ജോലിക്കുള്ള അപേക്ഷ പൂരിപ്പിക്കുമ്പോൾ ബെല്ല വാങ് എന്ന ചൈനീസ് യുവതിക്കു പ്രത്യേകതയൊന്നും തോന്നിയില്ലെങ്കിലും ഒരു ചോദ്യം പിന്നീടവർക്ക് കുരുക്കായി മാറി. വിവാഹിതയാണോ എന്നും കുട്ടികളുണ്ടോ എന്നുമായിരുന്നു ചോദ്യം. മുമ്പും ജോലിക്കുള്ള അപേക്ഷകളിലും അഭിമുഖങ്ങളിലും നേരിട്ട ചോദ്യമായതിനാൽ ബെല്ല സത്യസന്ധമായിത്തന്നെ ഉത്തരമെഴുതി.

ഒടുവിൽ വലിയൊരു ഭാഷാ പരിശീലന കേന്ദ്രത്തിൽ മാനേജരായി ജോലി ലഭിച്ചപ്പോൾ ബെല്ലയെ കാത്തിരുന്നത് വിചിത്രമായ ഒരു നിബന്ധന. ജോലി ലഭിക്കും പക്ഷേ, ഒരു വ്യവസ്ഥയുണ്ട്. ആ നിബന്ധന കേട്ട് അൽപനേരം അവർ തരിച്ചിരുന്നു. വിവാഹിതയായതുകൊണ്ട് ബെല്ല ഒരു കരാറിൽ കൂടി ഒപ്പിടണം.ജോലി ലഭിച്ച് രണ്ടുവർഷത്തേക്ക് കുട്ടികൾ വേണ്ടെന്നുവയ്ക്കണം എന്നതായിരുന്നു വ്യവസ്ഥ. ലംഘിച്ചാൽ നഷ്ടപരിഹാരം കൂടാതെ പിരിച്ചുവിടാൻ സ്ഥാപനത്തിന് അധികാരമുണ്ടായിരിക്കും. മറ്റൊരു മാർഗവും കാണാത്തതിനാൽ, നെടുവീർപ്പോടെ ബെല്ല കരാറിൽ ഒപ്പിട്ടു ജോലിക്കു കയറി. 

ജോലി ലഭിച്ച് ആദ്യവർഷങ്ങളിൽ കുട്ടികളെ ഒഴിവാക്കണമെന്ന വ്യവസ്ഥ നിയമവിരുദ്ധമാണ്. പക്ഷേ, ചൈനയിൽ ഇത്തരം നിയമവിരുദ്ധമായ വ്യവസ്ഥകൾ സാധാരണമായിക്കൊണ്ടിരിക്കുന്നു. വർധിക്കുന്നുമുണ്ട്. ഒറ്റക്കുട്ടി നയം നടപ്പാക്കിയതുമൂലം ഇപ്പോൾത്തന്നെ വയോധികരുടെ എണ്ണം കൂടുതലുള്ള രാജ്യത്ത് പുതിയ വ്യവസ്ഥ സ്ത്രീകളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുകയാണ്. 

സ്ത്രീകൾ വീട്ടിലിരുന്ന് വീടും മക്കളെയും നോക്കണമെന്ന പാരമ്പര്യ വിശ്വാസത്തെ ചൈനീസ് നേതൃത്വവും പിന്താങ്ങുന്നു എന്നതാണ് ശ്രദ്ധേയം, പ്രത്യേകിച്ചും രാജ്യത്തിന്റെ അനിഷേധ്യ നേതാവ് ഷി ജിൻപിങ്. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ആദ്യവർഷങ്ങളിൽ സ്ത്രീകളെ സമൂഹത്തിന്റെ മുൻനിരയിലേക്കു കൊണ്ടുവരുന്നതായിരുന്നു നയമെങ്കിൽ ഇപ്പോൾ അതിനു വിപരീതമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജോലിക്കു ചേരുന്ന സ്ത്രീകൾ ഗർഭിണികളാകുന്നതോടെ അവധിയെടുക്കുമ്പോൾ സ്ഥാപനത്തിനു സാമ്പത്തിക നഷ്ടം വരാതിരിക്കനാണ് വിവാഹിതരല്ലാത്തവരെയും വിവാഹിതരെങ്കിൽ കുട്ടികൾ വേണ്ടെന്ന അഭിപ്രായക്കാരെയും കൂടുതലായി സ്വീകരിക്കുന്നത്. 

ഒരുകാലത്ത് ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്നത് ചൈനയിലായിരുന്നു. 1990 ന്റെ തുടക്കത്തിൽപ്പോലും നാലു സ്ത്രീകളെയെടുത്താൽ മൂന്നുപേരും ജോലി ചെയ്യുന്നവരായിരുന്നു. ഇപ്പോൾ രാജ്യത്തെ 61 ശതമാനം സ്ത്രീകൾ മാത്രമാണു ജോലി ചെയ്യുന്നത്. സ്ത്രീകൾക്കുവേണ്ടിയും അവരുടെ അവകാശങ്ങൾക്കുവേണ്ടിയും ഒരിക്കൽ ശബ്ദമുയർത്തിയ രാജ്യമാണ് ചൈന. അതേ രാജ്യം ഇപ്പോൾ സ്ത്രീകളെ വീടുകളിൽ തളച്ചിടാൻ ശ്രമിക്കുന്നു. ജോലി സ്ഥലത്തുനിന്ന് നിസ്സാരകാരണങ്ങൾപറഞ്ഞ് ആട്ടിപ്പായിക്കുന്നു. സാംസ്കാരിക വിപ്ലവത്തിന്റെ പേരിൽ മേനി പറഞ്ഞിരുന്ന, നൂറു പൂക്കൾ വിരിയട്ടെ എന്ന് ആശംസിക്കുകയും ആഗ്രഹിക്കുകയും ചെയ്ത രാജ്യത്താണ് സ്ത്രീകൾ പുറംതള്ളപ്പെടുന്നത് എന്നതാണ് ദുരവസ്ഥ.