സ്ത്രീകളെ ഇന്നും പ്രധാനപ്പെട്ട പദവികളിലേക്ക് പരിഗണിക്കുമ്പോള്‍ വിവേചനം നിലനില്‍ക്കുന്നു എന്നത് വെറുംപരാതിയല്ലെന്നും യാഥാര്‍ഥ്യമാണെന്നും കാട്ടിത്തരുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇപ്പോൾ ചർച്ച. മികച്ച ഉദാഹരണം നൊബേല്‍ സമ്മാനങ്ങള്‍ തന്നെയാണ്. ശാസ്ത്രത്തിലും സാഹിത്യത്തിലുമുള്ള പ്രതിഭകള്‍ക്കു നല്‍കുന്ന നൊബേല്‍ സമ്മാനങ്ങള്‍ തന്നെ. 1990-കളില്‍ നൊബേല്‍ ലഭിച്ചവരെ നോക്കുക. വെറും അഞ്ചു ശതമാനം മാത്രമാണ് അവരില്‍ സ്ത്രീകള്‍. ഇപ്പോഴത്തെ കണക്കു നോക്കുക. 2010 നു ശേഷമുള്ള പുരസ്കാര ജേതാക്കള്‍. അപ്പോഴും വലിയ വ്യത്യാസമൊന്നുമില്ല. എട്ടു ശതമാനം മാത്രമാണ് സ്ത്രീകള്‍. 

അമേരിക്കയില്‍ ജോലി ചെയ്യുന്നവരില്‍ 47 ശതമാനം പേര്‍ സ്ത്രീകളാണ്. സ്ഥാപനങ്ങളില്‍ 39 ശതമാനം എണ്ണത്തെ നയിക്കുന്നതും സ്ത്രീകള്‍ തന്നെ. പക്ഷേ, അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ, സ്വാധീനശേഷിയുള്ള സ്ഥാനപങ്ങള്‍ നോക്കിയാല്‍ 7 ശതമാനം സ്ഥാനപങ്ങളില്‍ മാത്രമാണ് സ്ത്രീ നേതൃത്വമുള്ളത്. 

നേതൃസ്ഥാനങ്ങളിലേക്ക് നിയോഗിക്കുന്ന സ്ത്രീ പുരുഷന്‍മാരെ ഒരേ വാക്കുകള്‍ ഉപയോഗിച്ചല്ല വിശേഷിപ്പിക്കുന്നതും. ബുദ്ധിമതിയായ, കഴിവുള്ള എന്നീ വാക്കുകളൊക്കെ സ്ത്രീകള്‍ക്ക് വിശേഷണ പദങ്ങളായി പറയുമെങ്കിലും അസാധാരണം, അതിശയിപ്പിക്കുന്നത് തുടങ്ങിയ പദങ്ങളായിരിക്കും പുരുഷന്‍മാരുടെ കാര്യത്തില്‍ ഉപയോഗിക്കുന്നത്. ഇതും വിവേചനം തന്നെ. ഇന്നും നിലനില്‍ക്കുന്ന വിവേചനം. മികച്ച ആശയങ്ങള്‍ പുരുഷന്‍മാരില്‍നിന്നു മാത്രമാണു വരുന്നതെന്ന ധാരണയും ഇന്നും നിലനില്‍ക്കുന്നു. പ്രതിസന്ധികള്‍ പരിഹരിക്കുന്നതാണ് മറ്റൊരു മേഖല. ഇവിടെയും പുരുഷന്‍മാര്‍ക്കുതന്നെ മുന്‍തൂക്കം.

യഥാര്‍ഥത്തില്‍ ശാസ്ത്രീയ പഠനങ്ങളില്‍ തെളിഞ്ഞ ഒരു വസ്തുതയുണ്ട്. സൃഷ്ടിപരമായ കഴിവുകളുടെ കാര്യത്തില്‍ സ്ത്രീപുരുഷ വിവേചനം എന്ന അവസ്ഥയില്ല. രണ്ടു കൂട്ടര്‍ക്കും ഒരുപോലെയാണ് കഴിവുകള്‍. അവ പ്രയോഗിക്കുന്ന രീതിയും ഓരുപോലെ തന്നെ. ആകെയുള്ള വ്യത്യാസം സ്ത്രീകള്‍ക്ക് അവസരങ്ങള്‍ മതിയായ തോതില്‍ ലഭിക്കുന്നില്ല എന്നതുമാത്രമാണ്. 

കാഴ്ചപ്പാട് വിശാലമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പുരുഷന്‍മാരെപ്പോലെ തന്നെ നേതൃശേഷിയും ബുദ്ധിശക്തിയും മാനസിക കഴിവുകളും പ്രതിഭയും സ്ത്രീകള്‍ക്കുമുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും അവര്‍  മുന്നില്‍തന്നെ. പക്ഷേ, ഈ യാഥാര്‍ഥ്യം ലോകം ഇന്നും ശരിയായ രീതിയില്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്നു മാത്രം. ആ കാലം വേഗം വരണമെങ്കില്‍ ലോകത്തിന്റെ കാഴ്ചപ്പാട് മാറണം. മാറ്റം സ്ത്രീകള്‍ക്കല്ല, കാഴ്ചപ്പാടില്‍ മാത്രമാണു വേണ്ടത്.