ഉച്ചയ്ക്ക് 2.30 എന്ന സമയമാണ് തന്റെ പേടി സ്വപ്നമെന്നാണ് ആ പെൺകുട്ടി പറഞ്ഞത്. മുൻ ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദയുടെ സ്വകാര്യമുറിയിലേക്ക് അവളെ കൂട്ടിക്കൊണ്ടു പോകാൻ ചിന്മയാനന്ദയുടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തുന്നത് അപ്പോഴായിരുന്നെന്ന് അവൾ പറയുന്നു. ചിന്മയാനന്ദക്കെതിരെ പരാതി നൽകിയ നിയമ വിദ്യാർഥിനിയാണ് ദ് പ്രിന്റിനു നൽകിയ അഭിമുഖത്തിൽ ചിന്മയാനന്ദയ്ക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്. 

അതേസമയം, പണം ചോദിച്ചു ഭീഷണിപ്പെടുത്തിയെന്ന ചിന്മയാനന്ദിന്റെ പരാതിയിൽ പൊലീസ് പെൺകുട്ടിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 14 ദിവസം റിമാൻഡ് ചെയ്ത് യുപിയിലെ ഷാജഹാൻപുർ ജയിലിലടച്ചു. പെൺകുട്ടിയും കൂട്ടാളികളും 5 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ ഡിജിറ്റൽ, ഫൊറൻസിക് തെളിവുകൾ ലഭിച്ച ശേഷമാണ് അറസ്റ്റെന്ന് പ്രത്യേകാന്വേഷണ സംഘത്തലവൻ നവീൻ അറോറ പറഞ്ഞു. പെൻഡ്രൈവ് ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ സുഹൃത്തുക്കളായ 3 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഇത് കേസ് തിരിച്ചുവിടാനാണെന്നു കുടുംബാംഗങ്ങൾ പ്രതികരിച്ചു. പീഡനക്കുറ്റത്തിനു കേസെടുക്കാതെ അധികാരമുപയോഗിച്ചു ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന കേസാണ് യുപി പൊലീസ് ചിന്മയാനന്ദിനെതിരെ എടുത്തിരിക്കുന്നതെന്നും അവർ ആരോപിച്ചു.

ചിന്മയാനന്ദയുടെ പീഡനനങ്ങളെപ്പറ്റി പെൺകുട്ടി ഉന്നയിച്ച ആരോപണങ്ങൾ:

പീഡനങ്ങൾ രണ്ടു സമയത്തായിരുന്നെന്ന് പെൺകുട്ടി പറയുന്നു. ‘ആദ്യ ഘട്ടം പുലർച്ചെ ആറിനാണ്. ചിന്മയാനന്ദയെ മസാജ് ചെയ്യാനാണ് വിളിപ്പിക്കുന്നത്. ഉച്ച കഴിഞ്ഞ് 2.30 നുള്ള സമയം നിർബന്ധിതമായി ലൈംഗികബന്ധത്തിലേർപ്പെടുകയും അതിക്രൂരമായി മർദ്ദിക്കുകയും ചെയ്യും. രണ്ടാമത്തെ ഘട്ടത്തിൽ നിന്ന് എങ്ങനെയും ഒഴിവാകണമെന്ന ചിന്തയിൽ ആർത്തവമാണെന്നോ മൂത്രത്തിൽ അണുബാധയാണെന്നോ പറയുമായിരുന്നു. പക്ഷേ പലപ്പോഴും അതൊന്നും ഫലപ്രദമാവാറില്ലായിരുന്നു’– അവൾ പറയുന്നു. 

‘അയാൾ ആശ്രമത്തിലുള്ളപ്പോഴെല്ലാം എനിക്ക് ഭ്രാന്തു പിടിക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. അക്രമങ്ങൾ താങ്ങാനാവുന്നതിലപ്പുറമായിരുന്നു. അയാളുടെ ഗൺമാൻമാർ എന്നെക്കൂട്ടിക്കൊണ്ടു പോകാൻ ഹോസ്റ്റലിലെത്തും ചിന്മയാനന്ദയുടെ മുറിവരെ എനിക്ക് എസ്കോർട്ട് വരും. പിന്നെയാണ് ക്രൂരതകൾ തുടങ്ങുന്നത്.

