മൂന്നു പതിറ്റാണ്ടിനിടെ ഒരിക്കല്‍മാത്രം പുറം ലോകം കണ്ട ഒരമ്മയുടെ അപേക്ഷയായിരുന്നു അത്. അഭിഭാഷകരുടെ വാക്കുകളിലല്ല സ്വന്തം ശബ്ദത്തില്‍ അപേക്ഷ കോടതി കേള്‍ക്കണം എന്ന് ആ അമ്മ ആഗ്രഹിച്ചു. മറ്റെല്ലാ പരിഗണനകള്‍ക്കും അപ്പുറം ഒരു അമ്മ എന്ന നിലയിലുള്ള ചുമതല നിര്‍വഹിക്കാനുള്ള അവസരമെങ്കിലും തനിക്ക് നല്‍കണമെന്നാണ് അവര്‍ വാദിച്ചത്. 

വാക്കുകള്‍ ഇടയ്ക്ക് ഇടറുന്നുണ്ടായിരുന്നു.കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു ആ മുഖം പലപ്പോഴും. അപ്പോള്‍ അവര്‍ മനസ്സില്‍ കണ്ടത് മകളെയായിരിക്കണം. ആ വാക്കുകളിലെ ആത്മാര്‍ഥത കണ്ടില്ലെന്നു നടിക്കാന്‍ കോടതിക്ക് ആയില്ല. ഒടുവില്‍ ഉപാധികളോടെ 30 ദിവസത്തെ പരോള്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ആ അമ്മയ്ക്ക് മകളെ കാണാം. മകളുടെ മികച്ച ഭാവിക്കുവേണ്ടി അനുയോജ്യനായ ഒരു വരനെ കണ്ടെത്തണം. പിന്നെയും മകള്‍ക്കുവേണ്ടി ചെയ്യണം എന്നവരാഗ്രഹിക്കുന്ന കാര്യങ്ങള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍ത്ത് വീണ്ടും മടങ്ങിവരണം. 

നളിനി

ഒരു രാജ്യം മുഴുവന്‍ ഒരിക്കല്‍ വെറുപ്പോടെ കണ്ട സ്ത്രീയാണ് ഈ അമ്മ. വിദ്വേഷത്തോടെയും പകയോടെയും അറപ്പോടെയും പുച്ഛത്തോടെയും കണ്ട അമ്മ. കണ്ണീരില്‍ രാജ്യം നനയുകയും ധാര്‍മികരോഷത്തില്‍ തിളയ്ക്കുകയും ചെയ്ത നാളുകളില്‍ ശത്രുപക്ഷത്തുകണ്ട വ്യക്തി. രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി. 27 വര്‍ഷമായി ജയിലിലെ ഇരുട്ടറയില്‍ ശിക്ഷ കാത്തുകഴിയുന്ന വ്യക്തി. മദ്രാസ് ഹൈക്കോടതിയില്‍ ഇന്നലെ സ്വന്തം വാദങ്ങള്‍ സ്വയം വാദിച്ച് പരോളും നേടി മടങ്ങുമ്പോള്‍ ഒരു യുദ്ധം ജയിച്ച സന്തോഷമുണ്ടായിരുന്നു ആ മുഖത്ത്. കൈയില്‍ ഒരു പ്ലാസ്റ്റിക് കവറുമായി, റോസ് നിറമുള്ള സാരിയില്‍ പൊലീസുകാരുടെ അകമ്പടിയോടെ കോടതിയില്‍ എത്തി മടങ്ങിയ രാജ്യത്തെ ഏറ്റവും കുപ്രസിദ്ധയായ തടവുകാരി. 

ആറുമാസത്തെ പരോളാണ് നളിനിക്ക് വേണ്ടിയിരുന്നത്. അതിനുവേണ്ടിയാണ് അവര്‍ വാദിച്ചതും. പക്ഷേ, നിയമമനുസരിച്ച് 30 ദിവസത്തെ പരോള്‍ മാത്രമേ ഇപ്പോള്‍ അനുവാദിക്കാനാവൂ എന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ആവശ്യമുണ്ടെങ്കില്‍ 30 ദിവസത്തിനുശേഷം പരോള്‍ നീട്ടാന്‍ വ്യവസ്ഥയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. 

28 വര്‍ഷം മുമ്പാണ് നളിനി അറസ്റ്റ് ചെയ്യപ്പെടുന്നത്. സമീപകാല ഭാരതത്തിലെ ഏറ്റവും ഞെട്ടിപ്പിച്ച, രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തിക്കുറിച്ച, വധക്കേസില്‍. അന്നവര്‍ ഗര്‍ഭിണിയായിരുന്നു. പ്രസവം ജയിലില്‍. നാലു വയസ്സുവരെ കുട്ടിയും കഴിഞ്ഞത് ജയിലില്‍. ഇതേ കേസില്‍ നളിനിയുടെ ഭര്‍ത്താവ് മുരുകനും ജയിലിലാണ്. നാലു വയസ്സു പൂര്‍ത്തിയായപ്പോള്‍ കുട്ടി കോയമ്പത്തൂരിലേക്ക്.  പിന്നീടുള്ള അവളുടെ ജീവിതം മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം. ഉന്നത പഠനത്തിനായി ശ്രീലങ്കയിലേക്കും പിന്നെ ബ്രിട്ടനിലേക്കും പോയ മകൾ  ഇപ്പോള്‍ ലണ്ടനില്‍. 

നളിനി

പ്രസവിച്ചുവെങ്കിലും മകളെ കൊതിതീരെ കാണാന്‍ കഴിയാത്ത അമ്മയാണ് താനെന്ന് നളിനി ഇന്നലെ കോടതിയില്‍ വാദിച്ചു. മകളുടെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍പ്പോലും മകള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയാത്ത ഹതഭാഗ്യയായ അമ്മ. ഇപ്പോള്‍ മകള്‍ക്ക് 27 വയസ്സ്. വിവാഹപ്രായം എത്തിയിരിക്കുന്നു. വരനെ കണ്ടെത്തി വിവാഹ ഒരുക്കങ്ങള്‍ നടത്തണം. അതിനാണ് ആറുമാസത്തെ പരോള്‍ അപേക്ഷയുമായി നളിനി കോടതിയില്‍ എത്തിയത്. ഈ അപേക്ഷയെങ്കിലും തള്ളിക്കളയരുത് എന്ന ദയനീയത നിറഞ്ഞ വാക്കുകളുമായി. സര്‍ക്കാരിനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തില്ല. നടപടിക്രമഘങ്ങള്‍ പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെടുക മാത്രം ചെയ്തു. അതോടെ കോടതി കൂടുതല്‍ വാദങ്ങള്‍ക്കു നില്‍ക്കാതെ അപേക്ഷ അംഗീകരിക്കുകയായിരുന്നു. 

പരോള്‍ കാലത്ത് മാധ്യമങ്ങളുമായി സംസാരിക്കാന്‍ പാടില്ല, രാഷ്ട്രീയ നേതാക്കളെ കാണുകയോ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം. നേരത്തെ, നളിനിയെ കോടതിയില്‍ ഹാജരാക്കുന്നത് സുരക്ഷാ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന വാദം സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. പക്ഷേ, നളിനിയെ കോടതിയില്‍ ഹാജരാക്കാനും, സ്വന്തം വാദങ്ങള്‍ ഉയര്‍ത്താനുള്ള അവസരം കോടതി നല്‍കുകയായിരുന്നു. ആ നീക്കം വിജയിച്ചിരിക്കുന്നു.