ലോകത്ത് എവിടെയൊക്കെ ഇന്ത്യക്കാരുണ്ടോ അവരെയെല്ലാം ഒരു നിമിഷമെങ്കിലും നിശ്ശബ്ദരും ദുഃഖിതരുമാക്കിയ വാര്‍ത്തയാണ് സുഷമാ സ്വരാജിന്റെ വിയോഗം. മുന്‍ കേന്ദ്രമന്ത്രിയായതുകൊണ്ടുമാത്രമല്ല അവര്‍ രാഷ്ട്രീയഭേദമെന്യേ ജനങ്ങളുടെ മനസ്സില്‍ ജീവിക്കുന്നത്. ബിജെപിയുടെ തലമുതിര്‍ന്ന നേതാവും തലയെടുപ്പുള്ള നേതാവുമായതുകൊണ്ടുമാത്രമല്ല അവരുടെ വിയോഗം ജനങ്ങളെ തളര്‍ത്തുന്നത്. മറിച്ച്, വിദേശകാര്യ മന്ത്രിസ്ഥാനത്തിരുന്ന വര്‍ഷങ്ങളില്‍ ഫയലുകളില്‍നിന്ന് കണ്ണെടുത്ത് ലോകമെങ്ങുമുള്ള ജനങ്ങളുടെ പരാതികള്‍ ട്വിറ്ററില്‍പ്പോലും പരിശോധിച്ച് നടപടിയെടുക്കാന്‍ കാണിച്ച സന്‍മനസ്സിന്. രാഷ്ട്രീയം എന്നാല്‍ ജനസേവനം കൂടിയാണെന്നും അതിന് രാഷ്ട്രീയം,  മതം, സ്ത്രീ-പുരുഷന്‍, സമ്പന്നന്‍-പാവപ്പെട്ടവന്‍ എന്നിങ്ങനെയൊരു വിവേചനവും ബാധകമല്ലെന്നു തെളിയിച്ചതിന്.  ജനങ്ങളെ മനസ്സിലാക്കാനും അവരെ സേവിക്കാനും ലഭിക്കുന്ന ഒരു നിമിഷം പോലും പാഴാക്കാനില്ലെന്ന മഹത്തായ സന്ദേശം എല്ലാവര്‍ക്കും പകര്‍ന്നുനല്‍കിയതിന്. സ്വന്തം ഭരണകാലത്തെ രാജ്യത്തിന്റെ ചരിത്രത്തിലെ തിളങ്ങുന്ന ഒരു അധ്യായമായി അവശേഷിപ്പിച്ചതിന്. അപ്രതീക്ഷിതമായി മരണം ആ ജീവിതത്തിന് തിരശ്ശീല വീഴ്ത്തുമ്പോലും മറവിക്കുപകരം ഓര്‍മകളിലൂടെ അനശ്വരയാകുകയാണ് സുഷമ സ്വരാജ്. 

ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അവസാന സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നപ്പോള്‍ പലരും പരസ്പരം ചോദിച്ച ഒരു ചോദ്യമുണ്ട്- എവിടെ സുഷമ സ്വരാജ്. ഒരു പക്ഷേ രാജ്യത്ത് ഏതു സംസ്ഥാനത്തെയും ഏതു പാര്‍ലമെന്റ് മണ്ഡലത്തിലും ധൈര്യമായി സ്ഥാനാര്‍ഥിയാകാനുള്ള ജനപ്രീതിയും കഴിവുമുള്ള അപൂര്‍വം നേതാക്കളിലൊരാളാണവര്‍. എന്നിട്ടും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അവര്‍ മല്‍സരിക്കുന്നില്ലെന്ന വാര്‍ത്ത ജനങ്ങളെ ഒട്ടൊന്നുമല്ല നിരാശപ്പെടുത്തിയത്. വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വേഗം കത്തിപ്പടരുകയും ചെയ്തു. അതിനുമുമ്പുതന്നെയെത്തിയ സുഷമയുടെ രോഗവാര്‍ത്തകളാണ് ഒടുവില്‍ അഭ്യൂഹങ്ങള്‍ ശമിപ്പിച്ചത്. പക്ഷേ, അപ്പോഴും പ്രതീക്ഷ പൂര്‍ണമായി കൈവിട്ടിരുന്നില്ല. രണ്ടാം മന്ത്രിസഭ നരേന്ദ്ര മോദി പ്രഖ്യാപിച്ചപ്പോഴും പലരും ആ പേരിനുവേണ്ടി തിരഞ്ഞു. അപ്രതീക്ഷിതമായി സുഷമ മന്ത്രിയാകുമെന്ന്. സുഷമ തന്നെ പ്രശസ്തമാക്കിയ വിദേശകാര്യമന്ത്രിപദത്തില്‍ എത്തുമെന്ന്. ഒടുവില്‍ ആ പ്രതീക്ഷയും അസ്ഥാനത്താക്കി തന്റെ നിസ്സഹായവസ്ഥ അവര്‍ പ്രകടമാക്കി. പലരെയും നിരാശപ്പെടുത്തിയ വാര്‍ത്തയായിരുന്നു അത്. പുതിയ ഇന്ത്യയില്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് ജനമനസ്സുകളില്‍ അതിവേഗത്തില്‍ വേരോട്ടമുണ്ടാക്കിയ നേതാക്കളില്‍ ഒരാളാണവര്‍. തീപ്പൊരി പ്രസംഗവും ചടുലമായ നീക്കങ്ങളും സൗമ്യമായ സാന്നിധ്യവും കൊണ്ട് തടസ്സങ്ങളില്ലാതെ എല്ലാവരുടെയും മനസ്സു കീഴടക്കിയ നേതാവ്. മന്ത്രിയായപ്പോള്‍ തനിക്ക് പാര്‍ട്ടി പ്രവര്‍ത്തകരോടു മാത്രമാല്ല, ഇന്ത്യക്കാരോടു മാത്രമല്ല, എല്ലാ ജനങ്ങളോടുമാണ് കടപ്പാട് എന്നു തെളിയിച്ച നേതൃശേഷിയുടെ ഉടമ.