എന്നെ മകൾ എന്നു വിളിച്ചിരുന്നയാളാണ് എന്നോടിത് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് ചിന്മയാനന്ദ ആദ്യമായി മുറിയിലേക്ക് എന്നെ വിളിപ്പിച്ചത്. സുരക്ഷാജീവനക്കാർ എന്നെ അയാളുടെ മുറിയിലാക്കി മടങ്ങി. അടുത്തിരിക്കാനും തനിക്ക് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ പറയാനുണ്ടെന്നും പറ‍ഞ്ഞുകൊണ്ട് ചിന്മയാനന്ദ എന്നെ അരികിലിരുത്തി. മകളേ എന്നു വിളിച്ചിരുന്ന അയാളെ ഞാനൊരിക്കലും ഭയന്നിരുന്നില്ല. വളരെ നന്നായാണ് അയാൾ എന്നോടു പെരുമാറിയിരുന്നതും. പഠനകാര്യങ്ങളെക്കുറിച്ചൊക്കെ അന്വേഷിക്കുകയും എന്നെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അങ്ങനെയൊരാൾ എന്നോടൊരിക്കലും ഇങ്ങനെ പെരുമാറുമെന്ന് ഞാൻ കരുതിയിരുന്നില്ല. അയാൾ കാണിച്ച വിഡിയോ കണ്ട് ഞാൻ നടുങ്ങി. ഞാൻ കുളിക്കുന്ന വിഡിയോയായിരുന്നു അത്. എന്റെ നഗ്നശരീരം അയാളുടെ ഫോണിൽ കണ്ടപ്പോൾ ഞാൻ നടുങ്ങിപ്പോയി. അയാൾ ചിരിക്കുന്നുണ്ടായിരുന്നു. അതുകണ്ടപ്പോൾ ഞാൻ കരഞ്ഞു. എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോൾ ഹോസ്റ്റലിൽ തുടരാനും അയാൾ ആവശ്യപ്പെടുന്നതെല്ലാം ചെയ്യാനും പറഞ്ഞു. അതനുസരിക്കാത്ത പക്ഷം ദൃശ്യങ്ങൾ പുറത്തു വിടുമെന്നും കുടുംബത്തിലുള്ളവരെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.

ഞാൻ മരവിച്ചുപോയെങ്കിലും അയാളെ എതിർത്തു. അയാളെന്നെ തല്ലുകയും പിടിച്ചു തള്ളുകയും തറയിലൂടെ വലിച്ചിഴക്കുകയും ചെയ്തു. നോ പറഞ്ഞാൽ ദുഃഖിക്കേണ്ടി വരുമെന്നും പറഞ്ഞു. എനിക്ക് മറ്റുവഴികളുണ്ടായിരുന്നില്ല.’

ബിരുദപഠനകാലത്ത് ചിന്മയാനന്ദയുടെ സ്ഥാപനത്തിലാണ് പഠിച്ചെങ്കിലും പെൺകുട്ടി അയാളെ നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല. ബിരുദാനന്തര ബിരുദത്തിന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ കണ്ടപ്പോഴാണ് ചിന്മയാനന്ദയെ നേരിട്ട്ു കണ്ട് അഡ്മിഷന്റെ കാര്യം സംസാരിക്കാൻ പ്രിൻസിപ്പൽ നിർദേശിച്ചത്.

‘പ്രിൻസിപ്പലിന്റെ നിർദേശമനുസരിച്ച് അയാളെ കാണാൻ പോയപ്പോൾ. വളരെ നല്ല പെരുമാറ്റമായിരുന്നു. പഠനത്തിൽ ശ്രദ്ധിക്കണമെന്ന് എന്നോടു പറഞ്ഞു. എനിക്ക് സ്കോളർഷിപ് നൽകാമെന്നും പഠനത്തിൽ ഗൈഡ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. നന്നായി പഠിച്ചാൽ ജോലി നൽകാമെന്നും ഉറപ്പു നൽകി. എന്നെ മകളെന്നു വിളിച്ച ആ മനുഷ്യൻ എന്റെ നഗ്നവിഡിയോ ഷൂട്ട് ചെയ്യുമെന്നോ ബ്ലാക്ക്മെയിൽ ചെയ്യുമെന്നോ അന്നൊന്നും ഞാൻ കരുതിയില്ല’.

‘ആദ്യത്തെ ലൈംഗികാതിക്രമത്തിനു ശേഷം ഡോക്ടറെ കാണേണ്ടി വന്നു. എന്നെ ചികിൽസിക്കാനായി ഒരു സ്വകാര്യ ഡോക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു. മറ്റു ഡോക്ടർമാരെ ഒരു കാരണവശാലും കാണരുതെന്ന് കർശന നിർദേശവുമുണ്ടായിരുന്നു’. ഇക്കാര്യങ്ങളെല്ലാം പൊലീസിനോട് പറഞ്ഞിരുന്നെന്നും പൊലീസ് ചിന്മയാനന്ദയെ അറസ്റ്റ് ചെയ്യാൻ കൂട്ടാക്കിയില്ലെന്നും പെൺകുട്ടി പറയുന്നു.

