അപൂര്‍വം എന്നതിനേക്കാള്‍ സാധാരണം എന്നു വിശേഷിപ്പിക്കണം ‘മാന്‍സ്പ്ളെയ്നിങ്’  എന്ന സ്വഭാവത്തെ. ഏതെങ്കിലും ഒരു സംഭവത്തെക്കുറിച്ച് സ്ത്രീകളോട് പുരുഷന്‍  വിശദീകരിക്കുന്നതിനെയാണ് മാന്‍സ്പ്ളെയ്നിങ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. പലപ്പോഴും സാങ്കേതികമായി തന്നെക്കാള്‍ അറിവു കൂടിയ സ്ത്രീയോടുപോലും പുരുഷന്‍ വിശദീകരണം നടത്തും; താന്‍ ഒരു പുരുഷനാണെന്ന മേല്‍ക്കോയ്മയില്‍. എല്ലാ രംഗത്തും മാന്‍സ്പ്ളെയ്നിങ് ഉണ്ടെങ്കിലും സാങ്കേതികരംഗത്താണ് ഇതു കൂടുതല്‍. ഇന്ത്യയുടെ ചന്ദ്രയാന്‍ -2 ന്റെ പശ്ചാത്തലത്തില്‍ സാങ്കേതിക വിദഗ്ധ അനിത സെന്‍ഗുപ്തയ്ക്കും മാന്‍സ്പ്ളെയ്നിങ്ങിന് ഇരയാകേണ്ടിവന്നു. 

സൂപ്പര്‍സോണിക് പാരച്യൂട്ട് വികസിപ്പിച്ചതിന്റെ റെക്കോര്‍ഡ് സ്വന്തമായുള്ള അനിത സെന്‍ഗുപ്ത നാസയിലെ മുന്‍ ശാസ്ത്രജ്ഞയാണ്. ക്യൂരിയോസിറ്റിയെ ചൊവ്വയില്‍ എത്തിച്ച ശാസ്ത്രസംഘത്തിലും അനിതയുണ്ടായിരുന്നു. ചന്ദ്രയാന്‍ -2 നെ കുറിച്ച് സമൂഹമാധ്യമത്തില്‍  ഒരു പരാമര്‍ശം നടത്തിയപ്പോഴാണ് അനിതയ്ക്ക് പുരുഷന്‍മാരുടെ കപട സാങ്കേതിക ജ്ഞാനം സഹിക്കേണ്ടിവന്നത്. 

എയർസ്പേസ് എക്സ്പീരിയന്‍സ് ടെക്നോളജീസ് സഹസ്ഥാപകയായ അനിത ശനിയാഴ്ചയാണ് സമൂഹമാധ്യമത്തില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ച് പോസ്റ്റിട്ടത്. ‘വിക്രം ലാന്‍ഡറിന് എന്തു സംഭവിച്ചു എന്നു വ്യക്തമായി പറയാനാവില്ലെങ്കിലും ഒരു ഗ്രഹത്തില്‍ കാല്‍കുത്തുന്നത് അങ്ങേയറ്റം പ്രയാസകരമാണ്.  എങ്ങനെ കൂടുതല്‍ മികവോടെ കാര്യങ്ങള്‍ ചെയ്യാമെന്നാണ് ഓരോ ശാസ്ത്ര പരിശ്രമത്തില്‍ നിന്നും നാം മനസ്സിലാക്കുന്നത്. പരാജയങ്ങളെ എങ്ങനെ വിജയങ്ങളാക്കാമെന്നും.’ – അനിതയുടെ ഈ പോസ്റ്റാണ് വിവാദത്തിലായത്. 

ഭൂമിക്കു പുറമേയുള്ള ഗ്രഹങ്ങളില്‍ നടത്തുന്ന ഓരോ കാല്‍വയ്പും ചരിത്രമാണെന്നും അതിന്റെ പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനവും പരിശ്രമവുമുണ്ടെന്നുമാണ് അവർ അർഥമാക്കിയത്. എല്ലാ പരിശ്രമങ്ങളും വിജയങ്ങളാകണമെന്നിലല്ലെന്നും പരാജയങ്ങളില്‍നിന്നാണ് നേട്ടങ്ങളിലേക്കു പോകുന്നതെന്നും കൂടി അനിത ഉദ്ദേശിച്ചു. 

നാസയില്‍ 20 വര്‍ഷത്തോളം നീണ്ട ശാസ്ത്ര ഗവേഷണങ്ങളുടെ പങ്കാളിത്തത്തില്‍നിന്നാണ് അനിത ചന്ദ്രയാന്‍  2 ന് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ, ഈ വസ്തുത മനസ്സിലാക്കാതെ ഇന്ത്യക്കാരായ അനേകം പുരുഷന്‍മാര്‍ അനിതയുടെ പോസ്റ്റില്‍ തെറ്റു കണ്ടെത്തി. ചന്ദ്രന്‍ ഗ്രഹമല്ലെന്നായിരുന്നായിരുന്നു പുരുഷന്‍മാരുടെ ‘വിശേഷപ്പെട്ട’  കണ്ടെത്തല്‍. അതവര്‍ അനിതയ്ക്ക് ചൂണ്ടിക്കാണിച്ചുകൊടുക്കുകയും ചെയ്തു. നാസയില്‍ 20 വര്‍ഷം ജോലി ചെയ്ത ശാസ്ത്രജ്ഞ പറഞ്ഞതിന്റെ അർഥം പൂര്‍ണമായും മനസ്സിലാക്കാതെ, അവര്‍ക്കു തെറ്റു പറ്റിയെന്നു സ്ഥാപിക്കാനായിരുന്നു പലരുടെയും ശ്രമം.

ഗ്രഹവും ഉപഗ്രഹവും തമ്മിലുള്ള വ്യത്യാസം തനിക്കറിയാമെന്നും ഭൂമിയിലല്ലാതെ മറ്റെവിടെയുമുള്ള ലാന്‍ഡിങ് പ്രയാസകരമാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും വിശദീകരിച്ചുകൊണ്ടു രംഗത്തെത്തിയ അനിത, സാങ്കേതിക ജ്ഞാനം പ്രകടമാക്കാനുള്ള പുരുഷന്‍മാരുടെ പ്രവണതയെ കളിയാക്കുകയും ചെയ്തു.

2012 ഓഗസ്റ്റ് 5 ന് ക്യൂരിയോസിറ്റിയുടെ വിജയകരമായ ലാന്‍ഡിങ്ങായിരുന്നു അനിത തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തുന്നത്; ശാസ്ത്രചരിത്രത്തിലെതന്നെ സുവര്‍ണാധ്യായവും.