കുറച്ചു പണം അധികമായി കയ്യില്‍വന്നുവെന്നു കരുതുക. ആ തുക ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നു. തിരഞ്ഞെടുക്കുന്ന കമ്പനി ഏതായിരിക്കും ? അമേരിക്കയില്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് കൂടുതലായി സ്ത്രീകള്‍ ജോലി ചെയ്യുന്ന കമ്പനി നിക്ഷേപകര്‍ തിരഞ്ഞെടുക്കുമെന്നാണ്. 

സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റി, നോര്‍ത്ത വെസ്റ്റേണ്‍, യൂണിവേഴ്സിറ്റി, ഡാര്‍ഡ് മൗത്ത് കോളജ്, ഹോം കോംങ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നീ സ്ഥാപനങ്ങള്‍ നടത്തിയ പഠനത്തിലാണ് സ്ത്രീകള്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്ന പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 

സാങ്കേതിക, സാമ്പത്തിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയ സര്‍വേയിലാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്. പുരുഷന്‍മാര്‍ മാത്രം ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍നിന്നു വ്യത്യസ്തമായി, സ്ത്രീകള്‍ കൂടി ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ മികച്ച ആശയങ്ങള്‍ നടപ്പാക്കുമെന്നും ഭാവിയിലേക്ക് പുതിയ കാല്‍വയ്പുകള്‍ നടത്തുമെന്നുമാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. 

ഉന്നത ലക്ഷ്യങ്ങളും ആദര്‍ശങ്ങളും മുന്നോട്ടുവയ്ക്കുന്ന സ്ഥാപനങ്ങളെയാണ് നിക്ഷേപകര്‍ ഇഷ്ടപടുന്നത്. കുടുതല്‍ സ്ത്രീകളെ സ്ഥാപനത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സൃഷ്ടിക്കുന്ന ലിംഗ സമത്വം തീര്‍ച്ചയായും ഒരു ഉന്നതാദര്‍ശമാണ്. 

സ്ത്രീകള്‍ നയിക്കുന്ന കമ്പനികളെക്കുറിച്ച് പഠനം നടന്നിട്ടുണ്ടെങ്കിലും സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കൊപ്പം തുല്യതയോടെ ജോലി ചെയ്യുന്നവയെക്കുറിച്ച് ഒരു പഠനം ഇതാദ്യമാണ്. ഈ വര്‍ഷം ഗൂഗിള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് അവരുടെ 32 ശതമാനം ജോലിക്കാര്‍ വനിതകളാണ്. ഫെയ്സ്ബുക്കില്‍ ഇത് 36.9 ശതമാനമാമാണ്. സ്ത്രീകള്‍ നേതൃത്വം കൊടുക്കുന്ന കമ്പനികളെയും നിക്ഷേപകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നതെന്നും പഠനം പറയുന്നു.