ഒരു പുസ്തകത്തിലൂടെ വ്യത്യസ്തമായ പരീക്ഷണം നടത്തി ഒരുകൂട്ടം സ്ത്രീകള്‍. രണ്ടു വര്‍ഷം മുൻപാണ് പുസ്തകം പുറത്തുവന്നത്. അനുഭവകഥകളായിരുന്നു ആ പുസ്തകം നിറയെ. വിവിധ കാലങ്ങളില്‍ മാരക രോഗത്തെ നേരിട്ടവരുടെ അനുഭവ കഥകള്‍. സ്തനാര്‍ബുദത്തിന്റെ ഇരകളാണ് തങ്ങളുടെ അനുഭവങ്ങള്‍ ലോകത്തോടു പറഞ്ഞ് ശക്തി പകര്‍ന്നത്. ഒരു പുസ്തകമെന്നതിനേക്കാള്‍ സ്തനാര്‍ബുദ ബാധിതരെ സഹായിക്കാനുള്ള മാനുഷിക യജ്ഞമായി പുസ്തകപ്രസിദ്ധീകരണം മാറിയതോടെ ഇതുവരെ അവര്‍ ശേഖരിച്ചത് 10,000 പൗണ്ട്. സ്തനാര്‍ബുദ മുക്തിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക ചെലവഴിക്കുന്നത്. രോഗത്തിന്റെ ബോധവത്കരണം വ്യാപകമായി നടക്കുന്ന ഈ മാസത്തില്‍ ഇംഗ്ലണ്ടിലെ മൂന്നു കേന്ദ്രങ്ങളില്‍ പുസ്തകം സൗജന്യമായി വിതരണം ചെയ്യുകയാണ് ഇപ്പോള്‍ സംഘാടകര്‍. 

കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്റെ ഒരു സമൂഹമാധ്യമക്കൂട്ടായ്മ യിലൂടെയാണ് സ്ത്രീകള്‍ പരിചയപ്പെട്ടത്. ക്രമേണ അവര്‍ തമ്മില്‍ ആത്മബന്ധം രൂപപ്പെട്ടു. ഒരേ രോഗത്തിന്റെ ഇരകളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും വേദനകളും അവര്‍ ചര്‍ച്ച ചെയ്തു. അവരെല്ലാം ഒന്നുകില്‍ രോഗം അതിജീവിച്ചവരോ, രോഗത്തിന്റെ കാഠിന്യങ്ങളിലൂടെ കടന്നുപോകുന്നവരോ ആയിരുന്നു. നോക്കര്‍ ജോട്ടറുടെ സ്കാര്‍ലറ്റ്സ് എന്ന പേരിലായിരുന്നു പുസ്തക പ്രസിദ്ധീകരണം. വില്‍പനയിലൂടെ മാത്രം സംഘാടകര്‍ സമാഹരിച്ചതാകട്ടെ 10,000 പൗണ്ടും. രോഗബാധിതരെ സഹായിക്കാനും അവരുടെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കാനുംവേണ്ടിയാണ് ഈ തുക ചെലവഴിക്കുന്നത്. 

പുസ്തകത്തിലൂടെ പുറത്തുവന്ന സ്ത്രീകളിലൊരാളാണ് കാരന്‍ ഹൈന്‍. പുസ്തകപ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ കാരന്‍ പറയുന്നു: നോക്കര്‍ ജോട്ടര്‍ കൂട്ടായ്മയെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ ഞാന്‍ അതിന്റെ ഭാഗമാകാന്‍ തീരുമാനിച്ചു. ഫോട്ടോ ഷൂട്ട് നടന്ന ദിവസം ഞാന്‍ ഇപ്പോഴും ഓര്‍മിക്കുന്നു. കണ്ണീരും പൊട്ടിച്ചിരിയും നിറഞ്ഞ ദിവസമായിരുന്നു അത്. അന്നാണ് ഞങ്ങള്‍ നേരിട്ട് അനുഭവങ്ങള്‍ പങ്കുവച്ചത്. ഓരോരുത്തരുടെയും ചിത്രമെടുത്തപ്പോള്‍ മറ്റുള്ളവര്‍ പ്രോത്സാഹിപ്പിച്ചു. ഊഷ്മളമായി അഭിനന്ദിച്ചു. കൂട്ടായ്മയുടെ ഭാഗമായത് എന്റെ ജീവിതത്തില്‍ വഴിത്തിരിവു തന്നെയായിരുന്നു. അന്നാണ് രോഗത്തെത്തുടര്‍ന്നു തകര്‍ന്നുപോയ ഞാന്‍ വീണ്ടും ജീവിക്കാന്‍ തുടങ്ങിയത്. യഥാര്‍ഥത്തില്‍ എന്റെ പുനര്‍ജന്‍മം. 

സ്കാര്‍ലറ്റ്സ് പുസ്കത്തെക്കുറിച്ച് കാന്‍സര്‍ കെയര്‍ ചീഫ് എക്സിക്യുട്ടീവ് മരിയ ചേംബേഴ്സിനും അഭിമാനം മാത്രം. ഇംഗ്ലണ്ടിലെ മൂന്നു കേന്ദ്രങ്ങളില്‍ പുസ്തകം സൗജന്യമായി വിതരണം ചെയ്തുകൊണ്ട് ഒരു പുതിയ തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍ കൂട്ടായ്മ.