രോഗങ്ങളും വൈകാരിക ജീവിതവും തമ്മിലുള്ള ബന്ധം നേരത്തെതന്നെ തെളിയിക്കപ്പെട്ടതാണെങ്കിലും ഹൃദയം തുറക്കാന്‍ അവസരമുള്ളവര്‍ക്ക് ഹൃദ്‍രോഗങ്ങള്‍ കുറയുമെന്ന് തെളിയിക്കുന്ന ഒരു പഠനം കൂടി പുറത്തുവന്നിരി ക്കുന്നു. തങ്ങളുടെ പങ്കാളികളോട് എന്തും ഏതും എപ്പോഴും തുറന്നുപറയുന്ന സ്ത്രീകള്‍ക്ക് പൊതുവെ രോഗങ്ങള്‍ കുറവായിരിക്കുമത്രേ. പ്രത്യേകിച്ചും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍. പങ്കാളികളോട് സുതാര്യമായ ബന്ധം ഇല്ലാതിരിക്കുകയും വൈകാരിക സമ്മര്‍ദ്ദം അനുഭവിക്കുകയും ചെയ്യുന്നവരിലാകട്ടെ രോഗസാധ്യത കൂടുതലും. 

വടക്കേ അമേരിക്കയിലെയും പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റിയിലെയും ഏതാനും ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നില്‍. മുന്നൂറിലധികം സ്ത്രീകളില്‍ പഠനം നടത്തിയശേഷമാണ് ഗവേഷകര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആര്‍ത്തവ വിരാമത്തിനു മുമ്പും ശേഷവുമുള്ള സ്ത്രീകള്‍ സര്‍വേയില്‍ പങ്കെടുത്തിട്ടുണ്ട്. വഴക്ക് ഒഴിവാക്കാന്‍ വസ്തുതകള്‍ മറച്ചുവയ്ക്കുമ്പോഴോ, ബന്ധം രക്ഷപ്പെടുത്താന്‍ പലതും ഒളിച്ചുവയ്ക്കുമ്പോഴോ ശരീരത്തില്‍ എന്തു മാറ്റമാണ് സംഭവിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. 

ദാമ്പത്യജീവിതത്തില്‍ കൂടുതല്‍ സ്ത്രീകളും അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ച്, പങ്കാളികളുടെ ഇഷ്ടങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുന്ന പ്രവണതയുണ്ട്. തങ്ങളുടെ ആഗ്രഹങ്ങളും ഇഷ്ടരീതികളും പലരും വെളിപ്പെടുത്തുകയുമില്ല. ചെറിയ കാര്യങ്ങള്‍ മുതല്‍ ശാരീരിക ബന്ധത്തിലെ ഇഷ്ടാനിഷ്ടങ്ങളില്‍ വരെ സ്ത്രീകള്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ ബലികൊടുത്തുകൊണ്ട് വഴങ്ങുകയാണ് ചെയ്യുന്നത്. 

പഠനത്തിന്റെ ഭാഗമായി സ്ത്രീകളുടെ രക്തപരിശോധനയും ഹൃദയത്തിന്റെ ആരോഗ്യവുമെല്ലാം പഠിക്കുകയുണ്ടായി. ഹൃദ്‍രോഗങ്ങളുടെ തുടക്കമായി ശരീരത്തിലുണ്ടാകുന്ന ലക്ഷണങ്ങളും പലരിലും കണ്ടു. തങ്ങളുടെ ആഗ്രഹങ്ങള്‍ തുറന്നുപറഞ്ഞിട്ടേയിട്ടെയില്ലെന്ന് അഭിപ്രായപ്പെട്ട സ്ത്രീകളുടെ രക്തധമനികളില്‍ കൂടുതല്‍ തടസ്സങ്ങളുള്ളതായാണ് പഠനം കണ്ടെത്തിയത്. ആഗ്രഹങ്ങള്‍ക്കായി മനസ്സു തുറക്കാതിരിക്കുന്നതിനൊപ്പം തുറന്ന സമീപനവും പെരുമാറ്റവും ഇല്ലാത്തതും ബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നതിനൊപ്പം രോഗങ്ങളും സൃഷ്ടിക്കുന്നു. ബന്ധങ്ങള്‍ ആരോഗ്യത്തെ നേരിട്ടു ബാധിക്കുന്നു എന്നുതന്നെയാണ് പഠനം പറയുന്നത്. തുറന്നുപറയാന്‍ അവസരമില്ലാത്ത സ്ത്രീകള്‍ക്ക് കടുത്ത നിരാശ, ദേഷ്യം തുടങ്ങിയ പ്രശ്നങ്ങളുള്ളതായും കണ്ടെത്തി. 

മാനസിക സംഘര്‍ഷമാണ് സ്ത്രീകളുടെ ജീവിതം ദുരിതമയമാക്കുന്ന പ്രധാന ഘടകം. ഇതിനുള്ള കാരണം പലപ്പോഴും ആരോഗ്യകരമായ ബന്ധത്തിന്റെ അഭാവവും. ഒളിച്ചും മറച്ചും വികാരങ്ങള്‍ പ്രകടിപ്പിക്കാനാവാത്ത അവസ്ഥ. 

രോഗങ്ങളുടെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍പോലും അതവഗണിക്കുന്ന സ്ത്രീകളുമുണ്ട്. പങ്കാളികള്‍ക്കുവേണ്ടിയോ കുടുംബത്തിനുവേണ്ടിയോ ആയിരിക്കും ഈ ത്യാഗം. ഇതും അവരുടെ രോഗാവസ്ഥയ്ക്ക് ആക്കം കൂട്ടുന്ന ഘടകമാണ്. അടുത്തകാലത്തായി ഹൃദ്‍രോഗങ്ങള്‍ മൂലം മരണമടയുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരേക്കാള്‍ കുടുതലുമാണ്. ഒരു ഹോട്ടലില്‍ വച്ച് ഇഷ്ടപ്പെട്ട കാപ്പി ആവശ്യപ്പെടുന്നതുമുതല്‍ എല്ലാകാര്യങ്ങളിലും സ്ത്രീകള്‍ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 

‘ ഞാന്‍ കുറച്ചുകൂടി പഞ്ചസാര എടുക്കുകയാണ്’ എന്നു പറയാന്‍ സ്ത്രീ മടിക്കേണ്ടതില്ല. നഗരത്തില്‍ നടക്കുന്ന ഒരു കലാപ്രദര്‍ശനത്തിനു പോകുന്നകാര്യം തുറന്നുപറയുന്നതിലും മടി വേണ്ട. ഇതൊക്കെ ചെറിയ കാര്യങ്ങളാണ്. പക്ഷേ, ഇവയ്ക്കുപോലും പ്രാധാന്യമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. തങ്ങളുടെ ഇഷ്ടങ്ങള്‍ തുറന്നുപറയാന്‍ അവസരം കിട്ടുന്നതോടെ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുന്നു. അവരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുന്നതിനൊപ്പം ആരോഗ്യം സുരക്ഷിതമാക്കുകയും രോഗങ്ങളില്ലാത്ത ദീര്‍ഘായുസ്സ് പ്രദാനം ചെയ്യുകയും ചെയ്യുന്നു.