ഇന്ത്യക്കാര്‍ കടന്നുചെന്നിട്ടില്ലാത്ത രാജ്യങ്ങളും മേഖലകളും കുറവാണ് ലോകത്ത്. പലര്‍ക്കും പലപ്പോഴും പല തടസ്സങ്ങളും നേരിടേണ്ടിവരാറുമുണ്ട്. പ്രത്യേകിച്ചും വീസയുമായും മറ്റും ബന്ധപ്പെട്ട കാര്യങ്ങളില്‍. രോഗങ്ങളുമായി ബന്ധപ്പെട്ട് ചികിത്സാ കാര്യങ്ങളില്‍. അവരൊക്കെയും തങ്ങള്‍ സുരക്ഷിതരാണെന്നു കരുതിയിരുന്നു സുഷമ വിദേശകാര്യമന്ത്രി വകുപ്പില്‍ ഉണ്ടായിരുന്ന കാലത്ത്. കാരണം, സമയമോ ആചാരങ്ങളോ മര്യാദകളോ ഒന്നും നോക്കാതെ അവര്‍ക്ക് പരാതി അറിയിക്കാന്‍ കഴിയുമായിരുന്നു. ട്വിറ്ററില്‍ ഒരു മെസേജ് അയച്ചാല്‍ മാത്രം മതിയായിരുന്നു. കാലവിളംബം ഇല്ലാതെ സുഷമയുടെ മറുപടിയെത്തും. പിന്നാലെ അതിവേഗത്തില്‍ നടപടികളും. അക്കാലത്ത് അവര്‍ പോസ്റ്റ് ചെയ്ത ഒരു സന്ദേശം ഇപ്പോഴും പ്രശസ്തവുമാണ്. സമൂഹമാധ്യമങ്ങളില്‍ ആ സന്ദേശം ഇപ്പോഴും ഹിറ്റായിത്തുടരുകയും ചെയ്യുന്നു. ചൊവ്വയിലാണെങ്കില്‍പ്പോലും നിങ്ങള്‍ക്ക് ഒരാവശ്യമുണ്ടെങ്കില്‍ ഇന്ത്യന്‍ എംബസി സഹായിക്കാനുണ്ടാകും എന്നായിരുന്നു സുഷമയുടെ സന്ദേശം. ആ വാക്കുകള്‍ പകര്‍ന്നുകൊടുത്ത ധൈര്യം കുറച്ചൊന്നുമല്ല. ആത്മവിശ്വാസം ഒരു അളവുകോല്‍വച്ച് അളക്കാനുമാകില്ല. എല്ലാ ഇന്ത്യക്കാരെയും സംരക്ഷിക്കേണ്ടത് കടമയാണ് എന്നൊക്കെ എല്ലാവരും ആവര്‍ത്തിക്കുമെങ്കിലും അത് പ്രവൃത്തിയില്‍ കാണിക്കാനും തെളിയിക്കാനും കഴിഞ്ഞിരുന്നു സുഷമയ്ക്ക്. ആ സവിശേഷതയും വ്യക്തിപ്രഭാവമുമാണ് ജനങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നതും. 

