പീഡനവും മാനഭംഗവും തടയാന്‍ നിയമങ്ങളും അക്രമികളെ നിലയ്ക്കു നിര്‍ത്താന്‍ നിയമവ്യവസ്ഥയുമുണ്ടെങ്കിലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. മാനഭംഗം ചെയ്യപ്പെടുന്നു. അക്രമികളെപ്പോലെതന്നെ ഇരകളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇരകള്‍ക്കുവേണ്ടി സംരക്ഷണ പദ്ധിതകളും നിലവിലുണ്ട്. പക്ഷേ, ക്രൂരമായ ലൈംഗികാക്രമണത്തിന്റെ ഫലമായി ജനിക്കുന്ന കുട്ടിയുടെ അവസ്ഥയോ ? അവര്‍ ഇരകളല്ല ഇന്നത്തെ സമൂഹത്തില്‍. ബലം പ്രയോഗിക്കുന്ന ലൈംഗികബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികളെയും ഇരകള്‍ എന്ന വിഭാഗത്തിലുള്‍പ്പെടുത്തണമെന്ന ആവശ്യമായി സ്ത്രീകള്‍തന്നെ രംഗത്തുവന്നിരിക്കുന്നു. എങ്കില്‍മാത്രമേ തങ്ങളുടെ അമ്മമാരെ പീഡിപ്പിച്ചവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള പോരാട്ടത്തിനു മുന്നിട്ടിറങ്ങാന്‍ അവര്‍ക്കു കഴിയൂ. വിക്കി (യഥാര്‍ഥ പേരല്ല) എന്ന യുവതിയാണ് ഈ പോരാട്ടത്തിന്റെ മുന്‍നിരയിലുള്ളത്. 

18-ാം വയസ്സിലാണ് വിക്കി അന്വേഷണം തുടങ്ങുന്നത്. അമ്മയേയും അമ്മയെ ഉപദ്രവിച്ച ആളിനെയും കണ്ടെത്താനുള്ള അന്വേഷണം. കുടുംബത്തില്‍ത്തന്നെയുള്ള ഒരു പുരുഷനാണ് വിക്കിയുടെ അമ്മയെ അവരുടെ 13-ാം വയസ്സില്‍ മാനഭംഗപ്പെടുത്തിയത്. അവര്‍ ഗര്‍ഭിണിയായി. ആക്രമിച്ച പുരുഷന്റെ പേരും വിവരങ്ങളും കിട്ടിയെങ്കിലും അയാള്‍ ഇതുവരെയും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന യാഥാര്‍ഥ്യവും പുറത്തുവന്നു. വിക്കിയുടെ അമ്മ അക്കാലത്തുതന്നെ പരാതിപ്പെട്ടിരുന്നു. പക്ഷേ അന്വേഷണമോ വിചാരണയോ ഒന്നും ഉണ്ടായില്ല. ആക്രമിക്കപ്പെട്ട അമ്മയെ കണ്ടെത്തിയ വിക്കി തന്റെ ലക്ഷ്യം വ്യക്തമാക്കി: ഒരു കുട്ടിയെ മാനഭംഗപ്പെടുത്തിയതിന്റെ തെളിവാണ് ഞാന്‍. ജീവിക്കുന്ന തെളിവ്. മറ്റാര്‍ക്കും താല്‍പര്യമില്ലെങ്കിലും എനിക്കു കുറ്റവാളിയെ കണ്ടെത്തുകതന്നെ ചെയ്യണം. 

മാനഭംഗത്തിന്റെ ഫലമായി ജനിക്കുന്ന കുട്ടികളെ ഇരകളായി പരിഗണിക്കേണ്ടതില്ലെന്നു വാദിക്കുന്നവര്‍ക്ക് അവരുടെ വാദങ്ങളുണ്ട്. നല്ല ഉദ്ദേശ്യത്തോടുകൂടിയായിരിക്കാം അവര്‍ വാദിക്കുന്നതും. കുട്ടികളെ ഇരുണ്ട ഭൂതകാലത്തിന്റെ ഓര്‍മകളിലേക്ക് തള്ളിവിടണമെന്നും അവര്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, തന്റെ അമ്മയെ പീഡിപ്പിച്ചയാളെ നിയമത്തിന്റെ മുന്നില്‍കൊണ്ടുവരണമെന്ന് ഏതെങ്കിലും കുട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ കുട്ടി ഇര എന്ന നിര്‍വചനത്തില്‍ വരണം. 

ഇരകളുടെ വിഭാഗത്തില്‍വരുന്ന കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ പ്രശ്നങ്ങളുണ്ട്. മറ്റു കുട്ടികളുമായുള്ള ബന്ധത്തിലും കുടുംബജജീവിതത്തിലുമെല്ലാം അവര്‍ വൈകാരിക പ്രശ്നങ്ങള്‍ നേരിടുന്നു. പീഡിപ്പിച്ച പുരുഷന്‍മാര്‍ക്ക് അവര്‍ പീഡിപ്പിച്ച സ്ത്രീകളിലൂടെ ജനിച്ച കുട്ടികളില്‍ അവകാശം കൊടുക്കാനും പാടില്ല. ചിലരാകട്ടെ തങ്ങള്‍ക്ക് കുട്ടികള്‍ ജനിച്ചു എന്ന യഥാര്‍ഥ്യത്തെത്തന്നെ അംഗീകരിക്കുവരല്ല. കുട്ടി തന്റേതല്ല എന്നു വാദിക്കുന്നവരുമുണ്ട്. 

വിക്കി എന്ന യുവതി ഒറ്റപ്പെട്ട ആളല്ല. വിക്കിയുടെ അമ്മയും. അവരെപ്പോലെ ആയിരക്കണക്കിനു യുവതികളും വീട്ടമ്മമാരുമുണ്ട്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അവരെ ദയനീയ സ്ഥിതിയിലേക്കു തള്ളിവിട്ടവര്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. അതിന് സമൂഹം അവരോടുത്തു നില്‍ക്കണം.. ഒരുമിച്ചുള്ള ഒരു പോരാട്ടത്തിലൂടെ മാത്രമേ ഇരകള്‍ക്ക് വൈകിയെങ്കിലും നീതി ലഭിക്കൂ; കുറ്റവാളികള്‍ക്കു ജയിലും.