രണ്ടുവര്‍ഷം മുമ്പ് ഒരു ജൂണ്‍ മാസം വൈകുന്നേരം. അമേരിക്കയിലെ ഫിലഡല്‍ഫിയ രാജ്യാന്തര വിമാനത്താവളത്തില്‍ ദേശീയപതാകയും പുതച്ച് റിനീ ഹോളണ്ട് എന്ന സ്ത്രീ കാത്തുനില്‍ക്കുന്നു. ഫെയ്സ്ബുക്കിലൂടെ രണ്ടുവര്‍ഷമായി പരിചയമുള്ള ഒരു സൈനികനെയാണ് അവര്‍ കാത്തുനില്‍ക്കുന്നത്. 56 വയസ്സുണ്ട് റീനി ഹോളണ്ടിന്. അവർ വിവാഹിതയാണ്. ഡെലവേര്‍ എന്ന സ്ഥലത്തുനിന്ന് രണ്ടുമണിക്കൂര്‍ വണ്ടിയോടിച്ചാണ് അവര്‍ വിമാനത്താവളത്തിലെത്തി ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നത്. 

രണ്ടുവര്‍ഷമായി ഇരുവരും സൗഹൃദത്തിന്റെ വസന്തകാലത്തിലൂടെയാണ് കടന്നുപോകുന്നത്. നൂറുകണക്കിനു ഡോളറിന്റെ സമ്മാനങ്ങള്‍ റീനി സൈനികന് അയച്ചുകൊടുത്തിട്ടുണ്ട്. വിമാന ടിക്കറ്റിനായി ഒടുവില്‍ 5000 ഡോളറും അയച്ചുകൊടുത്തു. ഇതാദ്യമായി അവര്‍ തമ്മില്‍ കാണാന്‍ പോകുകയാണ്. അതിന്റെ ആകാംക്ഷയിലാണ് റീനി. സമൂഹമാധ്യമത്തില്‍ പലതവണ കണ്ടതിനാല്‍ അവര്‍ക്ക് ആളെ അറിയാം. കൈകളില്‍ പച്ചകുത്തിയ ചെറുപ്പക്കാരന്‍. സൈനിക യൂണിഫോം. കുറേ കാത്തുനിന്നിട്ടും സൈനികനെ കാണാതെവന്നതോടെ റീനി വിമാനത്താവളത്തിലെ ബോര്‍ഡില്‍ നോക്കി. യുവാവ് വരുമെന്ന പറയുന്ന വിമാനത്തിന്റെ അറിയിപ്പുകളൊന്നും കാണാനില്ല. 

ഒരു ടിക്കറ്റ് ഏജന്റിനോട് അന്വേഷിച്ചു. അപ്പോള്‍ അങ്ങനെയൊരു വിമാനം വരാനില്ലെന്ന് അയാള്‍ തറപ്പിച്ചുപറഞ്ഞു. റീനിക്ക് തല കറങ്ങുന്നതുപോലെ തോന്നി. ലോകം കീഴ്മേല്‍ മറിയുന്നതുപോലെയും. കുടുംബവകയായി കിട്ടിയതും സ്വയം അധ്വാനിച്ചുണ്ടാക്കിയതുമായ സമ്പത്തില്‍ വലിയൊരു ഭാഗം അയാള്‍ക്കുവേണ്ടി ചെലവഴിച്ചുകഴിഞ്ഞു. എല്ലാ പ്രതീക്ഷയും ഇന്നത്തെ കൂടിക്കാഴ്ചയില്‍ ആയിരുന്നു. ഒരുനിമിഷം കൊണ്ട് ലോകം അവസാനിക്കുന്നതുപോലെയാണ് റീനിക്കു തോന്നിയത്. അടുത്തൊരു മെഡിക്കല്‍ ഷോപ്പിലേക്ക് അവര്‍ നടന്നു. കുറച്ചധികം ഉറക്കഗുളികകള്‍ വാങ്ങി. മദ്യം കൂടി വാങ്ങി അകത്താക്കിയതോടെ ഇനി ഉണരണം എന്നാഗ്രഹിക്കാത്ത ഉറക്കത്തിലേക്കു വഴുതിവീഴുകയായിരുന്നു റീനി ഹോളണ്ട്. 

