പ്രസവിച്ചിട്ടുള്ളവര്‍ക്കും പ്രസവിക്കാനിരിക്കുന്നവര്‍ക്കുമെല്ലാം പ്രസവവേദന ഒരു പേടിസ്വപ്നം തന്നെയാണ്; ഇന്ത്യയില്‍ മാത്രമല്ല, എല്ലാ രാജ്യങ്ങളിലും. പ്രസവവേദനയുടെ രൂക്ഷത കുറയ്ക്കാന്‍ ഒരു പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ കാര്‍ഡിഫില്‍. വെര്‍ച്വല്‍ റിയാലിറ്റിയുടെ അനുഭൂതിയുളവാക്കുന്ന ഹെഡ്സെറ്റ് കിറ്റാണ് പുതിയ പരീക്ഷണം. പ്രസവത്തിനെത്തുന്ന ഗര്‍ഭിണികളില്‍ പുതിയ മാര്‍ഗം പരീക്ഷിച്ചുതുടങ്ങി. വിജയകരമെന്നു കണ്ടാല്‍ കൂടുതല്‍ പേരിലേക്ക്  വ്യാപിപ്പിക്കാനാണ് തീരുമാനം. 

കാര്‍ഡിഫിലെ വെയില്‍സില്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് പരീക്ഷണം നടത്തിയത്. വിജയമെന്നു കണ്ടാല്‍ വെയില്‍സിലെ എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. ആശുപത്രിയിലെ മിഡ് വൈഫ് സൂസന്‍ ഹാര്‍ഡ്കെയര്‍ പറയുന്നത് വേദനയ്ക്ക് വെര്‍ച്വല്‍ റിയാലിറ്റി ഹെഡ് സൈറ്റ് മികച്ചൊരു പ്രതിരോധ മാര്‍ഗമാണെന്നാണ്. ഹന്ന ലേലി എന്ന ഗര്‍ഭിണിയിലാണ് പുതിയ പരീക്ഷണം ആദ്യമായി നടത്തിയത്.

തനിക്ക് മികച്ച ആനുഭവമാണ് ഹെഡ്സെറ്റ് പ്രദാനം ചെയ്തതെന്നാണ് ഹന്ന ലേലി പറയുന്നത്. 360 ഡിഗ്രിയില്‍ കാഴ്ചയും കേള്‍വിയും പ്രദാനം ചെയ്യുന്ന രീതിയിലാണ് ഹെഡ്സെറ്റിന്റെ രൂപകല്‍പന. വശങ്ങളിലും പിറകിലുമുള്ള കാഴ്ചകള്‍ പോലും കാണുന്ന അനുഭൂതിയാണുണ്ടാകുന്നത്. വേദനയും ആകാംക്ഷയും ഉല്‍കണ്ഠയും അകറ്റി ആശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഹെഡ്സെറ്റിനു കഴിയുന്നുണ്ടെന്നാണ് ഹന്നയുടെ അഭിപ്രായം. 

പരീക്ഷണം നടത്തിയതിനുശേഷം പ്രതികരണം ലഭിക്കാന്‍ ഗര്‍ഭിണികളായിരുന്നവരെ ഒന്നിച്ചുവിളിച്ചുകൂട്ടി ചര്‍ച്ച നടത്താനും ആരോഗ്യവിഭാഗം ആലോചിക്കുന്നുണ്ട്. വെര്‍ച്വല്‍ ഹെഡ്സെറ്റ് എന്ന ആശയം ലോകത്ത് ഇത് ആദ്യമാണെന്നു പറയപ്പെടുന്നു. ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്തതും ഏറ്റവും പുതുമയേറിയതും. 

എല്ലാ ഗര്‍ഭിണികളിലും ഹെഡ് സെറ്റ് നിര്‍ബന്ധമായി ഉപയോഗിക്കാനുള്ള പദ്ധതിയുമില്ല. ആവശ്യമുള്ളവര്‍ക്ക് ആവശ്യമുള്ള ഘട്ടത്തില്‍ മാത്രമായി ഉപയോഗം പരിമിതപ്പെടുത്താനാണ് തീരുമാനം. ആശുപത്രി വാസം ഇന്നും പലര്‍ക്കും ഒരു ദുസ്വപ്നമാണ്. അസുഖകരമായ അന്തരീക്ഷവും അനുഭവവും. ഹെഡ് സെറ്റ് ഉപയോഗിക്കുന്നതിലൂടെ ഇത്തരം അസ്വസ്ഥതകള്‍ ഒരു പരിധി വരെ കുറയ്ക്കാനാകുമെന്ന പ്രയോജനവുമുണ്ട്.