ജീവിതത്തിലെ തീവ്രമായ ഒരു അഭിലാഷം നിറവേറ്റാൻ സ്വന്തം ജീവൻ  വിലയായി നൽകിയ പെൺകുട്ടീ, ഇതു നിന്റെ വിജയമാണ്. ഈ ലോകകപ്പ് യോഗ്യതാ മൽസരം ചരിത്രമാകുമ്പോൾ നിന്റെ പേരും ഓർമ്മിക്കപ്പെടും. 

പതിറ്റാണ്ടുകൾക്കു ശേഷം ആദ്യമായി ഇറാനിലെ വനിതകൾ തടസ്സങ്ങളേതുമില്ലാതെ ഇന്ന് ഫുട്ബോൾ മത്സരം കാണുമ്പോൾ ലോകം നിറമിഴിയോടെ ഓർക്കുന്നത് ഒരു നീല പെൺകുട്ടിയെയാകും.ഫുട്ബോൾ മത്സരം കാണാൻ ആൺവേഷം കെട്ടിയതിനു പിടിക്കപ്പെട്ട സഹർ ഖുദൈരി എന്ന യുവതിയെ.

ഫുട്ബോളിനെ പ്രാണനെപ്പോലെ സ്നേഹിച്ച അവൾ സ്റ്റേഡിയത്തിൽ കളികാണാനായി ഒരു അറ്റകൈ പ്രയോഗിച്ചു. ആരും തിരിച്ചറിയാതിരിക്കാൻ പുരുഷവേഷത്തിലാണ് അവൾ സ്റ്റേഡിയത്തിലെത്തിയത്. നിർഭാഗ്യവശാൽ അവൾ പിടിക്കപ്പെട്ടു. നീല ജഴ്സിയുള്ള എസ്തെഗ്‌ലൽ എന്ന ടീമിന്റെ ആരാധികയായിരുന്നു സഹർ. അതിനാൽ ‘നീല പെൺകുട്ടി’ എന്നാണറിയപ്പെട്ടിരുന്നത്. ടീമിന്റെ കണികാണാനായി നീലക്കുപ്പായമിട്ട് സ്റ്റേഡിയത്തിലെത്തിയ അവൾ അറസ്റ്റിലാവുകയും 3 ദിവസം ജയിലഴിക്കുള്ളിലാവുകയും ചെയ്തു. 

ഇറാനിൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് 6 മാസം തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് അറിഞ്ഞ് അവൾ കോടതിമുറിക്കു പുറത്ത് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിക്കുകയും പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്തു. സഹറിന്റെ ശിക്ഷയെക്കുറിച്ചുള്ള വിധി പുറത്തു വരുന്നതിനു മുൻപായിരുന്നു അവളുടെ ആത്മഹത്യ. ആറുമാസം തടവു ശിക്ഷ ലഭിക്കുമെന്ന് ആരോ പറഞ്ഞതിൻ പ്രകാരമാണ് അവൾ ജീവനൊടുക്കിയത്.

സഹറിന്റെ മരണം ഇറാനിലും പുറത്തും വലിയ ഒച്ചപ്പാടിന് വഴിവച്ചു. വോളിബോൾ അടക്കമുള്ള കളികൾ കാണാൻ അനുവാദമുണ്ടെങ്കിലും ഫുട്ബോൾ കളി കാണാൻ സ്ത്രീകൾക്ക് ഇറാനിൽ അനുവാദമില്ല. എന്നാൽ ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിൽ ഇറാനും കംബോഡിയയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാമത്സരം ചരിത്രത്തിൽ ഇടംപിടിക്കാൻ പോകുന്നത് സ്റ്റേഡിയത്തിൽ ഇറാനി വനിതകളുടെ സാന്നിധ്യം കൊണ്ടാകും. സ്ത്രീവിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെ അയോഗ്യരാക്കുമെന്ന ലോക ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) മുന്നറിയിപ്പിനെത്തുടർന്നാണ് 4 പതിറ്റാണ്ടോളം നീണ്ട നിരോധനത്തിന് ഇറാൻ അവസാനം കുറിച്ചത്. ഇറാൻ ദേശീയ ടീം കംബോഡിയയുമായി ഏറ്റുമുട്ടുമ്പോൾ വനിതകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

സഹറിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഇറാനിലെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ ബഹിഷ്കരിക്കാൻ പ്രമുഖ ഫുട്ബോൾ താരം അലി കരിമി ആവശ്യപ്പെട്ടിരുന്നു. ഇറാനിലെ ഒരു പ്രധാന ഫുട്ബോൾ സ്റ്റേഡിയത്തിന് സഹറിന്റെ പേരിടണമെന്ന് മുൻ ക്യാപ്റ്റൻ അൻഡ്രാനിക് ആൻഡോ തെയ്മൗറിയൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആരാധികയുടെ മരണത്തിൽ എസ്തെഗ്‌ലൽ ടീം അനുശോചനവും രേഖപ്പെടുത്തിയിരുന്നു.