ഒഡിഷയിലെ കിയോന്‍ജര്‍ മേഖലയിലെ ജില്ലാ ഭരണാധികാരികള്‍ രാജ്യത്തിനു മുഴുവന്‍ മാതൃകയാകുകയാണ്. പ്ലാസ്റ്റിക് പാത്രങ്ങളും ബോട്ടിലുകളും പൂര്‍ണമായി ഒഴിവാക്കി പകരം പ്രദേശത്തു സുലഭമായ സാല്‍ ഇലകള്‍ ഉപയോഗിച്ചുകൊണ്ടാണ് പുതിയ പരീക്ഷണം നടത്തുന്നത്. സാല്‍ ഇലകള്‍ പാത്രങ്ങളായി ഉപയോഗിക്കുന്ന ജോലി ഗോത്രവര്‍ഗ സ്ത്രീകളെ ഏല്‍പിച്ചതോടെ സ്ത്രീ ശാക്തീകരണത്തിനും പുതിയ ദൗത്യം നിമിത്തമായിരിക്കുകയാണ്. 

ജില്ലാ തലത്തില്‍ തന്നെ തീരുമാനമെടുത്താലേ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാനാകൂ എന്ന ബോധ്യത്തോടെ ജില്ലാ മജിസ്ട്രേറ്റ് ആഷിഷ് താക്കറെയാണ് സാല്‍ ഇല കൊണ്ടുള്ള പാത്രങ്ങളും ബോട്ടിലുകളും വ്യാപകമാക്കാന്‍ തീരുമാനിച്ചത്. കിയോന്‍ജര്‍ മേഖലയില്‍ സാല്‍ ഇലകള്‍ ധാരാളം കിട്ടാനുണ്ട്. സാല്‍ വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്ന കാടുകള്‍ തന്നെയുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പുതിയ തീരുമാനത്തിലേക്ക് ജില്ലാ ഭരണാധികാരികള്‍ എത്തിയത്. 

ഒരു ദശകം മുമ്പുവരെ ഒഡിഷയിലെ ഗ്രാമങ്ങളിലെ വിവാഹങ്ങളിലും മറ്റു വിശേഷാവസരങ്ങളിലും സാല്‍ ഇലകളിലായിരുന്നു ഭക്ഷണം വിളമ്പിയിരുന്നത്. കളിമണ്‍ ഗ്ലാസുകളില്‍ വെള്ളവും. സാല്‍ ഇലകളുടെ മണം പോലും വിശപ്പു വര്‍ധിപ്പിക്കുമായിരുന്നു. പ്ലാസ്റ്റിക് വ്യാപകമായതോടെ സാല്‍ ഇലകള്‍ ക്രമേണ അപ്രത്യക്ഷമായി. ഇതിനു മാറ്റം കുറിക്കാനുള്ള തീവ്രയജ്ഞ പരിപാടിയാണ് ജില്ലാ അധികാരികള്‍ ഇപ്പോള്‍ നടത്തുന്നത്. 

പ്ലാസ്റ്റിക്കോ അതുപോലെ പ്രകൃതിക്കു ദോഷം വരുത്തുന്ന വസ്തുക്കളോ വിരുന്നുകളിൽ ഉപയോഗിക്കരുതെന്ന കര്‍ശ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നേരത്തെ സാല്‍ ഇലകള്‍ പാത്രങ്ങളാക്കി വിറ്റ് ഉപജീവനം നേടിയിരുന്ന വലിയൊരു വിഭാഗം ആളുകള്‍ ഒഡിഷയിലുണ്ടായിരുന്നു. പ്ലാസ്റ്റിക്കിന്റെ കടന്നുവരവോടെ ഇത്തരക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഈ സ്ഥിതി കൂടി മാറ്റുക എന്ന ലക്ഷ്യം വച്ചാണ് ജില്ലാ ഭരണാധികാരികള്‍ സാല്‍ ഇലകള്‍ ജനകീയമാക്കാനുള്ള യത്നം ഏറ്റെടുത്തിരിക്കുന്നത്. 

പ്ലാസ്റ്റിക് ബോട്ടിലുകളില്‍ വെള്ളം കൊണ്ടുവരുന്നതിനും കിയോന്‍ജറില്‍ നിരോധനമുണ്ട്. വീടുകളില്‍നിന്ന് പ്രകൃതിദത്തമായ ബോട്ടിലുകളില്‍ വെള്ളം കൊണ്ടുവരാനാണ് വിവിധ ഓഫിസുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. നിലവില്‍ 500- ല്‍ അധികം ഗോത്രവര്‍ഗ സ്ത്രീകള്‍ സാല്‍ ഇലകള്‍ പാത്രങ്ങളാക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നുണ്ട്. സ്ത്രീകള്‍ ജോലി ചെയ്യുന്ന നിര്‍മാണ യൂണിറ്റുകളില്‍ അവരുടെ കുട്ടികളെ പരിപാലിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.