ശരീരത്തിനും മനസ്സിനും ഒരു പോലെ മുറിവേറ്റ പെണ്ണിന്റെ ദൃശ്യങ്ങൾ എത്രനേരം വരെ ശാന്തമായ മനസ്സോടെ കാണാൻ സാധിക്കും?. അവളുടെ വിങ്ങിക്കരച്ചിലുകൾ, മേക്കപ് ഉപയോഗിച്ച് മുറിവുകൾ മറയ്ക്കാനുള്ള പാഴ്ശ്രമങ്ങൾ ഇവയൊക്കെ ഒരു ഭാവഭേദവുമില്ലാതെ എത്രനേരം കണ്ടിരിക്കാൻ സാധിക്കും.

ഗാർഹിക പീഡനത്തിന്റെ വിവിധ ഘട്ടങ്ങൾ തുറന്നു കാട്ടുന്ന ഒരു വിഡിയോയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കണ്ണുനിറയാതെ, മനസ്സു പതറാതെ ആ ദൃശ്യങ്ങൾ കണ്ടു തീർക്കാനാവില്ല എന്നു പറഞ്ഞുകൊണ്ടാണ് ആ വിഡിയോ ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ജീനൻ മൗസ എന്ന പെൺകുട്ടി പങ്കുവച്ച ദൃശ്യങ്ങളാണ് വെർച്വൽ ലോകത്ത് തരംഗമായത്.

ഒരു മോശം വിവാഹജീവിതത്തിൽ പെട്ടുപോയ യുവതി അനുഭവിക്കുന്ന കൊടിയ പീഡനങ്ങളാണ് ടൈംലൈൻ വിഡിയോയിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഗാർഹിക പീഡനത്തെക്കുറിച്ച് ബോധവൽക്കരണം നടത്താനുതകുന്ന ശക്തമായ ദൃശ്യങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് യുവതി ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങളുടെ തുടക്കത്തിൽ വളരെ സന്തോഷവതിയായ യുവതിയെയാണ് കാണാൻ കഴിയുക. പൂക്കളും പൂച്ചെണ്ടുകളും ഒരു ചെറുപുഞ്ചിരിയോടെ ഏറ്റു വാങ്ങുകയാണവൾ. ചൂഷണം തുടങ്ങുന്നതിന് മുൻപുള്ള അവളുടെ ജീവിതമാണ് അവിടെ ആവിഷ്കരിച്ചിരിക്കുന്നത്.

പങ്കാളിയുമായി കമ്മിറ്റഡ് ആകുന്നതോടെ അവൾക്കെതിരെയുള്ള അതിക്രമങ്ങളും തുടരുന്നു. ദൃശ്യങ്ങൾ തുടരുമ്പോൾ അവളുടെ മുഖത്ത് ചതവുകളും മുറിവുകളും പ്രത്യക്ഷപ്പെടുന്നു. എങ്കിലും ആ ബന്ധത്തിൽത്തന്നെ തുടരാൻ അവൾ നിർബന്ധിതയാകുന്നു. തന്റെ മുഖത്തെ മുറിപ്പാടുകൾ മേക്കപ് കൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്ന അവളുടെ ദൃശ്യങ്ങളാണ് പിന്നീട് കാണാൻ കഴിയുന്നത്.

ഭീകരമായ രീതിയിൽ ആക്രമിക്കപ്പെട്ടിട്ടും ദയനീയമായ മുഖത്തോടെ കരയുന്ന അവളുടെ ഭാവം ആരുടെയും ഹൃദയം തകർക്കും. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പലരും ഗാർഹിക പീഡനത്തെ എതിർത്തുകൊണ്ട് മുന്നോട്ടു വരികയും അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. എത്ര കഷ്ടതയനുഭവിച്ചാലും മോശം വിവാഹബന്ധത്തിൽ നിന്ന് വിട്ടുപോരാൻ പെൺകുട്ടികളെ അനുവദിക്കാത്ത സമൂഹത്തെക്കുറിച്ചും പലരും വാചാലരായി.

''സ്ത്രീകളെ മർദ്ദിക്കുന്നതാണ് പുരുഷത്വമെന്ന് വിശ്വസിക്കുന്ന പുരുഷന്മാരെ മനസ്സിലാക്കാനേ സാധിക്കുന്നില്ല''.- ദൃശ്യങ്ങൾ കണ്ടശേഷം ഒരാൾ പ്രതികരിച്ചതിങ്ങനെ. ഇങ്ങനെയൊരു വിഡിയോ ചിത്രീകരിക്കാൻ ശ്രമം നടത്തിയ പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ടാണ് മറ്റൊരാൾ പ്രതികരിച്ചത്.