24 മണിക്കൂറും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഒരു മന്ത്രിയേ ഇന്ത്യയ്ക്ക് ഉണ്ടായിട്ടുള്ളൂ. അതാണ് സുഷമ സ്വരാജ്. രാജ്യതന്ത്രജ്ഞതയിലെ അപൂര്‍വമായ ഒരേട്. ട്വിറ്ററിലെ മനുഷ്യത്വം. വിദേശ കാര്യമന്ത്രി പദവി വഹിച്ചപ്പോള്‍ സൂപ്പര്‍ മോം എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് സുഷമയെ വിശേഷിപ്പിച്ചത്. ഇന്ത്യയെപ്പോലെ വൈവിധ്യമുള്ള ഒരു രാജ്യത്ത് ജനമനസ്സുകളില്‍ എല്ലാ വ്യത്യാസങ്ങള്‍ക്കുമുപരിയായി അങ്ങനെയൊരു അമ്മസ്ഥാനം നേടാന്‍ ഇതുവരെ ഒരാള്‍ക്കേ കഴിഞ്ഞിട്ടുള്ളൂ. ആ അപൂര്‍വങ്ങളില്‍ അപൂര്‍വമായ നേതാവാണ് ഇപ്പോള്‍ അകാലത്തില്‍ അപ്രതീക്ഷിതമായി കടന്നുപോയിരിക്കുന്നത്. 

രണ്ടു വര്‍ഷം മുമ്പ് യെമനില്‍നിന്ന് ഒരു യുവതി ട്വിറ്ററില്‍ മന്ത്രിക്ക് ഒരു സന്ദേശം അയച്ചു. 8 മാസം പ്രായമുള്ള മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു സന്ദേശം. അവര്‍പോലും പ്രതീക്ഷിക്കാത്ത വേഗതയില്‍ മന്ത്രിയുടെ മറുപടി സന്ദേശമെത്തി; സഹായവും. മറ്റനേകം സന്ദര്‍ഭങ്ങളില്‍ പാക്കിസ്ഥാനി പൗരന്‍മാര്‍ക്കുവേണ്ടിയും അവര്‍ നിയമങ്ങള്‍ മറികടന്നും സഹായമെത്തിച്ചു. അഥവാ നിയമങ്ങളെ മനുഷ്യമുഖമുള്ള നയങ്ങളായി പരിവര്‍ത്തിപ്പിച്ചു. 2015 ല്‍ ഇറാക്കിലെ ബസ്രയില്‍ 168 ഇന്ത്യക്കാര്‍ കുടുങ്ങിയപ്പോള്‍. 2016 ല്‍ ദോഹ വിമാനത്താവളത്തില്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് കുടുങ്ങിപ്പോയപ്പോള്‍. ഓര്‍ക്കാനും ആവര്‍ത്തിക്കാനും എത്രയെത്ര മനുഷ്യത്വമുള്ള സന്ദര്‍ഭങ്ങള്‍ അവശേഷിപ്പിച്ചിട്ടാണ് സുഷമ കടന്നുപോകുന്നത്..... 

ഇന്ത്യയെന്ന വികാരവും ഏക്യവും അഖണ്ഡതയും സുഷമയുടെ മനസ്സിലെ മരിക്കാത്ത വൈകാരികതയായിരുന്നു. ദേശീയത അവര്‍ക്ക് മുദ്രവാക്യം മാത്രമായിരുന്നില്ല ജീവനും ജീവിതവുമായിരുന്നു. അവസാനത്തെ സന്ദേശത്തില്‍ സുഷമ അതു തെളിയിക്കുകയും ചെയ്തു. കശ്മീര്‍ വിഷയത്തിലുള്ള ചരിത്രപ്രധാനമായ നടപടിയില്‍ പ്രധാനമന്ത്രിയെ തന്റെ നന്ദി അറിയിച്ചതിനുശേഷമാണ് അവര്‍ കണ്ണടച്ചത്. ഈ ദിവസം താന്‍ കാത്തിരിക്കുകയായിരുന്നെന്നും തന്റെ ജീവിതം സഫലമായെന്നും അവര്‍ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തില്‍ അറിയിക്കുകയും ചെയ്തു. അതുകൊണ്ടുകൂടിയാണ് രാജ്യത്തിന്റെ ചരിത്രത്തിലെ സുവര്‍ണ അധ്യായമാണ് സുഷമയുടെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി അനുസ്മരിക്കാന്‍ കാരണവും. അതേ, ആവര്‍ത്തിക്കപ്പെടാത്ത ഒരു ചരിത്രം അവശേഷിപ്പിച്ച് സുഷമ യാത്രയാകുന്നു. വിദേശികള്‍ക്ക് ഇന്ത്യയുടെ സൂപ്പര്‍ മോം. ഇന്ത്യക്കാര്‍ക്ക് അവരുടെ ഏറ്റവും പ്രിയപ്പെട്ട സഹോദരി. അനശ്വര എന്ന വാക്കുപോലും അര്‍ഥവത്താകുകയാണ് സുഷമ എന്ന വനിതാ നേതാവിന്റെ  വിയോഗത്തില്‍. വാക്കുകളും കര്‍മങ്ങളും തമ്മിലുള്ള വിടവ് ഇല്ലാതാക്കിയ ദേശീയ നേതാവ് അക്ഷരാര്‍ഥത്തില്‍ അനശ്വരയാകുന്നു.