അവിശ്വസനീയം എന്നാണ് തന്റെ ജീവിതത്തിൽ അടുത്തിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ജെന്ന ഇവാൻസ് എന്ന യുവതി പറയുന്നത്. കലിഫോർണിയയിലെ സാൻഡിയാഗോ സ്വദേശിയായ ജെന്ന അടുത്തിടെ വിചിത്രമായൊരു സ്വപ്നം കണ്ടു. ഭർത്താവ് ബോബിക്കൊപ്പം അതിവേഗം പായുന്ന ട്രെയിനിൽ സഞ്ചരിക്കുകയാണ്. അക്രമണകാരികളായ കുറേ യുവാക്കൾ ചുറ്റുമുണ്ടായിരുന്നു. വജ്രമോതിരം അവരുടെ കൈയിലകപ്പെടാതിരിക്കാൻ അത് വിഴുങ്ങിക്കോളൂവെന്ന് ഭർത്താവ് പറയുന്നതായാണ് ജെന്ന സ്വപ്നം കണ്ടത്.

പക്ഷേ ആ 29കാരി ഉറക്കമുണർന്നത് വിവാഹമോതിരം തന്റെ വിരലുകളില്ല എന്ന തിരിച്ചറിവോടെയാണ്. സംഭവത്തെക്കുറിച്ച് യുവതി സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെ :- 

'' ബുധനാഴ്ച രാവിലെയാണ് കൈകളിൽ മോതിരമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞത്. അപ്പോൾത്തന്നെ ഭർത്താവിനെ വിളിച്ചുണർത്തി വിവാഹമോതിരം ഞാൻ വിഴുങ്ങിയെന്നു പറഞ്ഞു. ഉടൻ തന്നെ ഭർത്താവെന്നെ ആശുപത്രിയിൽ കൊണ്ടുപോയി. മുൻപ് ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. എന്റെ ഭൂതകാലവും ശീലങ്ങളും വിലയിരുത്തിയ ഡോക്ടർ വയറിന്റെ എക്സറേ എടുക്കാൻ നിർദേശിച്ചു. എന്റെ ഊഹം ശരിയായിരുന്നു. വയറിനുള്ളിൽ വിവാഹമോതിരം കിടക്കുന്നത് എക്സറേയിൽ വ്യക്തമായിരുന്നു. വയറിനുള്ളിൽ അത് കിടക്കുന്നതായി എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു. എനിക്ക് വല്ലാത്ത വിഷമം തോന്നി.''ജെന്നയെ എൻഡോസ്കോപ്പിന് വിധേയയാക്കിയാണ് വയറിനുള്ളിൽ നിന്ന് 2.4 കാരറ്റുള്ള വജ്രമോതിരം ഡോക്ടർമാർ പുറത്തെടുത്തത്. 

'' എല്ലാം നന്നായി കലാശിച്ചു. എന്റെ കുടൽമാലക്കുള്ളിൽ നിന്നാണ് അവർ അത് കണ്ടെടുത്തത്. വീണ്ടെടുത്ത ആ മോതിരം അവർ എന്റെ കൈയിൽത്തന്നില്ല. പക്ഷേ ഭർത്താവിനെ തിരികെയേൽപ്പിച്ചു. തന്റെ ജീവിതത്തിലുണ്ടായ അസാധാരണ അനുഭവം വിശദീകരിച്ചുകൊണ്ട് ജെന്ന ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിനോട് ലക്ഷക്കണക്കിനാളുകളാണ് പ്രതികരിച്ചത്. 60,000 അധികം പേരാണ് ജെന്നയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.