26 ആഴ്ച വരെയായ ഗര്‍ഭവും അലസിപ്പിക്കാന്‍ അനുവദിക്കുന്ന, സ്ത്രീകളുടെ പ്രത്യുല്‍പാദനപരമായ അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന ഒരു ബില്‍ ഉടന്‍ കേന്ദ്രമന്ത്രിസഭ പരിഗണിച്ചേക്കും.  ഇപ്പോഴത്തെ നിയമമനുസരിച്ച് 12 ആഴ്ചവരെയായ ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി. പ്രത്യേക അവസരങ്ങളില്‍ 20 ആഴ്ച വരെയും പരിഗണിക്കും. 1971-ല്‍ നിലവില്‍വന്ന നിയമമാണ് രാജ്യം ഇപ്പോഴും പിന്തുടരുന്നത്. ഇതില്‍ കാലാനുസൃതമായ മാറ്റങ്ങളോടെയായിരിക്കും പുതിയ നിയമം. 

മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രെഗ്നനന്‍സി ആക്റ്റ് 1971 എന്ന നിയമത്തിലാണ് മാറ്റം വരാന്‍ പോകുന്നത്. അമ്മയ്ക്ക് അരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുകയോ മറ്റേതെങ്കിലും സങ്കീര്‍ണ പ്രശ്നങ്ങള്‍ ഉടലെടുക്കുകയോ ചെയ്താല്‍ 26 ആഴ്ചവരെയായ ഗര്‍ഭവും അലസിപ്പിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തക അമിത് സാഹ്നി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് പുതിയ നിയമത്തെക്കുറിച്ചു കേന്ദ്രം സൂചന നല്‍കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള മന്ത്രാലയത്തിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും നിതി അയോഗിന്റെയും ശുപാര്‍ശകള്‍ കൂടി പരിഗണിച്ചശേഷമായിരിക്കും പുതിയ നിര്‍മനിര്‍മാണം. 

കാലം മാറിയത് പരിഗണിക്കാത്ത നിയമമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് സ്ത്രീ സംഘടനകളുടെ പ്രധാന വാദം. വൈദ്യശാസ്ത്രം ഏറെ പുരോഗതി പ്രാപിച്ചിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യയും. 12 ആഴ്ച കഴിഞ്ഞ ഗര്‍ഭവും ഒരു ഗുളിക കഴിക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ ഇന്നു കഴിയും. സ്ത്രീകളാകട്ടെ ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ പ്രാപ്തരുമാണ്. അതുകൊണ്ട് മാറിയ കാലത്തിനനുസൃതമായ മാറ്റം നിയമത്തിലും വേണമെന്ന് അവര്‍ വാദിക്കുന്നു.യുവജനങ്ങള്‍ അധികംപേരും ഇപ്പോള്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നവരാണെന്നും തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തവും അവര്‍ക്കു നല്‍കണമെന്ന വാദവും ഉയരുന്നുണ്ട്. 

മാനഭംഗത്തിന്റെ ഫലമായി ഗര്‍ഭിണികളായവര്‍, ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകള്‍ എന്നിങ്ങനെയുള്ളവരുടെ അവകാശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പുതിയ നിയമം. സ്ത്രീകള്‍ക്ക് തങ്ങളുടെ ശരീരത്തിന്‍മേല്‍ കൂടുതല്‍ അധികാരം നല്‍കുന്നതിനൊപ്പം അപകടരമായ ഘട്ടങ്ങളില്‍ ഗര്‍ഭം ഉപേക്ഷിച്ചും അവര്‍ക്ക് ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും.