർജ് ചെയ്തിരിക്കുന്നത്.

ഭർത്താവിന്റെ ക്രൂരപീഡനം സഹിക്കാൻ വയ്യാതായപ്പോൾ താൻ സ്വന്തം വീട്ടിലേക്കു മടങ്ങിയെന്നും അവർ പറയുന്നു. 2015 ൽ ആയിരുന്നു മീററ്റ് സ്വദേശികളായ അമിത്തിന്റെയും നമ്രതയുടെയും വിവാഹം. വിവാഹശേഷം എട്ടു പത്തു ദിവസം കഴി‍ഞ്ഞപ്പോൾ മുതൽ ഭർത്താവിന്റെ വീട്ടുകാർ തന്നോട് ഒരു കോടി രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും അവർ പറയുന്നു. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന് മോശമായ പെരുമാറ്റമുണ്ടായപ്പോൾ ഭർത്താവിന്റെ ജോലിസ്ഥലമായ നാഗലാന്റിലേക്ക് താൻ പോയെന്നും യുവതി പറയുന്നു. അവിടെ എത്തിയപ്പോൾ മുതൽ സ്ത്രീധനത്തെച്ചൊല്ലി തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും അവർ പറയുന്നു.

ഭർത്താവിന്റെ പരസ്ത്രീ ബന്ധം കൂടി താൻ കണ്ടുപിടിച്ചതോടെ ഉപദ്രവം ഏറിയെന്നും ഏപ്രിൽ 30 ന് ജോലിക്കുപോയിട്ട് തിരിച്ചു വന്ന ദിവസം ബെൽറ്റുകൊണ്ട് അമിത് തന്നെ മർദ്ദിച്ചെന്നും തന്റെ ബോധം പോയതിനു ശേഷമാണ് മർദ്ദനം അവസാനിപ്പിച്ചതെന്നും അവർ പറയുന്നു. മർദ്ദനം സഹിക്കാനാകാതെ വന്നതോടെയാണ് താൻ സ്വന്തം വീട്ടിലേക്ക് മടങ്ങിയതെന്നും അവർ പറയുന്നു.

ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഭാര്യ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും. കുറ്റവാളികൾ ആരുതന്നെ ആയാലും നിയമത്തിനു മുന്നിൽ അവർ ശിക്ഷിക്കപ്പെടുമെന്നും മീററ്റ് എസ്എസ്പി നിതിൻ തിവാരി പറയുന്നു.