കോളേജിലെ മറ്റുപെൺകുട്ടിൾക്ക് ദുരനുഭവമുണ്ടായിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും അവിടെ ആരും മറ്റൊരാളോട് സംസാരിക്കാൻ അനുവദിക്കാറില്ലെന്നും സ്വന്തം കാര്യങ്ങൾ മാത്രമേ സംസാരിക്കാൻ അവകാശമുണ്ടായിരുന്നുള്ളൂവെന്നും അവൾ പറയുന്നു.

വിഡിയോ തെളിവായതിങ്ങനെ

ഒരിക്കൽ മസാജ് ചെയ്യുമ്പോൾ ഇതുപോലെ മറ്റുള്ളവർക്കും ചെയ്തുകൊടുക്കണമെന്ന് ചിന്മയാനന്ദ ആവശ്യപ്പെട്ടതായും അതുകേട്ടു ഭയന്നുവെന്നും തുടർന്നാണ് ചിന്മയാനന്ദക്കെതിരെ തെളിവ് ശേഖരിക്കാൻ ആരംഭിച്ചതെന്നും യുവതി പറയുന്നു.

‘അയാൾക്ക് എന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാമെങ്കിൽ എന്തുകൊണ്ട് എനിക്കതായിക്കൂടാ എന്നു ഞാൻ ചിന്തിച്ചു. അയാൾക്കെതിരെ പരാതി പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് വിഡിയോ ചിത്രീകരിച്ചത്. സ്പൈ ക്യാമറകളെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞു. ഞാൻ തിരഞ്ഞെടുത്തത് മുഖത്തണിയുന്ന കണ്ണാടിയാണ്. അയാൾ വിളിപ്പിച്ചപ്പോൾ അതണിഞ്ഞ് മുറിയിൽ പോയി. അയാളുടെ റൂമിലെത്തുന്നതും അയാൾ എന്നെ അഭിസംബോധന ചെയ്യുന്നതും എന്നോട് ചെയ്യാനാവശ്യപ്പെടുന്ന കാര്യങ്ങളുമെല്ലാം ഞാനതിൽ പകർത്തി’.

ദൃശ്യങ്ങൾ പെൺകുട്ടി ഉദ്യോഗസ്ഥർക്ക് നൽകി. പൊലീസ് അത് ഫോറൻസിക് പരിശോധനയ്ക്കയയ്ക്കുകയും വ്യാജമല്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. ദൃശ്യങ്ങളിലുള്ളത് താനാണെന്ന് ചിന്മയാനന്ദ സമ്മതിച്ചു. പക്ഷേ ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ മാനഭംഗം ചെയ്തോ, ഇല്ലയോ എന്നുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.

‘കേസിൽ നിന്ന് ശ്രദ്ധതിരിക്കാനായി അന്വേഷണ ഉദ്യോഗസ്ഥർ എന്തൊക്കെയോ ചെയ്യുകയാണ്. എന്റെ സ്വഭാവത്തെയും വിശ്വസ്തതയെയും ചോദ്യം ചെയ്യുകയാണ്. സ്വാമിക്കെതിരെ ഇത്രയധികം തെളിവുകൾ നൽകിയിട്ടും അവർ എന്റെ പിന്നാലെയാണ്’.- പെൺകുട്ടി പറയുന്നു.

പണം തട്ടാനെന്ന് ചിന്മയാനന്ദ

അതേസമയം, സംഭവത്തെക്കുറിച്ച് ചിന്മയാനന്ദയുടെ അഭിഭാഷകൻ പറയുന്നതിങ്ങനെ : ‘അപരിചിതമായ നമ്പറിൽനിന്ന് ചിന്മയാനന്ദയുടെ ഫോണിലേക്ക് ഓഗസ്റ്റ് 22നാണ് വാട്സാപ് സന്ദേശമെത്തുന്നത്. ഒപ്പം, ചിന്മയാനന്ദ നഗ്നനായി അത്രശരിയല്ലാത്ത സാഹചര്യത്തിൽ നിൽക്കുന്ന ദൃശ്യങ്ങളുമുണ്ടായിരുന്നു. അഞ്ചുകോടി രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയോടെയാണ് സന്ദേശമെത്തിയത്. സ്മാർട്ടാകാൻ ശ്രമിച്ചാൽ നഷ്ടം ചിന്മയാനന്ദയ്ക്കു മാത്രമായിരിക്കുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു’. 

ഈ പരാതിയുടെ പേരിലാണ് പെൺകുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.