ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഗോത്രവര്‍ഗ വിഭാഗങ്ങളില്‍നിന്നുള്ള 5000 പെണ്‍കുട്ടികളെ ഡിജിറ്റല്‍ രംഗവുമായി പരിചയപ്പെടുത്തി സാങ്കേതിക കഴിവുള്ളവരായി വളര്‍ത്തിയെടുക്കുന്ന പദ്ധതിയുമായി ഫെയ്സ്ബുക്ക്. ഗോള്‍ എന്ന പേരില്‍ പ്രഖ്യാപിച്ച സാമൂഹിക സേവന ദൗത്യത്തിന്റെ രണ്ടാം ഘട്ടമായാണ് ഫെയ്സ്ബുക്കിന്റെ പുതിയ പ്രഖ്യാപനം. 

ഗോയിങ് ഓണ്‍ലൈന്‍ അസ് ലീഡേഴ്സ് എന്നതിന്റെ ചുരുക്കരൂപമാണ് ഗോള്‍. ഗോത്രവര്‍ഗ ക്ഷേമ മന്ത്രി അര്‍ജുന മുണ്ഡെയാണ് പ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനം. ബിസിനസ്, ഫാഷന്‍, കലകള്‍ എന്നീ രംഗങ്ങളിലായി സാങ്കേതിക കഴിവുകളുള്ളവരാക്കി പെണ്‍കുട്ടികളെയും യുവതികളെയും മാറ്റിയെടുത്ത് അവികസിത സമൂഹങ്ങളുടെ ജീവിതരീതിയിൽ തന്നെ മാറ്റം വരുത്താനാണ് പദ്ധതിയുടെ ലക്ഷ്യം. സാങ്കേതിക വികസനത്തിലൂടെ സാമൂഹിക പുരോഗതിയും വ്യക്തികളിലൂടെ സമൂഹത്തിന്റെ ജീവിതം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. 

എല്ലാ ആഴ്ചയിലും ഒരു ദിവസം ഡിജിറ്റല്‍ രംഗത്തെക്കുറിച്ച് ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. ഫെയ്സ്ബുക്കിന്റെ വാട്സാപ്, മെസഞ്ചര്‍ ആപ്പുകള്‍ വഴി മൊത്തം 2 ലക്ഷം മണിക്കൂറുകള്‍ ക്ലാസ്സെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിജയകരമായി ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കുന്നവരെ ബിരുദധാരികളായി പരിഗണിക്കും.  ഇവര്‍ക്ക് തൊഴിലും, മെച്ചപ്പെട്ട ജീവിതസാഹചര്യം കണ്ടെത്താന്‍ കേന്ദ്ര ഗോത്രവര്‍ഗ ക്ഷേമ മന്ത്രാലയത്തിന്റെ പിന്തുണയുമുണ്ടാകും.

സംസ്ഥാന, ജില്ലാ ഭരണകൂടങ്ങളും പദ്ധതിയുമായി സഹകരിക്കും. ഇതിനോടകം 125-ല്‍ അധികം യുവതികള്‍ പദ്ധതിയില്‍ ചേര്‍ന്നുകഴിഞ്ഞു. ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളിലൂടെ ഈ യുവതികള്‍ പഠനവും തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ നിലവില്‍ 30 മുതല്‍ 35 ശതമാനം വരെ സ്ത്രീകളാണ് സാങ്കേതിക രംഗം  ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുന്നതെന്ന് ഫെയ്സ് ബുക് ഇന്ത്യ മേധാവി അജിത് മോഹന്‍ പറ‍ഞ്ഞു. 

English Summary : Facebook to digitally mentor 5,000 young women