ഫെയ്സ് ബുക്കില്‍ റീനി പരിചയപ്പെട്ട സൈനികനോ ? യഥാര്‍ഥത്തില്‍ അയാള്‍ക്ക് റീനിയെ അറിയില്ല. ഇങ്ങനെയൊരു സൗഹൃദത്തെക്കുറിച്ച് ഒരു പിടിയുമില്ല. അമേരിക്കന്‍ നാവികസേനിയല്‍ ജോലി ചെയ്യുന്ന സൈനികനാണ് അദ്ദേഹം. യഥാര്‍ഥ പേര് സെര്‍ജന്റ് ഡാനിയേല്‍ അനോന്‍സന്‍. സുഹൃത്തുക്കളും കുടുംബവുമായി ബന്ധം നിലനിര്‍ത്താന്‍ ഒരു ദശകം മുമ്പാണ് അയാള്‍ ഫെയ്സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുന്നത്. ഇപ്പോഴത്തെ പ്രശ്നം, അദ്ദേഹമറിയാതെ, ആ പേരില്‍ ഡസന്‍കണക്കിന് ഫെയ്സ് ബുക് അക്കൗണ്ടുകള്‍ നിലവിലുണ്ട് എന്നതാണ്. 

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതും ജിമ്മില്‍ പരിശീലിക്കുന്നതും അഫ്ഗാനിസ്ഥാനില്‍ സൈനികസേവനം നടത്തുന്നതുമൊക്കെയായി അദ്ദേഹത്തിന്റെ എണ്ണമറ്റ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കറങ്ങിനടക്കുകയും ചെയ്യുന്നു. ഒന്നും അദ്ദേഹത്തിന്റെ അറിവില്ലാതെ. വ്യാജ അക്കൗണ്ടുകളില്‍ ചിലതു കണ്ടുപിടിച്ച് അദ്ദേഹം ഡിലീറ്റ് ചെയ്തു.

ഒന്നു മായ്ക്കുമ്പോഴേക്കും പത്തെണ്ണം പുതുതായി ആരോ തുടങ്ങുന്നു. റീനി ഹോളണ്ടും അനോന്‍സണും അമേരിക്കയില്‍ അടുത്തകാലത്തു വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു തട്ടിപ്പിന്റെ രണ്ടുവശങ്ങളാണ്. അമേരിക്കയിലെ വിവിധ മേഖലകളില്‍ ഉദ്യോഗസ്ഥരാണെന്നു നടിച്ച് ഫെയ്സ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ആരൊക്കെയോ ഒറ്റയ്ക്കു താമസിക്കുന്ന നൂറുകണക്കിനു യുവതികളെയും പെണ്‍കുട്ടികളെയും കബളിപ്പിക്കുന്ന വലിയ റാക്കറ്റിലെ രണ്ടുവശങ്ങള്‍. 

കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി നിരന്തര പരാതികളെത്തുടര്‍ന്ന് അനേകം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തതായി ഫെയ്സ്ബുക്ക് അധികൃതര്‍ അറിയിക്കുന്നു. പക്ഷേ തട്ടിപ്പ് ഇപ്പോഴും നിര്‍ബാധം തുടരുന്നു എന്നതാണ് റീനിയുടെ ഉള്‍പ്പെടെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. നൈജീരിയിലും മറ്റ് ആഫിക്കന്‍ രാജ്യങ്ങളില്‍നിന്നും സ്മാര്‍ട്ഫോണുകളിലൂടെയാണ് തട്ടിപ്പുവീരന്‍മാര്‍ വിലസുന്നത്. ഒരേസമയം പല ഇരകളെ ഇവര്‍ വലവീശിപ്പിടിക്കുന്നു. 

15-ാം വയസ്സുമുതല്‍ ഇങ്ങനെ പല രാജ്യങ്ങളിലുള്ള യുവതികളില്‍നിന്ന് പണവും വിലപിടിച്ച മറ്റു വസ്തുവകകളും കവര്‍ന്ന അനേകം ചെറുപ്പക്കാര്‍ ഒരു മനസാക്ഷിക്കുത്തുമില്ലാതെ സന്തോഷമായി ജീവിക്കുന്നു എന്നതും വസ്തുതയാണ്. കുറ്റബോധമില്ലേ എന്നു ചോദിച്ചാല്‍ ദാരിദ്ര്യം അനുഭവിക്കേണ്ടിവന്നാല്‍ ഇതും ഇതിലപ്പുറവും ചെയ്യുമെന്നാണ് അവരുടെ മറുപടി.